ബലേന്ദ്ര ഷാ Source: Facebook
WORLD

നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെൻ സി നൽകുന്ന പേര്; റാപ്പറിൽ നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവ്; ആരാണ് ബലേന്ദ്ര ഷാ?

പ്രതിഷേധത്തിൽ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനാണ് ബലേന്ദ്ര ഷാ

Author : ന്യൂസ് ഡെസ്ക്

കാഠ്‌മണ്ഡു: നേപ്പാളിൽ ആളിപടർന്ന ജെൻ സി പ്രക്ഷോഭം ചെന്നെത്തിയത് പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജിയിലാണ്. നേപ്പാളിൽ ഇനി ആര് എന്ന ചോദ്യത്തിന് ജെൻ സി നൽകുന്ന പേര് കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായുടേതാണ്. ബലേൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയായി നേതൃത്വം ഏറ്റെടുക്കണമെന്നാണ് ജെൻ സിയുടെ ആവശ്യം. ഇതിനായി ഓൺലൈൻ ക്യാമ്പയിനുകളും തുടങ്ങി കഴിഞ്ഞു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങി 26 സമൂഹമാധ്യമ ആപ്പുകൾ സർക്കാർ നിരോധിച്ചതാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. സ്കൂൾ, കോളേജ് യൂണിഫോമിലെത്തിയ വിദ്യാർഥികളായിരുന്നു പ്രക്ഷോഭക്കാരിൽ ഭൂരിഭാഗവും. രാജ്യവ്യാപക പ്രതിഷേധത്തിൽ 19 പേർ കൊല്ലപ്പെടുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധത്തിൽ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനാണ് ബലേന്ദ്ര ഷാ.

"28 വയസിൽ താഴെയുള്ളവർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിൽ എനിക്ക് പങ്കെടുക്കാൻ കഴിയില്ല. എന്നാൽ അവരുടെ ശബ്ദം കേൾക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു," ജെൻ സിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബലേന്ദ്ര ഷാ ഫേസ്ബുക്കിൽ കുറിച്ചു.

"ഈ റാലി വ്യക്തമായും ജെൻ സിയുടെ മൂവ്മെൻ്റാണ്. അതിനിടയിൽ ഞാൻ വന്നാൽ പോലും എനിക്ക് പ്രായമുള്ളതായി അവർക്ക് തോന്നിയേക്കാം. അവരുടെ ആവശ്യങ്ങളും ലക്ഷ്യങ്ങളും ചിന്തകളും മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ, പ്രവർത്തകർ, നിയമനിർമാതാക്കൾ, പ്രചാരകർ എന്നിവർ ഈ റാലി സ്വന്തം താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാൻ അമിത ബുദ്ധി കാണിക്കരുത്." നേരിട്ട് പങ്കെടുക്കില്ലെങ്കിലും, തന്റെ "പൂർണ്ണ പിന്തുണ" യുവാക്കൾക്കുണ്ടെന്നും ബലേന്ദ്ര ഷാ കൂട്ടിച്ചേർത്തു.

പിന്നാലെ ഇനി നേപ്പാളിനെ ഭരിക്കാൻ 'ബലേൻ ദായ്' മതിയെന്ന് ജെൻ സി ഒരുമിച്ച് പറഞ്ഞു. "വ്യക്തിപരമായ താൽപ്പര്യങ്ങളില്ലാതെ രാജ്യത്തിന്റെ നന്മയ്ക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു സാധ്യതയുള്ള പ്രധാനമന്ത്രി നമുക്കിടയിൽ ഉണ്ട്- ബംഗ്ലാദേശും ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള വ്യത്യാസം ഇതാണ്. ബലേൻ പ്രധാനമന്ത്രിയാകണം" ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു. "പ്രിയപ്പെട്ട ബലേൻ, ഇപ്പോൾ നേതൃത്വം ഏറ്റെടുക്കുക. നേപ്പാൾ നിങ്ങളുടെ പിന്നിലുണ്ട്. മുന്നോട്ട് പോകൂ." മറ്റൊരു ഉപയോക്താവ് എഴുതി.

ആരാണ് ബലേന്ദ്ര ഷാ?

കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയുടെ മേയറാണ് ബലേൻ എന്നറിയപ്പെടുന്ന ബലേന്ദ്ര ഷാ. 1990 ൽ കാഠ്മണ്ഡുവിൽ ജനിച്ച അദ്ദേഹം നേപ്പാളിൽ സിവിൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, നേപ്പാളിലെ അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് രംഗത്ത് റാപ്പറായും ഗാനരചയിതാവായും സജീവമായിരുന്നു ബലേൻ. സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങളായിരുന്നു ബലേന്ദ്ര ഷാ ഉന്നയിച്ചിരുന്നത്.

2022-ൽ, ബലേൻ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും 61,000-ത്തിലധികം വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർഥികളെ പരാജയപ്പെടുത്തിയായിരുന്നു ബലേൻ്റെ വിജയം.സോഷ്യൽ മീഡിയയിൽ സജീവമായ ബലേൻ, പൗര-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി പതിവായി ആശയവിനിമയം നടത്താറുണ്ട്.

SCROLL FOR NEXT