ഏവർക്കും ന്യൂസ് മലയാളത്തിൻ്റെ ഓണാശംസകൾ Source: News Malayalam 24x7
Onam 2025

പ്രജകളെ കാണാൻ മാവേലി തമ്പുരാനെത്തി; സമൃദ്ധിയുടെ നിറവിൽ ഇന്ന് തിരുവോണം

അത്തം മുതലുള്ള പത്തു നാളത്തെ കാത്തിരിപ്പ് അങ്ങനെ പൂർണതയിൽ എത്തുന്നു

Author : ന്യൂസ് ഡെസ്ക്

മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്‌മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളമിട്ടും, സദ്യയുണ്ടും, ഒത്തുചേർന്ന് സ്നേഹം പങ്കിട്ടും എല്ലാ വർഷങ്ങളിലേയും പോലെ വർണാഭമാണ് ഇക്കുറിയും തിരുവോണം.

നാടിന് നന്മ മാത്രം ചെയ്യാൻ ആഗ്രഹിച്ച ഒരു ഭരണാധികാരിയോട് സ്നേഹവും, ആദരവും പ്രകടിപ്പിക്കുന്ന ഉത്സവമാണ് തിരുവോണം. ഉള്ളവനും, ഇല്ലാത്തവനും അതിൽ ഒട്ടും പിശുക്ക് കാണിക്കില്ല. അതിരാവിലെ കുളിച്ച് കോടിയുടുത്ത് മുറ്റത്ത് പൂക്കളമൊരുക്കും. അത്തം മുതൽ തീർത്ത കളങ്ങളെക്കാൾ വലിയ പൂക്കളം. ചിങ്ങം എത്തിയപ്പോൾ തന്നെ പ്രകൃതിയും തിരുവോണത്തിനായി ഒരുങ്ങിയതാണ്. അത്തം മുതലുള്ള പത്തു നാളത്തെ കാത്തിരിപ്പ് അങ്ങനെ പൂർണതയിൽ എത്തുന്നു. പതിവുപോലെ കുട്ടിക്കൂട്ടങ്ങളെല്ലാം പൂക്കൾ പറിച്ച് ഓണാഘോഷത്തിന് റെഡിയാണ്.

തിരുവോണത്തിന് പിന്നിലെ ഐതിഹ്യം

കേരളത്തിൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു മഹാബലി എന്ന അസുരചക്രവർത്തിയുടെ ഭരണകാലം എന്നാണ് ഐതിഹ്യം. നീതിമാനായ ഒരു ഭരണാധികാരിയായിരുന്നു മഹാബലി. ഈ മഹാഭരണാധികാരിയുടെ ഭരണത്തിൽ അസൂയ പൂണ്ട ദേവന്മാർ, മഹാവിഷ്ണുവിനോട് പരിഭവം അറിയിച്ചു. പിന്നാലെ ദേവൻമാർക്കായി വിഷ്ണു വാമനാവതാരത്തിൽ മഹാബലിയുടെ അടുത്തെത്തി.

മൂന്നടി മണ്ണ് മാത്രമായിരുന്നു വാമനൻ മഹാബലിയോട് ആവശ്യപ്പെട്ടത്. രണ്ടടികൊണ്ട് ഭൂമിയും ആകാശവും അളന്ന വാമനൻ, മൂന്നാമത്തെ അടിക്കായി എവിടെ കാൽ വെക്കണമെന്ന് ചോദിച്ചു. ഒട്ടും മടിക്കാതെ മഹാബലി വാമനന് മുന്നിൽ കാണിച്ചു ശിരസ് നമിച്ചു. എന്നാൽ പതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തും മുൻപ് മഹാബലി ചോദിച്ചത് ഒരൊറ്റ കാര്യമായിരുന്നു. വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളെ കാണാൻ അനുവദിക്കണം. അങ്ങനെ ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ എത്തുന്നു എന്നാണ് വിശ്വാസം.

അങ്ങനെ പ്രകൃതി ഒരുക്കിയ സ്വീകരണ പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്. തീർന്നില്ല ഓണപ്പാട്ടുകളും, തിരുവാതിരയും അകമ്പടിയായുണ്ട്. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു. കാലമെത്ര മാറിയാലും ഒരു മുണ്ടും നേരിയതുമുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും, ഒപ്പം മാവേലി തമ്പുരാനും.

SCROLL FOR NEXT