സോഷ്യല്‍ മീഡിയ വഴി യുവാക്കളില്‍ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധം ചരിത്രപരമെന്ന് വിശേഷിപ്പിക്കാതിരിക്കാന്‍ വയ്യ. സൈബര്‍ ലോകത്തു നിന്നിറങ്ങിയ യുവത്വം ഭരണകൂടത്തിനെതിരെ നടത്തിയ പ്രതിഷേധം അത്രമേല്‍ ശക്തമായിരുന്നു. രാജ്യത്തെ മുന്‍നിര പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും ഉള്ള യുവതയുടെ പ്രതികരണത്തിനായിരുന്നു ജന്തര്‍ മന്ദര്‍ സാക്ഷ്യംവഹിച്ചത്. ദേശീയ പരീക്ഷകളിലെ വീഴ്ചകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആയിരുന്നു ആവശ്യം എന്നതിനാല്‍ ആ പ്രതിഷേധം എന്‍ഡിഎ ഭരണകൂടം ശരിക്കും ഭയപ്പെട്ടിരുന്നു. അമേരിക്കയില്‍ നിന്ന് അംബേദറുടെ പുസ്തകവും കൈയിലേന്തി ഇന്ത്യയില്‍ തിരിച്ചെത്തിയ സി.ജെ.പി സ്ഥാപകന്‍ അഭിജീത്ത് തന്നെയായിരുന്നു മുന്നേറ്റത്തിന്റെ കുന്തമുന.
ഡല്‍ഹിയിലെ പാറ്റ വിപ്ലവം
'കോക്രോച്ച് ജനത പാര്‍ട്ടി' എന്ന ഓണ്‍ലൈന്‍ സറ്റയര്‍ രാഷ്ട്രീയ കൂട്ടായ്മ പെട്ടെന്നു തന്നെയാണ് രാഷ്ട്രീയരംഗം പിടിച്ചടക്കിയത്. വളരെ കുറച്ചു ദിനങ്ങള്‍കൊണ്ട് അവര്‍ സമൂഹമാധ്യമങ്ങളിലും ചെറുപ്പക്കാര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ പ്രവണതയായി മാറി. വൈകാതെ ഭരണകക്ഷിക്ക് വലിയ തലവേദനയായി സി.ജെ.പി മാറി. തൊഴിലില്ലാത്ത ചെറുപ്പക്കാരെ 'കോക്രോച്ച്' എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമര്‍ശങ്ങളാണ് സി.ജെ.പിയുടെ തുടക്കം. തങ്ങളെല്ലാവരും 'പാറ്റകള്‍' ആണെന്ന് പ്രഖ്യാപിച്ച് മുന്നോട്ടുവന്ന അഭിജീത് ദിപ്കെ ആണ് സി.ജെ.പിയുടെ മുഖ്യ സംഘാടകന്‍. 2020-23 കാലത്ത് ആം ആദ്മി പാര്‍ട്ടിയുടെ സമൂഹമാധ്യമ സംഘത്തില്‍ വളന്റിയറായിരുന്നു അഭിജീത്. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ മുപ്പതുകാരന്റെ താമസവും അമേരിക്കയിലാണ്.
അഭിജീത്തിന്റെ തിരിച്ചുവരവും ജന്തര്‍ മന്ദര്‍ പ്രതിഷേധവും
"ഞാന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നു. ഇനി എന്റെ ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ കൈകളിലാണ്" എന്ന് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എക്‌സില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത്ത് വ്യക്തമാക്കിയിരുന്നു. ബി.ആര്‍. അംബേദ്കറുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ചാണ് അഭിജീത് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നത്. തുടര്‍ന്നായിരുന്നു ഡല്‍ഹിയെ ഇളക്കിമറിച്ച സി.ജെ.പിയുടെ പ്രതിഷേധം. പാര്‍ട്ടിയുടെ ടീഷര്‍ട്ടിട്ട്, പൂവും ഭരണഘടനയും കൈയില്‍ വെച്ചായിരുന്നു യുവജനങ്ങള്‍ ജന്തര്‍ മന്ദറിലേക്ക് ഒഴുകിയത്.
നീറ്റ് പരീക്ഷാ ചോര്‍ച്ചയെ തുടര്‍ന്ന് പതിനേഴോളം വിദ്യാര്‍ഥികള്‍ ആത്മഹത്യചെയ്ത പശ്ചാത്തലത്തില്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് സി.ജെ.പി ഇപ്പോള്‍ ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയ ആവശ്യം. ഈ മുന്നേറ്റം കേന്ദ്ര ഭരണകൂടത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്. സി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെടുകയും, 'എക്സ്' അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു. പലതരത്തിലുള്ള ആക്രമണങ്ങളും സംഘടന നേരിടുന്നുണ്ട്. ജാതി, വംശീയ അധിക്ഷേപങ്ങളും കുറവല്ല.
യുവ മുന്നേറ്റം വീക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
സാമൂഹിക മാധ്യമങ്ങളിലെ മുന്നേറ്റം തെരുവിലെത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന് വീക്ഷിക്കുകയായിരുന്നു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം. പ്രതിഷേധം തടഞ്ഞാല്‍ ഉണ്ടാകുന്ന പ്രതികരണങ്ങളേക്കാള്‍ അവ നടത്തി അവസാനിപ്പിക്കുകയാണ് നല്ലതെന്ന നിലപാടിലായിരുന്നു കേന്ദ്ര ഭരണകൂടം. എസ്എഫ്ഐയും ഐസയും ഉള്‍പ്പെടെ ഏതാനും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്‍ സംഘടന രൂപമില്ലാതെ അണിചേരാന്‍ എത്തിയിരുന്നു. എ.എ പി സംഘടന പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ തൃണമുല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി ഉള്‍പ്പെടെ നേതാക്കള്‍ പ്രതിഷേധത്തിന് അനുകൂല പ്രസ്താവനകളിറക്കുകയും പല പ്രവര്‍ത്തകരും അണിചേരുകയും ചെയ്തു. ആദ്യ പ്രതിഷേധം എന്ന നിലക്ക് ഒരു രാഷ്ട്രീയ ആവശ്യം ഉന്നയിക്കാന്‍ സി.ജെ.പി എന്ന സാമൂഹിക കൂട്ടായ്മക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. നീറ്റ് പരീക്ഷ ചേദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാര്‍ഥികളുടെ ആത്മഹത്യ, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടി മന്ത്രിയുടെ രാജി ആവശ്യം ഉന്നയിക്കാനുള്ള രാഷ്ട്രീയ പരിസരം ഉരുത്തിരിഞ്ഞിട്ടുണ്ട്. മാത്രമല്ല, വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധമല്ലാതെ ഔദ്യോഗിക രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളും ഇടപെടലും ഉണ്ടായെങ്കിലും പ്രക്ഷോഭത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. രാഷ്ട്രീയ കക്ഷികളുടെ ഈ നിലപാട് യുവജനങ്ങളില്‍ ഉണ്ടാക്കിയ അസംതൃപ്തി ചെറുതല്ല.
ജനകീയ പ്രതിഷേധങ്ങള്‍ ആര് ഉയര്‍ത്തും
ലക്ഷക്കണക്കിന് യുവാക്കള്‍ സ്വയം 'കോക്രോച്ചുകള്‍' എന്ന് വിശേഷിപ്പിച്ച് അണിനിരക്കുമ്പോള്‍, അവിടെ വെളിപ്പെടുന്നത് ഒരു തലമുറയുടെ ആഴത്തിലുള്ള നിരാശയും വ്യവസ്ഥിതിയോടുള്ള അമര്‍ഷവുമാണ്. ഇത് ഇന്ത്യന്‍ യുവത്വത്തിന്റെ വിഹ്വലമായ മാനസികാവസ്ഥയെക്കുറിച്ചുള്ള കൃത്യമായ രാഷ്ട്രീയ മുന്നറിയിപ്പാണ്. വലിയൊരു വിഭാഗം യുവാക്കള്‍ക്ക് ഇന്ന് സ്വന്തം ജീവിതം തന്നെ ഒടുങ്ങാത്തൊരു മത്സരപരീക്ഷയായി മാറിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അവര്‍ അഭിമുഖീകരിച്ചത് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. വിലക്കയറ്റത്തില്‍ ഉലയുന്ന കുടുംബങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, അസ്ഥിരമായ തൊഴില്‍ സാഹചര്യങ്ങള്‍, തുടര്‍ച്ചയാകുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍, തകര്‍ന്നടിയുന്ന പൊതുസംവിധാനങ്ങള്‍. ഇവിടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പരാജയം പ്രകടമാകുന്നത്. യുവാക്കളുടെ ഈ പ്രകോപനത്തെയും ആത്മരോഷത്തെയും വ്യവസ്ഥാപിതമായ ജനകീയ പ്രക്ഷോഭങ്ങളാക്കി മാറ്റുന്നതില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പാടെ പരാജയപ്പെട്ടതിന്റെ പരിണതിയാണ് ഇപ്പോൾ ഉയര്‍ന്ന ജെന്‍ സീ പ്രതിഷേധം. ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കുന്ന ഇന്ധന വില വര്‍ധനവിനെതിരെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് തന്നെ മികച്ച ഉദാഹരണം.
'കോക്രോച്ച് രാഷ്ട്രീയത്തിന്റെ' ജനപ്രിയതക്ക് പിന്നില്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ കൃത്യമായ രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയോ വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്ത ചില സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ കൂട്ടായ്മകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. കര്‍ഷക സമരത്തിന്റെ വിജയം, ജെല്ലിക്കെട്ട് പ്രതിഷേധം, ഡല്‍ഹി കൂട്ടബലാത്സംഗ കേസിന് പിന്നാലെ ഉയര്‍ന്ന ജസ്റ്റിസ് ഫോര്‍ നിര്‍ഭയ കാമ്പെയ്ന്‍, മീ ടു കാമ്പയിന്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യയിലെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പാരമ്പര്യം എന്നും തെരുവുകളിലായിരുന്നു രൂപപ്പെട്ടത്. ജനങ്ങളുടെ വേദനകളെ ഭരണകൂടത്തോടുള്ള മൂര്‍ച്ചയുള്ള രാഷ്ട്രീയ ചോദ്യങ്ങളാക്കി മാറ്റിയത് ജനങ്ങള്‍ക്കൊപ്പം തെരുവിലിറങ്ങിയ പ്രതിപക്ഷങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം ജനങ്ങളിലേക്ക് ഇറങ്ങുകയും, ബാക്കി കാലം ഡിജിറ്റല്‍ ഇടങ്ങളിലെ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന രാഷ്ട്രീയം, ഭരണവര്‍ഗ്ഗത്തില്‍ ഒരു സമ്മര്‍ദവും സൃഷ്ടിക്കില്ല. ഇവിടെയാണ് തെരുവിലിറങ്ങുന്ന ജെന്‍സീ പ്രക്ഷോഭങ്ങള്‍ ജനപ്രിയമാകുന്നത്. ഈ കൂട്ടായ്മക്ക് പിന്നില്‍ ആരാണ്, എന്തൊക്കെയാണ് എന്നീ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. കോടതിയിലും ഇക്കാര്യത്തിലുള്ള അന്വേഷണങ്ങള്‍ ഹര്‍ജികളായി എത്തിയിട്ടുണ്ട്. മുഖ്യധാര പ്രതിപക്ഷ പാര്‍ട്ടികളും സംശയത്തോടെ ഈ കൂട്ടായ്മയെ കൈയകലത്തില്‍ തന്നെയാണ് നിറുത്തിയിട്ടുള്ളത്.
പാറ്റവിപ്ലവം ചൂണ്ടുപലകയാണ്
ഡിജിറ്റല്‍ ലോകത്തെ 'മീം' സംസ്‌കാരത്തില്‍ നിന്ന് തെരുവിലെ ജനകീയ പ്രതിരോധങ്ങളിലേക്ക് 'കോക്രോച്ച് ജനതാ പാര്‍ട്ടി' നടത്തുന്ന ചുവടുമാറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല അവസ്ഥയിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയാണ്. ലക്ഷക്കണക്കിന് യുവാക്കളുടെ ആത്മരോഷവും നിരാശയും തെരുവില്‍ പ്രകടമാകുമ്പോള്‍, അത് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത മുന്നറിയിപ്പായി മാറുന്നു. എന്നാല്‍, അതിനേക്കാളേറെ അത് വിരല്‍ ചൂണ്ടുന്നത് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ രാഷ്ട്രീയ ചോദ്യങ്ങളാക്കി മാറ്റാന്‍ കഴിയാതെ പോയ മുഖ്യധാരാ പ്രതിപക്ഷത്തിന്റെ ദയനീയ പരാജയത്തിലേക്കാണ്. വെറുമൊരു സറ്റയര്‍ പ്ലാറ്റ്ഫോമായി തുടങ്ങി, പിന്നീട് വ്യവസ്ഥിതിയെ വിറപ്പിക്കുന്ന ജനകീയ ശക്തിയായി മാറിയ ആഗോള 'ജെന്‍സി' പ്രക്ഷോഭങ്ങളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. കെനിയയിലെയും ബംഗ്ലാദേശിലെയും തെരുവുകളില്‍ യുവത്വം കുറിച്ച അതേ വിപ്ലവചരിത്രമായി ഈ മുന്നേറ്റം മാറുമോ എന്ന ആശങ്കയാണ് ഭരണകൂടത്തിനുള്ളത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം, ജനങ്ങളുടെ ദൈനംദിന അതിജീവന സമരങ്ങളെ വിപ്ലവകരമായി നയിക്കാന്‍ തെരുവിലിറങ്ങുന്ന ഒരു ബദല്‍ രാഷ്ട്രീയ സംസ്‌കാരത്തിന് മാത്രമേ ഇനി ഇന്ത്യന്‍ ജനാധിപത്യത്തെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ കഴിയൂ എന്ന് ഈ 'കോക്രോച്ച് രാഷ്ട്രീയം' അടിവരയിട്ട് പ്രഖ്യാപിക്കുന്നു.