വാഷിംഗ്ടൺ: യുഎസ് കമ്പനികളെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ യുഎസ് ഭരണകൂടം നിർദേശിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയ്ക്ക് 40 ശതമാനം വരെയും തീരുവയാണ് നിർദേശിച്ചിരിക്കുന്നത്. ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും ആഗോള വ്യാപാരരംഗത്തെ അമിത വ്യാവസായിക ഉൽപ്പാദനശേഷി പരിഹരിക്കുന്നതിനുമാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം. യുഎസുമായുള്ള വ്യാപാര കരാറിന് ഇന്ത്യ സമ്മതിച്ചാൽ, ഇന്ത്യയുടെ മേലുള്ള തീരുവ 17 ശതമാനമാകുമെന്ന് യുഎസ് വ്യാപാര പ്രതിനിധി പറഞ്ഞു.
ഇന്ത്യക്ക് പുറമെ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലാണ് ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ തീരുവ അടിച്ചേൽപ്പിക്കൽ ബാധകമാകുക. യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും ആലോചനയുണ്ട്. മാസങ്ങൾ നീണ്ട പഠനത്തിനൊടുവിൽ യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ ഈ ആഴ്ച തന്നെ പുതിയ നികുതി നിരക്കുകൾ പ്രഖ്യാപിക്കും എന്നാണ് സൂചന. എന്നാൽ യു.എസ്.ടി.ആറോ വൈറ്റ്ഹൗസോ തീരുവ വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന മിക്കവാറും എല്ലാ ഉൽപ്പന്നങ്ങൾക്കും ഉയർന്ന നികുതി ബാധകമായേക്കും. ദേശീയ സുരക്ഷാ നിയമപ്രകാരം നിലവിൽ നികുതി ചുമത്തിയിട്ടുള്ള സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈൽ തുടങ്ങിയ വ്യാവസായിക ഉൽപ്പന്നങ്ങളെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്.
1974ലെ വ്യാപാര നിയമം സെക്ഷൻ 301 പ്രകാരം മാർച്ച് 11നാണ് ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ഇടങ്ങളിൽ 16 വ്യാവസായിക സബ്സിഡികളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചത്. ഈ രാജ്യങ്ങൾ നൽകുന്ന സർക്കാർ സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും അമിതമായ വ്യാവസായിക ഉൽപ്പാദനത്തിന് കാരണമാകുന്നു എന്നും, ഇത് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എത്തിച്ച് അമേരിക്കൻ ഉൽപ്പാദകർക്ക് തിരിച്ചടിയാകുന്നു എന്നുമാണ് ജാമിസൺ ഗ്രീറിൻ്റെ വാദം.
വിദേശ വിതരണ ശൃംഖലകളിലെ നിർബന്ധിത തൊഴിലിനെക്കുറിച്ച് ജൂലൈയിൽ പൂർത്തിയാക്കിയ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ 10 മുതൽ 12.5 ശതമാനം വരെ നികുതി ചുമത്താൻ യുഎസ്ടിആർ ശുപാർശ ചെയ്തിരുന്നു. ഇതിന് പുറമെയായിരിക്കും പുതിയ തീരുവകൾ കൂടി വരുന്നത്. 2025ൽ ട്രംപ് പ്രഖ്യാപിച്ചതും, എന്നാൽ 2026 ഫെബ്രുവരിയിൽ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതുമായ നികുതി നിരക്കുകൾക്ക് സമാനമായിരിക്കും പുതിയ നിരക്കുകളെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ നടന്നുവരികയായിരുന്നു. ഫെബ്രുവരിയിൽ ഇതിന്റെ രൂപരേഖ തയ്യാറാക്കിയെങ്കിലും, സുപ്രീം കോടതി പഴയ നികുതികൾ റദ്ദാക്കിയതോടെ ചർച്ചകൾ വീണ്ടും പ്രാരംഭ ഘട്ടത്തിലേക്ക് മടങ്ങി. ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കുറഞ്ഞ നികുതി നേടിയെടുക്കാനാണ് ന്യൂ ഡൽഹി ശ്രമിക്കുന്നത്.