ഗാസ സിറ്റി: യുദ്ധഭീതിയില്‍ നിന്ന് കരകയറി നാലാഴ്ചകള്‍ക്കിപ്പുറം, ശൈത്യകാലത്തെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഗാസയിലെ ജനങ്ങള്‍. അവശ്യവസ്തുക്കള്‍ പോലുമില്ലാതെ ടെന്‍റുകളില്‍ കഴിഞ്ഞുകൂടുന്നവർ ഇനി കനത്ത മഞ്ഞിനെയും മഴയെയും അതിജീവിക്കണം. വരാനിരിക്കുന്ന മഞ്ഞുകാലം, ഗാസയിലെ ഭക്ഷ്യക്ഷാമം ഗുരുതരമാക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് അഭയാർഥി ക്യാംപുകളെന്നതും ദുരിതം ഇരട്ടിപ്പിക്കും.
രണ്ടുവർഷത്തെ യുദ്ധത്തില്‍ കോണ്‍ക്രീറ്റ് കൂമ്പാരമായ ഗാസയിലെ ഭൂരിഭാഗം പേരുടെയും അഭയം ഇന്ന് കൂടാരങ്ങളാണ്. അടച്ചുറപ്പില്ലാത്ത ടെന്റുകളിലാണ് വരാനിരിക്കുന്ന അതിശൈത്യത്തെയും മഴപെയ്ത്തിനെയും അവർ അതീജിവിക്കേണ്ടത്.
ഒക്ടോബർ 10ന് പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ പ്രകാരം, പ്രതിദിനം 600 ട്രക്കുകളാണ് ഗാസയില്‍ എത്തേണ്ടത്. എന്നാല്‍ ഇസ്രയേല്‍ കടത്തിവിടുന്നത് ശരാശരി 203 ട്രക്കുകളാണ്. അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായിരിക്കെ, ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മഴനനയാതെയും കേടാവാതെയും സൂക്ഷിക്കാന്‍ ഇപ്പോള്‍ തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് കഴിയുന്നില്ല. മഞ്ഞുകാലവും മഴയും ശക്തമാകുന്നതോടെ ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തും.
മഞ്ഞുകാലത്ത് പെയ്യുന്ന മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക സാധ്യതയുണ്ട്. അല്‍ റാഷിദ് തെരുവ് മുതല്‍ ദെയ്ർ അല്‍-ബലാ ക്യാംപ് വരെയും ഗാസ നഗരത്തിലെ അല്‍-നഫാക് തെരുവ് അടക്കമുള്ള 26 കിലോമീറ്ററോളം വരുന്ന തീരപ്രദേശമേഖലയില്‍ കടലേറ്റമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. സാഹചര്യത്തെ നേരിടാന്‍ പുതിയ ക്യാംപുകള്‍ സജ്ജമാക്കണമെന്നും പെട്ടെന്ന് കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍ എത്തിക്കണമെന്നുമാണ് പലസ്തീനിയന്‍ സിവില്‍ ഡിഫന്‍സിന്‍റെ ആഹ്വാനം.
യുഎന്‍ അടക്കം അന്താരാഷ്ട്ര ഏജന്‍സികള്‍ ഇതിനായി ഇസ്രയേലിനുമേല്‍ സമ്മർദം ചെലുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇതിനിടെ വെടിനിർത്തല്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ഗാസ മുനമ്പില്‍ ഇരുന്നൂറിന് മുകളില്‍ ആളുകളാണ് കൊല്ലപ്പെട്ടത്. വീണ്ടുമൊരു ദുരിതകാലത്തിന് തയ്യാറെടുക്കുന്നതിനിടെ, യുദ്ധം പുനരാഭിക്കുമോ എന്ന ഭയവും ശക്തമാണ്.