ഗാസ സിറ്റി: ഇസ്രയേൽ തടവിലാക്കിയ 30 പലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ വിട്ടുനൽകി. ഗാസ മുനമ്പിലേക്ക് തിരികെയെത്തിച്ച മൃതദേഹങ്ങളിൽ ചിലതിൽ ക്രൂരമായ പീഡനങ്ങളുടെ തെളിവുകളും കാണാനാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇൻ്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് മൃതദേഹങ്ങൾ തിരികെ നൽകിയത്.
ഒക്ടോബർ ആദ്യം ഇരു രാജ്യങ്ങളും സമ്മതിച്ച തടവുകാരെ കൈമാറൽ കരാറിൻ്റെ ഭാഗമായാണ് കൊല്ലപ്പെട്ട പലസ്തീൻ തടവുകാരുടെ മൃതദേഹങ്ങൾ ഇന്നലെ കൈമാറിയത്. ഇതോടെ ആകെ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 225 ആയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുൻപ് കൈമാറിയ പലസ്തീനികളായ യുദ്ധത്തടവുകാരുടെ മൃതദേഹങ്ങളിൽ ക്രൂരമായ സൈനിക പീഡനത്തിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അവ പലതും കണ്ണുകെട്ടിയും കൈകൾ വിലങ്ങുവെച്ച നിലയിലും ആയിരുന്നു. തടവുകാർ നേരിട്ട ക്രൂരത പ്രകടമായിരുന്നുവെന്ന് മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു. മിക്ക ശരീരങ്ങളും അഴുകിയതോ കത്തിച്ചതോ ആയി കാണപ്പെട്ടു. മറ്റു ചിലതിന് കൈകാലുകളോ പല്ലുകളോ നഷ്ടപ്പെട്ടിരുന്നുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ പലയിടത്തായി ഇസ്രയേൽ സൈന്യം ആക്രമണങ്ങൾ നടത്തി. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൻ്റെ ആക്രമണങ്ങളിൽ വെള്ളിയാഴ്ച മൂന്ന് പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിൽ ഉടനീളം ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള കെട്ടിടങ്ങൾക്ക് നേരെയും ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി.
ഇന്നലെ കിഴക്കൻ ഗാസ നഗരത്തിലെ ഷുജായയിൽ ഇസ്രയേൽ നടത്തിയ വെടിവയ്പ്പിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെടുകയും സഹോദരന് പരിക്കേൽക്കുകയും ചെയ്തു. ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
അതേസമയം, ഇസ്രയേൽ സൈന്യത്തിൻ്റെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു പലസ്തീനി പൗരൻ കൂടി മരിച്ചതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അസ് സഹ്‌റ പരിസരത്ത് നിന്നും വീടിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് ഒരു പലസ്തീനിയുടെ മൃതദേഹം കണ്ടെടുത്തതായി മധ്യ ഗാസയിലെ സിവിൽ ഡിഫൻസ് തൊഴിലാളികൾ പറഞ്ഞു.