Spotlight| കടം ഒരു ഭീകരജീവി ആണോ?

അത്ര ഭയപ്പെടേണ്ടതില്ലെന്നും കൃത്യമായ സാമ്പത്തിക അച്ചടക്കത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ധവളപത്രത്തിലെ കടക്കണക്ക് വെളിപ്പെടുത്തുന്നുള്ളൂ എന്ന വിലയിരുത്തലുമായി സാമ്പത്തിക വിദഗ്ധരും മുന്നോട്ടുവന്നിട്ടുണ്ട്
Spotlight| കടം ഒരു ഭീകരജീവി ആണോ?
Published on
Updated on

സംസ്ഥാനത്തിന്റെ കടത്തിന്റെ കഥകള്‍ തന്നെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കേരളത്തിന്റെ ആകെ ഔദ്യോഗിക കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ധവളപത്രം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടംകയറി മുടിഞ്ഞു എന്ന വിലയിരുത്തല്‍ ഉരുത്തിരിഞ്ഞത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 35.5 ശതമാനത്തോളമാണ് കടബാധ്യത. ഇത് ദേശീയ ശരാശരിയായ 29.2 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണ്. കടക്കെണിയിലാകാതിരിക്കാന്‍ 32 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നതെങ്കിലും അത് സാധിച്ചില്ല. ഭരണത്തിലെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് അസുഖമെന്ന് കണ്ടെത്തി പരിഹാരനടപടികളിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടം ഒരു വലിയ ഭീകരജീവി ആണ് എന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പൊടിപൊടിക്കുകയാണ്. അത്ര ഭയപ്പെടേണ്ടതില്ലെന്നും കൃത്യമായ സാമ്പത്തിക അച്ചടക്കത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ധവളപത്രത്തിലെ കടക്കണക്ക് വെളിപ്പെടുത്തുന്നുള്ളൂ എന്ന വിലയിരുത്തലുമായി സാമ്പത്തിക വിദഗ്ധരും മുന്നോട്ടുവന്നിട്ടുണ്ട്.

കടം ഒരു വലിയ ഭീകരജീവി ആണോ?

സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോമര്‍ പറഞ്ഞത് ഇങ്ങനെയാണ്, ''കടമെടുത്താല്‍ പലിശ കൊടുക്കണം. ഈ പലിശനിരക്കിനെക്കാള്‍ വേഗത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വരുമാനം വര്‍ധിച്ചുകൊണ്ടിരുന്നാല്‍ കടം സുസ്ഥിരമാണ്. അല്ലെങ്കില്‍ അസ്ഥിരവും''. എല്ലാ മാര്‍ക്കറ്റുകളും കെട്ടിപ്പൊക്കിയിരിക്കുന്നത് കടമെടുത്ത് നിക്ഷേപം നടത്തിയിട്ടാണ്. ആധുനിക ധനശാസ്ത്രമനുസരിച്ച് കടമെടുക്കാതെ ഒരു വിപണിക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. അതിനാല്‍ എന്തിന് കടമെടുക്കുന്നു എന്നത് പ്രധാനമാണ്. കടമെടുത്ത് ലഭിക്കുന്ന പണം ശരിയായ രീതിയില്‍ മൂലധന ചെലവുകള്‍ക്കായി ഉല്‍പാദനപരമായി വിനിയോഗിച്ചാല്‍ അത് ഗുണം ചെയ്യും. ഉദാഹരണത്തിന്, റോഡുകള്‍, റെയില്‍വേ എന്നിവ പോലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു രൂപ ചെലവഴിച്ചാല്‍ അത് സമൂഹത്തിന് ആഭ്യന്തര ഉല്‍പാദന വര്‍ധനവിലൂടെ രണ്ടിരട്ടി മുതല്‍ നാലിരട്ടി വരെയായി തിരികെ ലഭിക്കും. അതേസമയം കടമെടുത്ത പണം കൃത്യമായ ലാഭം തരുന്ന കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെങ്കില്‍ അത് വലിയ ബാധ്യതയായി മാറുകയും ചെയ്യും. ഈ ചോദ്യമുനയിലാണ് കിഫ്ബി എന്ന ധനകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്. വി.ഡി.സതീശന്‍ ഒരു പരിധിവരെ ധവളപത്രത്തിലൂടെ അതിന് തുനിഞ്ഞിട്ടുമുണ്ട്.

Spotlight| കടം ഒരു ഭീകരജീവി ആണോ?
ധവളപത്രം: മുണ്ടുമുറുക്കിയെടുക്കാതെ ഇനി രക്ഷയില്ല; പ്രതിസന്ധിക്കുള്ള മരുന്ന് ഫലിക്കുമോ?

കേന്ദ്രത്തിന്റെ കടം എത്രയാണ്?

കേരളീയന്റെ തലയില്‍ രണ്ട് തരത്തിലുള്ള കടമാണ് വരുന്നത്. ഒന്ന് സംസ്ഥാനം എടുക്കുന്നതും മറ്റൊന്ന് കേന്ദ്രം എടുക്കുന്ന കടവും. കേരള-കേന്ദ്ര സര്‍ക്കാരുകളുടെ കടമെടുപ്പ് ആളോഹരിയായി വീതം വെക്കുന്നതില്‍ കാര്യമില്ല. മറിച്ച് ജി.ഡി.പി.യുമായി താരതമ്യം ചെയ്യുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്. എങ്കിലും അക്കാദമിക താല്‍പര്യത്തിന്റെ പേരില്‍ ആളോഹരി വീതം വെച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആളോഹരി കടം ഏകദേശം 1.43 ലക്ഷത്തോളം വരും. കേന്ദ്ര ബജറ്റ് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ കടബാധ്യത ഏകദേശം 200 ലക്ഷം കോടി രൂപയാണ്. കേന്ദ്രത്തിന്റെ ആളോഹരി ബാധ്യത കണക്കാക്കിയാലും ഏകദേശം 1.40 ലക്ഷം വരും. കേന്ദ്ര സര്‍ക്കാരിന്റെ ആകെ കടം, മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 55.6 ശതമാനം ആണെന്നത് ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്. കേരളത്തിന്റെത് 35.5 ശതമാനം ആണെന്നതും വസ്തുത ഇതാണെങ്കിലും മറ്റ് പ്രധാന വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കേന്ദ്രസര്‍ക്കാരിന്റെത് സുരക്ഷിതമായ ഒരു പരിധിയാണെന്നാണ് അന്താരാഷ്ട്ര ഏജന്‍സികളുടെ വിലയിരുത്തല്‍. വികസന ഫണ്ടുകള്‍ക്കായി അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കടബാധ്യതയുടെ ഉള്‍പിരിവുകള്‍ കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയുടെ കടത്തിന്റെ സിംഹഭാഗവും ആഭ്യന്തര സ്രോതസ്സുകളില്‍ നിന്നുള്ളതാണ് . വിദേശ കടം വളരെ കുറവായതുകൊണ്ട് തന്നെ രാജ്യം വലിയൊരു സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകാനുള്ള സാധ്യതയില്ല.

മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ

കടത്തുകയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ രാജ്യത്തെ സംസ്ഥാനങ്ങളില്‍ എട്ടോ, ഒന്‍പതോ സ്ഥാനത്തേ കേരളം വരൂ. 9.5 ലക്ഷം കോടിയിലധികം കടബാധ്യതയുമായി തമിഴ്നാട് മുമ്പിലും തൊട്ടുപുറകെ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ഉണ്ട്. തമിഴ്‌നാടും മഹാരാഷ്ട്രയും വലിയ തുക കടമെടുക്കുന്നുണ്ടെങ്കിലും അവരുടെ ആഭ്യന്തര ഉല്‍പ്പാദനവും വരുമാനവും വളരെ ഉയര്‍ന്നതായതുകൊണ്ട് അവരുടെ കട-വരുമാന അനുപാതം സുരക്ഷിതമായ പരിധിയിലാണ്. എന്നാല്‍ പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വരുമാനത്തേക്കാള്‍ കടബാധ്യതയുടെ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതു കൊണ്ടാണ് ഇവ ധനകാര്യ സമ്മര്‍ദ്ദമുള്ള സംസ്ഥാനങ്ങളായി വിലയിരുത്തപ്പെടുന്നത്. അതേസമയം കട-വരുമാന അനുപാതം വെച്ചുള്ള നീതി ആയോഗിന്റെ കണക്ക് നോക്കിയാല്‍ കൂടുതല്‍ കടമുള്ള സംസ്ഥാനങ്ങളില്‍ കേരളം നാലാമതാണ്. പഞ്ചാബാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നില്‍ പശ്ചിമ ബംഗാളും രാജസ്ഥാനും. ഏതു സംസ്ഥാന സര്‍ക്കാരിന്റെയും കടം വിലയിരുത്തേണ്ടത് കടവും സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പാദനവും തമ്മിലെ അനുപാതം നോക്കിയാണ്. 2020-21ല്‍ 41.35 ശതമാനമായിരുന്ന സംസ്ഥാനത്തിന്റെ ഈ അനുപാതം ഇന്ന് 35.5 ശതമാനമാണ്.

Spotlight| കടം ഒരു ഭീകരജീവി ആണോ?
നിയമനിര്‍മാണത്തില്‍ നിയമസഭക്ക് റോളില്ലേ?

കടമെടുത്താല്‍ ബാധ്യതയുണ്ടാവില്ലേ

കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം. 2025ല്‍ 262 ദിവസം സര്‍ക്കാരിന്റെ ദിവസേനയുള്ള വരവ്-ചെലവ് വ്യത്യാസം നികത്താന്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന താല്‍ക്കാലിക വായ്പയെയും 84 ദിവസം ഓവര്‍ ഡ്രാഫ്റ്റിനെയും ആശ്രയിക്കേണ്ടിവന്നു. സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്ന് കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ്. നാലു വര്‍ഷത്തിനിടെ കേരളത്തിനുള്ള കേന്ദ്രവിഹിതം 34 ശതമാനത്തില്‍നിന്ന് 25 ശതമാനമായി. എന്നാല്‍, തനതു വരുമാനത്തിലുണ്ടായ വര്‍ധന കാരണം നമുക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. കടമെടുത്തു തന്നെയാണ് കേരളം വികസന പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കിയത്.

വ്യക്തിയായാലും സര്‍ക്കാരായാലും വായ്പയെടുത്താല്‍ മുതലും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ, വായ്പ നിക്ഷേപത്തിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാധ്യതയ്ക്ക് ബദലായി ആസ്തികള്‍ സൃഷ്ടിക്കപ്പെടും. കടത്തിന്റെ ബാധ്യതയും അതു സൃഷ്ടിച്ച ആസ്തിയും ഒത്തുപോകും. എന്തിനുവേണ്ടി കടമെടുക്കുന്നുവെന്നുള്ളതാണു പ്രധാനം. സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കാണു കടമെടുക്കുന്നതെങ്കില്‍ അത് ഊരാക്കുടുക്കാകും. ധനപ്രതിസന്ധിക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടികള്‍ എന്തൊക്കെയാണ് എന്ന് അറിയാനുള്ള ജിജ്ഞാസയിലാണ് കേരള സമൂഹം. എന്തൊക്കെ മരുന്നുകളാണ് അതിനായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൈയിലുള്ളത് എന്നറിയാന്‍ നമുക്ക് ബജറ്റ് വരെ കാത്തിരിക്കാം.

News Malayalam 24x7
newsmalayalam.com