Image: Social media  
WORLD

സക്കര്‍ബര്‍ഗ് ഇനി രാഷ്ട്രീയത്തിലേക്കോ? ട്രംപിന്റെ പരാമര്‍ശത്തോട് മെറ്റ മുതലാളിയുടെ പ്രതികരണം

വിരുന്നിനിടയില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക് മേധാവിമാര്‍ക്ക് കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസില്‍ അത്താഴ വിരുന്ന് നല്‍കിയ്. ഇലോണ്‍ മസ്‌ക് ഒഴികെ പ്രമുഖ ടെക് ഭീമന്മാരെല്ലാം വിരുന്നില്‍ പങ്കെടുത്തിരുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ക്കൊപ്പം എഐ, ടെക് സ്ഥാപനങ്ങളിലെ പന്ത്രണ്ടോളം പേരും വിരുന്നില്‍ പങ്കെടുത്തു.

വിരുന്നിനിടയില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വൈറ്റ്ഹൗസിലെ വിരുന്ന് സക്കര്‍ബര്‍ഗിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.

എന്നാല്‍, ഇതിന് വളരെ പെട്ടെന്നു തന്നെ സക്കര്‍ബര്‍ഗ് മറുപടിയും നല്‍കി, 'ഒരിക്കലും അല്ല'. വ്യാഴാഴ്ച രാത്രി നടന്ന വിരുന്നില്‍ ബ്രിട്ടനിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് സക്കര്‍ബര്‍ഗിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഇടപെട്ടു കൊണ്ടുള്ള ട്രംപിന്റെ പരാമര്‍ശം.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ തയ്യാറല്ലായെന്നും ട്രംപിനോട് സക്കര്‍ബര്‍ഗ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ബില്‍ ഗേറ്റ്‌സ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

അമേരിക്കയില്‍ എത്ര നിക്ഷേപം നടത്തുമെന്നായിരുന്നു ടെക് ഭീമന്‍മാരോടുള്ള ട്രംപിന്റെ ചോദ്യം. 600 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നായിരുന്നു ടിം കുക്കിന്റെ മറുപടി. ഇതേ മറുപടി തന്നെ സക്കര്‍ബര്‍ഗും വാഗ്ദാനം ചെയ്തു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 250 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് സുന്ദര്‍ പിച്ചൈ വാഗ്ദാനം ചെയ്തത്. ഈ വര്‍ഷം 75-80 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സത്യ നാദെല്ല പറഞ്ഞു.

റോസ് ഗാര്‍ഡനില്‍ നടന്ന വിരുന്നില്‍ സുന്ദര്‍ പിച്ചൈ, സത്യ നാദെല്ല എന്നിവര്‍ക്കു പുറമെ, മൂന്ന് ഇന്ത്യന്‍ വംശജര്‍ കൂടി പങ്കെടുത്തിരുന്നു. മൈക്രോണ്‍ മേധാവി സഞ്ജയ് മല്‍ഹോത്ര, പാലന്തീറില്‍ നിന്നും ശ്യാം ശങ്കര്‍, ടിബ്‌കോ സോഫ്റ്റ് വെയര്‍ ചെയര്‍മാന്‍ വിവേക് രണദിവെ എന്നിവരാണ് പങ്കെടുത്തത്.

SCROLL FOR NEXT