WORLD

ദുരിതത്തില്‍ നിന്ന് കരകയറാനാവാതെ വെനസ്വേല; ഭൂകമ്പത്തില്‍ മരണം 164 ആയി

നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ബുധനാഴ്ചയുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തില്‍ 164 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 971 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ബുധനാഴ്ചയുണ്ടായത്.

ഭൂകമ്പമുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 80 രക്ഷാപ്രവര്‍ത്തകരെ അയക്കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ പറഞ്ഞു. എട്ട് റെസ്‌ക്യൂ ഡോക്‌സിനെയും 18 ടണ്‍ രക്ഷാ ഉപകരണങ്ങളും 80 അംഗങ്ങളെയും അയക്കുമെന്നാണ് സ്വിസ് വിദേശ കാര്യമന്ത്രാലയം പറഞ്ഞത്.

ഭൂകമ്പം ഉണ്ടായതിന് പിന്നാലെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ നിന്ന് 1700 കിലോമീറ്ററോളം അകലെയുള്ള ബ്രസീലിലെ ആമസോണ്‍ മേഖലയിലെ കെട്ടിടങ്ങളില്‍ പോലും ആളുകളെ ഒഴിപ്പിച്ചിരുന്നു.

യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, കാരക്കാസില്‍ നിന്ന് ഏകദേശം 168 കിലോമീറ്റര്‍ പടിഞ്ഞാറ് മൊറോണ്‍ കമ്മ്യൂണിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. 21.9 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂകമ്പത്തിന് തൊട്ടു പിന്നാലെ 39 സെക്കന്‍ഡിനുള്ളില്‍, 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ശക്തമായ ഭൂകമ്പം ഉണ്ടായി. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു അത്. ഈ രണ്ട് ഭൂകമ്പങ്ങള്‍ക്കും 'ഫോര്‍ഷോക്ക്' എന്നും 'മെയിന്‍ഷോക്ക്' എന്നുമാണ് പേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ 20-ലധികം തുടര്‍ചലനങ്ങള്‍ ഉണ്ടായി.

ഭൂകമ്പത്തിന് പിന്നാലെ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടുകയും മണിക്കൂറുകളോളം തെരുവുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഭൂകമ്പമുണ്ടായ സമയത്തുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

SCROLL FOR NEXT