കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. തെക്കന്‍ മേഖലയില്‍ മാത്രം ഒന്‍പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് വ്യാപനം തടയാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ദക്ഷിണ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ മേഖലയായ ഓമോയില്‍ 9 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എബോളക്ക് സമാനമാണ് മാര്‍ബഗ് വൈറസും. വവ്വാലുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നതിലൂടെയും ശരീരത്തിലേക്കെത്തും.
രോഗം സ്ഥിരീകരിച്ചതില്‍ ആശങ്ക ഉണ്ടെന്നും പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരുന്നതായും എത്യോപ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. എത്യോപ്യയില്‍ ആദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്. 88 ശതമാനം വരെ മരണ സാധ്യതയുള്ള അപകടകാരിയായ വൈറസാണ് മാര്‍ബര്‍ഗ്.
എബോള വൈറസിന് സമാനമായി ഫിലോവിറിഡേ കുടുംബത്തില്‍പ്പെട്ടതാണ് വൈറസ്. ഇത് ഹെമറേജിക് പനിക്ക് കാരണമാകും. കടുത്ത പനി, തലവേദന, പേശീവേദന, വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികിത്സയാണ് നല്‍കുക. അസുഖം ഗുരുതരമാകുമ്പോള്‍ രക്തസ്രാവത്തിനും മള്‍ട്ടി-ഓര്‍ഗന്‍ തകരാറുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.
രോഗവ്യാപനം തടയുന്നതിനായി എത്യോപ്യന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികളെ ഐസൊലേറ്റ് ചെയ്യുക, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുക, പൊതുജന അവബോധം നല്‍കുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്യോപ്യന്‍ അധികൃതര്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.