യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: X/ buzzview BK
WORLD

വാഷിംഗ്‌ടൺ വെടിവെപ്പ്: "മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തിവെക്കും"; മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ലോക രാഷ്ട്രങ്ങൾ എന്നത് ഒരു കാലഹരണപ്പെട്ട പ്രയോഗമായതിനാൽ, ട്രംപ് ഏതെല്ലാം രാജ്യങ്ങളെയാണ് ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമല്ല

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്‌ടൺ: യുഎസിനെ നടുക്കിയ വെടിവെപ്പിന് പിന്നാലെ മൂന്നാം ലോക രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവയ്ക്കുമെന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത്തരത്തിലുള്ള കുടിയേറ്റം യുഎസിൻ്റെ പുരോഗതി നശിപ്പിച്ചു. യുഎസ് പൂർണമായും പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തും വരെ കുടിയേറ്റം നിർത്തിവെക്കുമെന്നാണ് ട്രംപ് സുദീർഘമായ കുറിപ്പിലൂടെ വ്യക്തമാക്കിയത്.

വിവിധ രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് കുടിയേറാൻ പദ്ധതിയിട്ടിരിക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും, ഒപ്പം കുടിയേറ്റം സ്വപ്നം കണ്ടുകഴിയുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കും കനത്ത തിരിച്ചടിയായിരിക്കും ട്രംപിൻ്റെ ഈ നീക്കം. യുഎസ് സാങ്കേതികമായി പുരോഗമിച്ചെങ്കിലും, കുടിയേറ്റ നയം പലരുടെയും നേട്ടങ്ങളും ജീവിത സാഹചര്യങ്ങളും ഇല്ലാതാക്കിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

"യുഎസ് സംവിധാനം പൂർണമായും വീണ്ടെടുക്കാനായി എല്ലാ മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുമുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കും. ജോ ബൈഡന്റെ നിയമവിരുദ്ധ പ്രവേശനങ്ങളെല്ലാം അവസാനിപ്പിക്കും. യുയുഎസിൽ ആസ്തിയല്ലാത്തവരെയോ, രാജ്യത്തെ സ്നേഹിക്കാൻ കഴിവില്ലാത്തവരെയോ നീക്കം ചെയ്യും. നമ്മുടെ രാജ്യത്തെ പൗരന്മാരല്ലാത്തവർക്കുള്ള എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും അവസാനിപ്പിക്കും, ആഭ്യന്തര സമാധാനം തകർക്കുന്ന കുടിയേറ്റക്കാരെ പ്രകൃതിവിരുദ്ധരാക്കും. പൊതു ചുമതലയുള്ളതോ സുരക്ഷാ അപകടസാധ്യതയുള്ളതോ പാശ്ചാത്യ നാഗരികതയുമായി പൊരുത്തപ്പെടാത്തതോ ആയ ഏതൊരു വിദേശ പൗരനെയും നാടുകടത്തും," ട്രംപ് കുറിപ്പിൽ പറയുന്നു.

മൂന്നാം ലോക രാഷ്ട്രങ്ങൾ ഏതൊക്കെ?

ശീതയുദ്ധകാലത്ത് സഖ്യകക്ഷികളോ നിഷ്‌പക്ഷരോ അല്ലാത്ത രാഷ്ട്രങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കാലഹരണപ്പെട്ട പദമാണ് ഇത്. ഇന്ന് ഈ പദം ഉപയോഗിക്കാത്തതിനാൽ തന്നെ ട്രംപ് ഏതെല്ലാം രാജ്യങ്ങളെയാണ് ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമല്ല. യുഎസുമായി സഖ്യത്തിലായിരുന്ന രാഷ്ട്രങ്ങളെ 'ഒന്നാം ലോക രാജ്യങ്ങൾ' എന്നും, സോവിയറ്റ് യൂണിയനോടൊപ്പം നിന്ന രാഷ്ട്രങ്ങളെയും രണ്ടാം ലോകം രാജ്യങ്ങൾ എന്നും വിളിച്ചു. യുദ്ധകാലത്ത് ഇന്ത്യ ഒരു മൂന്നാം ലോക രാഷ്ട്രമായിരുന്നു.

അതേസമയം യുഎസിലേക്ക് കുടിയേറിയ വ്യക്തികൾക്ക് നൽകുന്ന ഗ്രീൻ കാർഡുകൾ പുനഃപരിശോധിക്കുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് നൽകിയ എല്ലാ ഗ്രീൻ കാർഡുകളും ട്രംപ് ഭരണകൂടം പുനഃപരിശോധിക്കാൻ ഉത്തരവിട്ടു.

ആശങ്കയുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാവരുടെയും ഗ്രീൻ കാർഡ് കർശനമായി പുനഃപരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പറഞ്ഞു.

വാഷിംഗ്ടൺ വെടിവെപ്പിന് പിന്നിൽ അഫ്ഗാനിസ്ഥാൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിച്ചത്. മുൻപ് അഫ്ഗാനിസ്ഥാനിൽ യുഎസ് സേനയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്നയാളാണ് അക്രമി. 29 കാരനായ പ്രതിക്ക് ഈ വർഷം ഏപ്രിലിലാണ് യുഎസിൽ അഭയം ലഭിച്ചത്.

SCROLL FOR NEXT