ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോര്‍ദാന്‍ സന്ദര്‍ശനത്തിനു പിന്നാലെ വാര്‍ത്തകളില്‍ ഇടംനേടുന്നത് മറ്റൊരു വ്യക്തിയാണ്. ജോര്‍ദാന്റെ റാണിയാകാൻ ഒരുങ്ങുന്ന സര്‍വത് ഇക്രമുല്ല. തിങ്കാളാഴ്ച അമ്മാനിലെ അല്‍-ഹുസൈനിയ കൊട്ടാരത്തില്‍ നരേന്ദ്ര മോദിയും ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ബിന്‍ ഹുസൈനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍, പ്രാദേശിക സ്ഥിരത, ഭീകരവിരുദ്ധ സഹകരണം എന്നീ വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.
ഇതിനിടയിലാണ് ജോര്‍ദാനിലെ റാണിയെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നത്. ജോര്‍ദാനിലെ രാജ കുടുംബവും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ ചൂണ്ടുവിരലാണ് ജോര്‍ദാന്‍ റാണി സര്‍വത് അല്‍ ഹസ്സന്‍.
ഇന്ത്യയുമായുള്ള ബന്ധം
പ്രമുഖ ബംഗാളി മുസ്ലീം കുടുംബമായ സുഹ്‌റവര്‍ദിയിലെ അംഗമാണ് സര്‍വത് ഇക്രമുല്ല. 1947 ലായിരുന്നു ജനനം. വിഭജനത്തിന് ആഴച്കള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു സര്‍വതിന്റെ ജനനം. അവരുടെ പിതാവ് മുഹമ്മദ് ഇക്രമുല്ല ഇന്ത്യയില്‍ സിവില്‍ സര്‍വീസിലായിരുന്നു സേവനമനുഷ്ഠിച്ചത്. വിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനിലേക്ക് ചേക്കേറി. പാകിസ്ഥാന്റെ ആദ്യ വിദേശകാര്യ സെക്രട്ടറി കൂടിയായിരുന്നു മുഹമ്മദ് ഇക്രമുല്ല.
സര്‍വത് ഇക്രമുല്ലയുടെ മാതാവ് ഷയിസ്ത സുഹ്‌റവര്‍ദി ഇക്രമുല്ല പാകിസ്ഥാനിലെ ആദ്യ വനിതാ പാര്‍ലമെന്റ് അംഗവും മൊറോക്കോ അംബാസിഡറുമായിരുന്നു.
വിദേശകാര്യ സെക്രട്ടറിയായ പിതാവിന്റെ ജോലിക്കനുസരിച്ച് വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു സര്‍വതിന്റെ വളര്‍ച്ചയും വിദ്യാഭ്യാസവും. ബ്രിട്ടനില്‍ നിന്നായിരുന്നു സര്‍വത് വിദ്യാഭ്യാസം നേടിയത്. ദക്ഷിണേഷ്യയിലും യൂറോപ്പിലുമായിട്ടായിരുന്നു സര്‍വത് വളര്‍ന്നത്.
1968 ലായിരുന്നു സര്‍വത് ഇക്രമുല്ലയുടെ വിവാഹം. ജോര്‍ദാന്‍ രാജകുമാരനായ തലാലുമായുള്ള വിവാഹം നടന്നത് 1968 ഓഗസ്റ്റ് 28 നായിരുന്നു. തുടര്‍ന്ന് ജോര്‍ദാന്റെ രാജകുമാരിയായി തലാലിനൊപ്പം അമ്മാനില്‍ താമസമാക്കി. നാല് മക്കളാണ് ഇവര്‍ക്കുള്ളത്.
1968 മുതല്‍ 1999 വരെ ജോര്‍ദാന്റെ രാജകുമാരിയായിരുന്നു സര്‍വത്. തന്റെ ഭരണകാലത്ത് വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായി സര്‍വത് പ്രവര്‍ത്തിച്ചു. 1974-ല്‍ ഭിന്നശേഷിക്കാര്‍ക്കായി സെന്റര്‍ ഫോര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനും 1980-ല്‍ പെണ്‍കുട്ടികള്‍ക്കായി പ്രിന്‍സസ് സര്‍വത് കമ്മ്യൂണിറ്റി കോളേജും സ്ഥാപിച്ചു.
തായ്‌കോണ്ടോയില്‍ ബ്ലാക്ക് ബെല്‍ട്ട് നേടിയ ആദ്യ ജോര്‍ദാന്‍ വനിതയും സര്‍വത് റാണിയാണ്. സര്‍വതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1995-ല്‍ വുമണ്‍ ഓഫ് പീസ് അവാര്‍ഡ്, 1994-ല്‍ ഗ്രാന്‍ഡ് കോര്‍ഡന്‍ ഓഫ് ദി റിനൈസന്‍സ്, 2002-ല്‍ പാകിസ്ഥാന്റെ ഹിലാല്‍-ഇ-ഇംതിയാസ്, ബാത്ത് സര്‍വകലാശാലയില്‍ നിന്നും (2015) ന്യൂ ബ്രണ്‍സ്വിക്ക് സര്‍വകലാശാലയില്‍ നിന്നും ഓണററി ബിരുദങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.