ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും Source: ANI
WORLD

"മോദി മികച്ച പ്രധാനമന്ത്രി, സുഹൃത്ത്, പക്ഷേ..."; പുകഴ്ത്തിയും നിരാശ പങ്കുവച്ചും ട്രംപ്

സമീപകാലത്ത് മോദി എടുത്ത ചില നിലപാടുകളില്‍ തനിക്ക് അതൃപ്തി ഉള്ളതായി ട്രംപ് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയും യുഎസുമായുള്ളത് 'പ്രത്യേക ബന്ധ'മാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ 'ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല' എന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, സമീപകാലത്ത് മോദി എടുത്ത ചില നിലപാടുകളില്‍ തനിക്ക് അതൃപ്തി ഉള്ളതായും ട്രംപ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ?" എന്ന എഎൻഐയുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴായിരുന്നു യുഎസ് പ്രസിഡന്റിന്റെ പരാമർശം.

"ഞാൻ എപ്പോഴും തയ്യാറാണ്. ഞാനും മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങള്‍ എപ്പോഴും സുഹൃത്തുക്കളായിരിക്കും. പക്ഷേ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. എന്നാൽ ഇന്ത്യക്കും യുഎസിനും ഇടയില്‍ വളരെ പ്രത്യേകമായ ഒരു ബന്ധമുണ്ട്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഇത്തരം ചില നിമിഷങ്ങള്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ക്കിടയിലുണ്ടാകാറുണ്ട്," ട്രംപ് എഎന്‍ഐയോട് പറഞ്ഞു.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലുള്ള അതൃപ്തി അറിയിക്കാനും ട്രംപ് മറന്നില്ല. ഇന്ത്യക്ക് മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെക്കുറിച്ചും ട്രംപ് സംസാരിച്ചു.

"ഇന്ത്യ റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതിൽ ഞാൻ വളരെ നിരാശനാണ്. ഞാൻ അത് അവരെ അറിയിച്ചു. ഞങ്ങൾ ഇന്ത്യക്ക് വളരെ വലിയ തീരുവ ചുമത്തി - 50 ശതമാനം, വളരെ ഉയർന്ന താരിഫ്. നിങ്ങൾക്കറിയാവുന്നതുപോലെ മോദിയുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്. അദ്ദേഹം രണ്ട് മാസങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്നു. വാസ്തവത്തിൽ ഞങ്ങൾ റോസ് ഗാർഡനിൽ പോയി ഒരു വാർത്താസമ്മേളനവും നടത്തി," ട്രംപ് പറഞ്ഞു.

ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ ചൈനയ്‌ക്കൊപ്പം ഇന്ത്യയും റഷ്യയും ഒരുമിച്ച് നിന്നതില്‍ ഡൊണാൾഡ് ട്രംപ് തന്റെ നിരാശ പങ്കുവച്ചിരുന്നു. ചൈനയുടെ പടുകുഴിയിൽ വീണ് ഇന്ത്യയേയും റഷ്യയേയും നഷ്ടപ്പെട്ടെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

"ചൈന എന്ന ഇരുണ്ട ഗർത്തതിനുള്ളിൽ, നമുക്ക് ഇന്ത്യയെയും റഷ്യയെയും നഷ്ടപ്പെട്ടതായി തോന്നുന്നു. മൂന്ന് രാജ്യങ്ങൾക്കും ദീർഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

നേരത്തെ, വെള്ളിയാഴ്ച നടന്ന പ്രതിവാര വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് യുഎസുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞിരുന്നു. "യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിലുള്ള ഈ ബന്ധം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ആഗോള തലത്തില്‍ സമഗ്രമായ ഒരു തന്ത്രപരമായ പങ്കാളിത്തമുണ്ട്. അത് ഞങ്ങളുടെ പങ്കിട്ട താൽപ്പര്യങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ എന്നിവയിൽ നങ്കൂരമിട്ടിരിക്കുന്നു," രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പരസ്പര ബഹുമാനത്തിന്റെയും പങ്കിട്ട താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. വ്യാപാര വിഷയങ്ങളിൽ യുഎസുമായി ഇടപഴകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

SCROLL FOR NEXT