OPINION

അബ്‌കാരി കുരുക്കില്‍ ആന്റോ അഗസ്റ്റിന്‍; തുടർ അന്വേഷണം നിർണായകം

പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടവും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുമാണ് ആന്റോക്കെതി​രായ അബ്‌കാരി കേസിന്റെ അന്തിമ ഗതി നിർണയിക്കുക

Author : പി.പി. പ്രശാന്ത്

അബ്‌കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് ബത്തേരി കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നു. ഇതോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്‌സൈസ് വകുപ്പ്. വിശദമായ ചോദ്യം ചെയ്യലിലാകും അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതില്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരിക. ബത്തേരി കോടതി വ്യാഴാഴ്ച വൈകിട്ട് രണ്ട് മണിക്കൂർ ആന്റോ​യെ ചോദ്യംചെയ്തിരുന്നു.. തുടർന്നാണ് വെള്ളിയാഴ്ച കോടതി ജാമ്യാപേക്ഷ തള്ളിയത്. ആന്റോ​ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് 138 കുപ്പികളിലായി സൂക്ഷിച്ച 66 ലിറ്ററിലധികം മദ്യമാണ് പിടികൂടിയത്. താൻ മദ്യപിക്കില്ലെന്നും മദ്യം പിടികൂടിയ വീട് നിയമനടപടിയെത്തുടർന്ന് ബാങ്കിന്റെ പരിധിയിലുള്ളതാണ് എന്നും ആന്റോ​ അഗസ്റ്റിൻ വിശദീകരിക്കുക കൂടി ചെയ്തിട്ടുണ്ട്. കൈവശംവയ്ക്കേണ്ട മദ്യത്തിന്റെ അളവിനെക്കുറിച്ചുള്ള സംശയങ്ങളും നിയമനടപടിയും ശിക്ഷയും ഉൾപ്പെടെ വ്യാപക ചർച്ചകൾക്കും അറസ്റ്റ് വഴിവെച്ചിട്ടുണ്ട്.

ആന്റോ​യെ കുടുക്കിയ അബ്കാരിക്കേ​സിൽ ശിക്ഷയെന്ത് ?

അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കാൻ അധികം സമയം വേണ്ടിവന്നില്ല. എക്‌സൈസിന്റെ വാദങ്ങൾ ശരിവച്ച കോടതി 'ഡിസ്‌മിസ്‌ഡ്' എന്ന ഒറ്റവാക്കിലാണ് ആന്റോ​യ്ക്ക് ജാമ്യം നിഷേധിച്ചത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

എക്സൈസ് കണക്കുപ്രകാരം ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് , 138 കുപ്പികളിലായി 43 ലിറ്റർ വിദേശ നിർമിത വിദേശ മദ്യവും, 4.824 ലിറ്റർ വിദേശ നിർമിത വൈനും, 5.500 ലിറ്റർ കേരള വൈനും, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യവും, വീട്ടിൽ നിർമിച്ചതെന്ന് തോന്നിക്കുന്ന 12.750 ലിറ്റർ വ്യാജമദ്യമടക്കം ആകെ ഏകദേശം 66.934 ലിറ്റർ മദ്യമാണ്. പിടികൂടിയത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നുമാണ് ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചത്. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കൈവശംവയ്ക്കാവുന്ന മദ്യത്തിന്റെ പരിധി

കേരള അബ്‌കാരി ആക്ട് ആണ് കുറ്റകൃത്യത്തിന്റെ അടിസ്ഥാനം. അറസ്റ്റും അന്വേഷണ നടപടികളുമാകട്ടെ പുതിയ ക്രിമിനൽ നിയമമായ ബി.എൻ.എസ്. പ്രകാരമാണ് മുന്നോട്ടുപോകുന്നത്. ലൈസൻസോ പെർമിറ്റോ ഇല്ലാതെ വ്യക്തിഗത ആവശ്യത്തിന് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് പരിമിതമാണ്. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മൂന്ന് ലിറ്ററും, ബിയറും ​വൈനും മൂന്നര ലിറ്ററും, വിദേശ നിർമിത വിദേശ മദ്യം രണ്ടര ലിറ്ററും, കള്ള് ഒന്നര ലിറ്ററും, കൊക്കോ ബ്രാൻഡി ഒരു ലിറ്ററുമാണ് ​കൈവശം വെക്കാവുന്ന പരിധി. ബെവ്‌കോ, കൺസ്യൂമർഫെഡ് ബില്ലുണ്ടെങ്കിൽ ഈ പരിധി മാത്രം ലംഘിച്ചാൽ സെക്ഷൻ 63 പ്രകാരം പിഴയടച്ച് തീർക്കാവുന്ന കുറ്റമായിത്തീരും. എന്നാൽ 66 ലിറ്ററിലധികം വരുന്ന വൻതോതിലുള്ള സൂക്ഷിപ്പും ഇതര സംസ്ഥാന, മിലിട്ടറി, വീട്ടുനിർമിത ബ്രാൻഡുകളുടെ സാന്നിധ്യവും സെക്ഷൻ 55-എ , 55 -ഐ, 58 പ്രകാരമുള്ള ജാമ്യമില്ലാ കുറ്റങ്ങളിലേക്ക് എത്തിക്കും.. പത്തു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. ഔദ്യോഗിക ഔട്ട്‌ലെറ്റുകളിൽ നിന്ന് നിയമപരമായി വാങ്ങിയതാണെങ്കിലും വ്യക്തിഗത പരിധിയിൽ അധികം കൈവശം വെച്ചാൽ പിഴയടച്ച് തീർക്കാവുന്ന സെക്ഷൻ 63 പ്രകാരം ​എക്സൈസ് കേസ് വരും. അതേസമയം, ഇതര സംസ്ഥാന മദ്യം, നികുതിവെട്ടിപ്പ്, വ്യാജമദ്യം, വിൽപന ലക്ഷ്യമിട്ടുള്ള സംഭരണം എന്നിവയിലാണ് സെക്ഷൻ 55, 58 പ്രകാരം ജാമ്യമില്ലാക്കുറ്റമാവുന്നത്.

ശാസ്ത്രീയ തെളിവുകൾ ആവശ്യം

പിടികൂടിയ ദ്രാവകത്തിൽ മീഥൈൽ ആൽക്കഹോൾ പോലുള്ള ജീവന് ഭീഷണിയാകുന്ന വിഷാംശം കലർന്നിട്ടുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ അബ്‌കാരിക്കൊപ്പം ബി.എൻ.എസ് വകുപ്പുകൾ കൂടി ചുമത്തപ്പെടും. ചെറിയ അളവിലുള്ള ലംഘനങ്ങളിൽ, ബില്ലുള്ള സ്റ്റോക്ക് അനുവദനീയമായ പരിധിയിൽ കൂടിയാൽ കൂടിയാൽ കോടതികൾ സാധാരണയായി പിഴയൊടുക്കി തീർക്കാൻ അനുമതി നൽകുന്ന ഉദാര സമീപനം സ്വീകരിക്കാറുണ്ട്. എന്നാൽ വലിയ ശേഖരവും വ്യാജവസ്തുക്കളുമുള്ള കേസിൽ കോടതികളുടെ നിലപാട് കർശനമായിരിക്കും. ഗൂഢാലോചന, നികുതിവെട്ടിപ്പ്, പൊതുസുരക്ഷ എന്നീ ഘടകം നോക്കിയാണ് ജാമ്യാപേക്ഷകളിൽ തീരുമാനമെടുക്കുന്നത്. ആന്റോയു​ടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതിൽ 860 മില്ലി മിലിട്ടറി മദ്യമുണ്ട്. സായുധ സേനാംഗങ്ങൾക്കും വിരമിച്ചവർക്കും സി.എസ്.ഡി ഡിപ്പോകളിൽ നിന്ന് സബ്‌സിഡി ക്വാട്ട ലഭിക്കുമെങ്കിലും, ഔദ്യോഗിക ഐ.ഡി കാർഡും ഒറിജിനൽ ക്യാഷ് മെമ്മോയും ഉണ്ടായിരിക്കണം. ബിൽ ഇല്ലെങ്കിൽ ഇത് നിയമവിരുദ്ധമായി ശേഖരിച്ചതായി കണക്കാക്കപ്പെടും.

കേസിന്റെ വിചാരണയിലും ജാമ്യഘട്ടത്തിലും ടേണിംഗ് പോയിന്റ്, കെമിക്കൽ അനാലിസിസ് റിപ്പോർട്ടാണ്. വീട്ടുനിർമിത വൈൻ യഥാർഥ ആൽക്കഹോൾ അടങ്ങിയ അബ്‌കാരി ഉൽപ്പന്നമാണോ അതോ പരമ്പരാഗത ഫ്രൂട്ട് ജ്യൂസ് ഫെർമെന്റേഷൻ മാത്രമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കണം. ഫെർമെന്റഡ് ജ്യൂസ് മാത്രമാണെങ്കിൽ അബ്‌കാരി നിർവചനത്തിൽ നിന്ന് ഒഴിവാകാനാകും. സാമ്പിൾ സീലിങ്, ലാബിലേക്ക് അയച്ച തീയതി എന്നിവയിലെ ശാസ്ത്രീയ പിഴവുകൾ പ്രതിഭാഗത്തിന് സംശയത്തിന്റെ ആനുകൂല്യം നൽകാൻ സാധ്യതയുമുണ്ട്. എക്സൈസ് മഹസർ വഴി സീൽ ചെയ്യുന്ന തൊണ്ടിമുതൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന് കണ്ടുകെട്ടാം. ശാസ്ത്രീയ തെളിവുകളുടെയും രേഖകളുടെയും പിൻബലത്തിലാണ് ഇത്തരം അബ്‌കാരി ഫയലുകളുടെ അന്തിമ വിധി നിർണയിക്കപ്പെടുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങൾ

കേരളത്തിൽ ഇങ്ങനെയാണെങ്കിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യം കൈവശം വയ്ക്കാനുള്ള പരിധിയും നിയമങ്ങളും വലിയ തോതിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഡൽഹിയിൽ വ്യക്തികൾക്ക് 9 ലിറ്റർ വരെ ഇന്ത്യൻ നിർമിതവിദേശ മദ്യവും, വിദേശ നിർമിത വിദേശ മദ്യവും 18 ലിറ്റർ ബീയറും കൈവശം വയ്ക്കാം. ഗോവയിൽ 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 15 .6 ലിറ്റർ ബീയറും അനുവദനീയമാണ്. കർണാടകയിൽ 2.3 ലിറ്റർ ഇന്ത്യൻ വിദേശ മദ്യവും 18.2 ലിറ്റർ ബീയറും, തമിഴ്‌നാട്ടിൽ 4..5 ലിറ്റർ വിദേശ മദ്യവുമാണ് പരിധി. എന്നാൽ ഗുജറാത്ത്, ബിഹാർ, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പൂർണമായും മദ്യനിരോധനമുണ്ട്. ഇവിടെ അനധികൃതമായി സൂക്ഷിച്ചാൽ കടുത്ത ജാമ്യമില്ലാ വകുപ്പുകൾ ബാധകമാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ വീടുകളിൽ വ്യക്തിഗത ആവശ്യത്തിന് മദ്യം സൂക്ഷിക്കാൻ പെർമിറ്റോ പ്രത്യേക പരിധികളോ ബാധകമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസില്ലാതെ മദ്യം കടത്തുന്നത് എല്ലാ സംസ്ഥാനങ്ങളിലും കുറ്റം തന്നെയാണ്.

തുടർ അന്വേഷണം നിർണായകം

മെസി തട്ടിപ്പ് വിവാദ അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോർട്ടർ ടി.വി. എം.ഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ എത്തിയത് എങ്കിലും അബ്കാരി​ കേസിലാണ് ആന്റോ കുടുങ്ങിയത്. ഇനി പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടവും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുമാണ് ആന്റോക്കെതി​രായ അബ്‌കാരി കേസിന്റെ അന്തിമ ഗതി നിർണയിക്കുക. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതോടെ ശനിയാഴ്ച ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് എക്സൈസ്. അതേസമയം, ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ ആന്റോ സമീപിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതോടെയും, എക്സൈസിന്റെ വിശദമായ ചോദ്യം ചെയ്യലിലൂടെയുമാകും ഈ അബ്കാരി കേസിൽ വ്യക്തമായ വഴിതിരിവുണ്ടാകുക.

SCROLL FOR NEXT