Serbian State Broadcaster Issues On-Air Apology as Student Movement Sweeps Historic Election news malayalam
WORLD

'ഞങ്ങൾ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു, മാപ്പ്'; 15 കൊല്ലം ഭരിച്ച ഭരണാധികാരിയെ വീഴ്ത്തി വിദ്യാർത്ഥികൾ അധികാരത്തിലേക്ക്; ലൈവായി ജനങ്ങളോട് മാപ്പുപറഞ്ഞ് സെർബിയൻ സർക്കാർ ടെലിവിഷൻ

സെർബിയയിലെ വോജ്വോഡിന പ്രവിശ്യയിലെ പ്രമുഖ പബ്ലിക് ബ്രോഡ്കാസ്റ്ററായ റേഡിയോ ആൻഡ് ടെലിവിഷൻ ഓഫ് വോജ്വോഡിനയാണ് ഒക്ടോബർ 26-ന് രാത്രി തങ്ങളുടെ പ്രധാന വാർത്താ ബുള്ളറ്റിന്റെ തുടക്കത്തിൽത്തന്നെ ഈ അസാധാരണ കുറ്റസമ്മതം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

ബെൽഗ്രേഡ്: സെർബിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾ നീണ്ട അലക്സാണ്ടർ വുചിച്ചിന്റെ ഭരണത്തെ അട്ടിമറിച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള 'സ്റ്റുഡന്റ് ലിസ്റ്റ്' സഖ്യം ചരിത്രവിജയം നേടിയതിന് പിന്നാലെ, വർഷങ്ങളോളം ഭരണകൂടത്തിന് അനുകൂല വാര്‍ത്ത മാത്രം കൊടുത്തതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിൽ ലൈവ് ടിവിയിലൂടെ പ്രേക്ഷകരോട് പരസ്യമായി മാപ്പുപറഞ്ഞ് സെർബിയൻ ഔദ്യോഗിക വാർത്താ ചാനൽ .

സെർബിയയിലെ വോജ്വോഡിന പ്രവിശ്യയിലെ പ്രമുഖ പബ്ലിക് ബ്രോഡ്കാസ്റ്ററായ റേഡിയോ ആൻഡ് ടെലിവിഷൻ ഓഫ് വോജ്വോഡിനയാണ് ഒക്ടോബർ 26-ന് രാത്രി തങ്ങളുടെ പ്രധാന വാർത്താ ബുള്ളറ്റിന്റെ തുടക്കത്തിൽത്തന്നെ ഈ അസാധാരണ കുറ്റസമ്മതം നടത്തിയത്. "വർഷങ്ങളായി സത്യസന്ധമായ വാർത്തകൾ ജനങ്ങൾക്ക് നൽകാതെ ഏകപക്ഷീയമായ ഭരണകൂട പ്രചാരണങ്ങൾ നടത്തിയതിലും, തെരഞ്ഞെടുപ്പിലെ വിദ്യാർത്ഥി സഖ്യത്തിന്റെ ചരിത്രവിജയവും ജനകീയ ആഘോഷങ്ങളും ബോധപൂർവ്വം സംപ്രേഷണം ചെയ്യാതിരുന്നതിലും പൊതു വാർത്താ മാധ്യമം എന്ന നിലയിൽ ഞങ്ങൾ ജനങ്ങളോട് മാപ്പ് ചോദിക്കുന്നു; മാധ്യമ ധർമ്മം പാലിക്കുന്നതിൽ ഞങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടു" എന്ന് വാർത്താ അവതാരകൻ ഗോരൻ എറോർ ലൈവിൽ വായിച്ച പ്രസ്താവനയിലൂടെ ചാനൽ വ്യക്തമാക്കി.

അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ക്യാമ്പസുകളിൽ നിന്ന് രൂപംകൊണ്ട വിദ്യാർത്ഥി മുന്നേറ്റമായ 'സ്റ്റുഡന്റ് ലിസ്റ്റ്' പാർലമെന്റിൽ നൂറിലധികം സീറ്റുകൾ നേടി വൻഭൂരിപക്ഷം ഉറപ്പാക്കിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച പ്രസിഡന്റ് അലക്സാണ്ടർ വുചിച്ച് ഒടുവിൽ പരാജയം സമ്മതിക്കാൻ നിർബന്ധിതനായത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ തലസ്ഥാനമായ ബെൽഗ്രേഡിൽ വുചിച്ചിന്റെ അനുകൂലികളായ കുപ്രസിദ്ധ മാധ്യമമായ 'ഇൻഫോർമർ ടിവി'യുടെ ഓഫീസിലേക്ക് രോഷാകുലരായ വിദ്യാർത്ഥികളും പ്രതിഷേധക്കാരും ഇരച്ചുകയറുകയും, വർഷങ്ങളായി വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിച്ച ചീഫ് എഡിറ്ററെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സർക്കാർ മാധ്യമങ്ങൾ പോലും തങ്ങളുടെ നുണപ്രചാരണങ്ങൾ തുറന്നുപറഞ്ഞ് മാപ്പുചോദിക്കുന്ന നാടകീയ രംഗങ്ങൾക്കാണ് ഇപ്പോൾ കിഴക്കൻ യൂറോപ്യൻ രാജ്യമായ സെർബിയ സാക്ഷ്യം വഹിക്കുന്നത്.

SCROLL FOR NEXT