റിയോ റുയിഡോസോ നദിയിൽ ആറടിയോളം ഉയരത്തിലാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. നിരവധി വീടുകൾ ഒലിച്ചുപോയി. Souce: X/ MAGA Voice
WORLD

ടെക്സസില്‍ മിന്നൽ പ്രളയത്തിൽ മരണം 109 ആയി; ന്യൂ മെക്സിക്കോയിൽ പ്രളയത്തിൽ വീടുകൾ ഒഴുകിപ്പോയി | VIDEO

കനത്ത മഴ പെയ്തതിന് പിന്നാലെ ചൊവ്വാഴ്ച ന്യൂ മെക്സിക്കോയിലെ ഒരു പർവത പ്രദേശമായ റുയിഡോസോയിലും മിന്നൽ പ്രളയമുണ്ടായി.

Author : ന്യൂസ് ഡെസ്ക്

അമേരിക്കയിലെ ടെക്സസില്‍ കനത്ത മഴയിലും മിന്നൽപ്രളയത്തിലും മരിച്ചവരുടെ എണ്ണം 109 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടും. കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇതിൽ 26 പേരെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം, സമ്മർ ക്യാമ്പിൽ നിന്നും കാണാതായ വിദ്യാർഥികൾക്കും ട്രെയിനർക്കുമായി തെരച്ചിൽ തുടരുകയാണ്.

അതേസമയം, കഴിഞ്ഞ വർഷം കാട്ടുതീയിൽ കത്തിനശിച്ച പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിന് പിന്നാലെ ചൊവ്വാഴ്ച യുഎസിലെ ന്യൂ മെക്സിക്കോയിലെ ഒരു പർവത പ്രദേശമായ റുയിഡോസോ നദീ തീരത്തും മിന്നൽ പ്രളയമുണ്ടായി. പ്രദേശത്ത് യുഎസ് നാഷണൽ വെതർ സർവീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രദേശത്ത് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകൾ ഒലിച്ചുപോയി. റിയോ റുയിഡോസോ നദിയിൽ ആറടിയോളം ഉയരത്തിലാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. നിരവധി വീടുകൾ ഒലിച്ചുപോയെങ്കിലും ആളപായമോ പരിക്കോ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പാലങ്ങളും വെള്ളത്തിനടിയിൽ മൂടിയ നിലയിലാണ്.

വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതോ കേടുപാടുകൾ സംഭവിച്ചതോ ആയ വീടുകളിൽ മണ്ണിടിച്ചിലും വാതക ചോർച്ചയും ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് റൂയിഡോസോ മേയർ ലിൻ ക്രോഫോർഡ് പറഞ്ഞു.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ നിരവധി പേർ കുടുങ്ങിയെന്നും വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടു പോയ 25ഓളം ആളുകളെ രക്ഷപ്പെടുത്തിയെന്നും ക്രോഫോർഡ് പറഞ്ഞു.

ഈ പ്രദേശത്ത് കുത്തൊഴുക്കിൻ്റെ തീവ്രതയിൽ ഒരു വീട് മുഴുവനായി ഒലിച്ചുപോവുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

SCROLL FOR NEXT