വയനാട്ടില്‍ ലോകോത്തര പുനരധിവാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസത്തിനായി കേന്ദ്രസഹായം പ്രതീക്ഷിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ ആൾനാശം ഉണ്ടാകാതിരിക്കാൻ കാരണം മുന്നറിയിപ്പ് കൃത്യമായി പാലിച്ചത് കൊണ്ടാണ്. ദുരന്തങ്ങൾ സംബന്ധിച്ച് ഇത്തരം കൃത്യമായ പ്രവചനം സാധ്യമാക്കണം. കേന്ദ്ര ഏജൻസികൾക്ക് ഇക്കാര്യത്തിൽ കൃത്യതയോടെ പ്രവർത്തിക്കാൻ കഴിയണം. തദ്ദേശസ്ഥാപനങ്ങളിൽ ലഭിക്കുന്ന പരാതികളെ ഉദ്യോഗസ്ഥർ ഗൗരവമായി സമീപിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സേവിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കേണ്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. മന്ത്രി പി. രാജീവും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.