വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും കൂടിക്കാഴ്‌ച നടത്തി  Source: x/ The White House
WORLD

ഒരുമിച്ച് നിന്നപ്പോൾ വൻ വിജയം, ഭാവിയിലും ഇത് തുടരും; നെതന്യാഹുവുമായുള്ള കൂടിക്കാ‌ഴ്‌ചയ്ക്ക് പിന്നാലെ ട്രംപ്

ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ നിരവധി യുദ്ധസമാനമായ സാഹചര്യമാണ് തൻ്റെ ഇടപെടലിലൂടെ ഒഴിവായതെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു.

Author : ന്യൂസ് ഡെസ്ക്

ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൗസിൽ നിർണായക കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും. ഹമാസുമായുള്ള വെടിനിർത്തൽ കരാറും, ഇറാനുമായുള്ള സംഘർഷവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ
ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുന്ന ട്രംപിനെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നെതന്യാഹു നാമനിർദേശം ചെയ്തു.
വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു

ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ നിരവധി യുദ്ധസമാനമായ സാഹചര്യമാണ് തൻ്റെ ഇടപെടലിലൂടെ ഒഴിവായതെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. ഗാസയിൽ യുഎസ് മുന്നോട്ടു വെച്ച 60 ദിവസത്തെ വെടിനിർത്തൽ കരാറിൽ ചർച്ചകൾ പുരോഗമിക്കവേയാണ് വൈറ്റ് ഹൗസിൽ നിർണായക കൂടിക്കാഴ്ച നടന്നത്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നിൽ ട്രംപിനൊപ്പം നെതന്യാഹുവും പങ്കെടുത്തു.

ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുന്ന ട്രംപിനെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് നെതന്യാഹു നാമനിർദേശം ചെയ്തു. കൂടിക്കാഴ്ചക്കിടെ ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ട്രംപിൻ്റെ പരിശ്രമത്തെ നെതന്യാഹു അഭിനന്ദിച്ചു. ട്രംപിനെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് ശുപാർശ ചെയ്ത് നോബേൽ കമ്മിറ്റിക്ക് അയച്ച കത്ത് നെതന്യാഹു ട്രംപിന് കൈമാറി.

നെതന്യാഹുവിനെ സ്വീകരിക്കുന്ന ട്രംപ്

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഗാസയിൽ നല്ലത് സംഭവിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗാസയിലെ പലസ്തീനികളെ ഏറ്റെടുക്കാനായി രാജ്യങ്ങളെ കണ്ടെത്തുമെന്നും, പലസ്തീനികൾക്ക് സ്വതന്ത്രമായ ഭാവി ഉണ്ടാകുമെന്നും നെതന്യാഹുവും പറഞ്ഞു. ഗാസയെ തടവറയാക്കില്ല. തുടരേണ്ടവർക്ക് തുടരാം, ഒഴിയേണ്ടവർക്ക് ഗാസ വിട്ടുപോകാമെന്നും നെതന്യാഹു വ്യക്തമാക്കി.

പലസ്തീനികളുമായി ഇസ്രയേൽ ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ, സുരക്ഷയും ചില സുപ്രധാന അധികാരങ്ങളും ഇസ്രയേൽ നിലനിർത്തും. അല്ലെങ്കിൽ അത് ആത്മഹത്യാപരമാകുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ നശിപ്പിക്കാൻ ആഗ്രഹിക്കാത്ത പലസ്തീൻ അയൽക്കാരുമായി സമാധാനം പുനസ്ഥാപിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

ട്രംപും നെതന്യാഹുവും

ഇതിനിടെ ആണവകരാറിൽ ഇറാൻ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചതായി ട്രംപ് പറഞ്ഞു. ഇറാൻ ആണവ പദ്ധതി പുനരാരംഭിക്കുകയാണെങ്കിൽ തുടർന്നുള്ള ആക്രമണങ്ങളിൽ യുഎസിൻ്റെ പിന്തുണ പ്രതീക്ഷിക്കുന്നതായി ഇസ്രയേലും വ്യക്തമാക്കി. ആണവ ഭീഷണി നേരിടുന്നതിൽ അസാധാരണമായ ടീം വർക്കാണ് ഇസ്രയേലും യുഎസും തമ്മിലുണ്ടായതെന്ന് നെതന്യാഹു പറഞ്ഞു. ഒരുമിച്ച് നിന്നതിലൂടെ വൻ വിജയമാണ് നേടിയത്, ഭാവിയിലും ഈ കൂട്ടായ്മ വലിയ വിജയമായി മാറുമെന്ന് ട്രംപ് പ്രതികരിച്ചു.

നെതന്യാഹുവും ട്രംപും

ഖത്തറിൻ്റെ മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ യുഎസിൻ്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനായി വിറ്റ്കോഫ് ചൊവ്വാഴ്ച ദോഹയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വെടിനിർത്തലിൽ ഒരാഴ്ചക്കുള്ളിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്നാണ് യുഎസിൻ്റെ ആവശ്യം. ഗാസയിലെ യുദ്ധം അവസാനിപ്പിച്ചാൽ സിറിയയുമായുള്ള പ്രശ്ന പരിഹാരത്തിനും മധ്യസ്ഥത വഹിക്കാമെന്ന് യുഎസ് അറിയിച്ചു. ദമാസ്കസിലെ പുതിയ സർക്കാരുമായി സഹകരണത്തിന് തയ്യാറായതിൽ ട്രംപിനെ നെതന്യാഹു അഭിനന്ദിച്ചു.

SCROLL FOR NEXT