OPINION

തിരുത്തി വളരാന്‍ സിപിഐഎം

ജനങ്ങളിലേക്ക് തിരികെ നടക്കാനും സമരവീര്യം വീണ്ടെടുക്കാനുള്ള തീരുമാനം എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടതു തന്നയാ

Author : പി.പി. പ്രശാന്ത്

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന ഘടകത്തില്‍ ദേശീയ നേതൃത്വത്തിന്റെയും പൊളിറ്റ് ബ്യൂറോയുടെയും ശക്തമായ ഇടപെടലുകള്‍ വന്നിരിക്കുന്നു. സംസ്ഥാന കമ്മിറ്റിയുടെ തലപ്പത്ത് അടിമുടി അഴിച്ചുപണിക്കാണ് വിപുലീകൃത കമ്മിറ്റിയില്‍ തീരുമാനം വന്നിരിക്കുന്നത്. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന. ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും ഒഴിവായിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പാര്‍ട്ടി ശാസിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. യുവമുഖങ്ങളെ ഉള്‍പ്പെടുത്തി സമഗ്ര അഴിച്ചുപണി നടത്തിയിരിക്കുകയാണ് സിപിഐഎം. തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട വന്‍ വിമര്‍ശനങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി കടന്നു പോയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും പിണറായി വിജയനെതിരേയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

തിരുത്തി വളരാന്‍ സിപിഐഎം

സമീപകാല തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികള്‍ പാര്‍ട്ടിക്കേറ്റ വലിയ പ്രഹരമായിരുന്നുവെന്നും, ജനവികാരം തിരിച്ചറിഞ്ഞ് സംഘടനാപരമായി ശക്തമായ തിരുത്തലുകള്‍ വേണമെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ പുനഃസംഘടന. പാര്‍ട്ടി കോട്ടകളില്‍ പോലും തിരിച്ചടികള്‍ നേരിട്ടത് ഗൗരവമായി കണ്ട്, താഴെത്തട്ടു മുതല്‍ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കാനും മൂന്നു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നേതൃമാറ്റങ്ങളും ഘടനാപരമായ അഴിച്ചുപണികളും ഉണ്ടായിരിക്കുന്നത്. സിപിഐഎമ്മിലെ പിണറായി ധ്രുവത്തിന് കൊടുംപ്രഹരം കൂടിയാണ് ഈ മാറ്റം. പല ഘട്ടങ്ങളിലും സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ ലഘൂകരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും കേന്ദ്ര കമ്മിറ്റി പ്രതിനിധികളുടെ ശക്തമായ ഇടപെടലിലൂടെ പാര്‍ട്ടിയില്‍ മാറ്റം സാധ്യമാക്കാനായി. തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഉത്തരവാദികള്‍ ഉണ്ടായേ മതിയാകൂ എന്നും, സംസ്ഥാന സെക്രട്ടറിക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത്. എം.വി. ഗോവിന്ദനെതിരെയുള്ള നടപടികള്‍ ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും, ശക്തമായ നടപടി വേണമെന്ന് എം.എ. ബേബി ഉള്‍പ്പെടെയുള്ളവര്‍ കര്‍ശന നിലപാടെടുത്തു. പാര്‍ട്ടിക്ക് പരമ്പരാഗതമായി വലിയ സ്വാധീനമുള്ള കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള ശക്തനായ നേതാവ് പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയത് വളരെ തന്ത്രപ്രധാനമായ നീക്കമാണ്. തെരഞ്ഞെടുപ്പ് തിരിച്ചടികളെ തുടര്‍ന്ന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ഉണ്ടായ മരവിപ്പ് മാറ്റാനും, താഴെത്തട്ടില്‍ പാര്‍ട്ടിയെ ഉണര്‍ത്തി പ്രവര്‍ത്തിപ്പിക്കാനും ജനകീയ മുഖമുള്ള പി. ജയരാജന്റെ സാന്നിധ്യം സംസ്ഥാന നേതൃത്വത്തിന് കരുത്താകും എന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.

മുതിര്‍ന്ന നേതാവായ പി. ജയരാജന്‍ ഔദ്യോഗിക നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. പി. ജയരാജനെ കേന്ദ്രീകരിച്ച് വ്യക്തിപൂജ വളരുന്നു എന്ന വിമര്‍ശനം പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി നേരത്തെ ഉയര്‍ത്തിയതാണ്. ഇ.പി. ജയരാജനെതിരായ റിസോര്‍ട്ട് വിവാദം പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത് പി. ജയരാജനായിരുന്നു എന്നത് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിൻ്റെ സ്വാരസ്യത്തിന് കാരണമായി. പിന്നീട് നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ തന്റെ പരാതികള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്ന അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പാര്‍ട്ടി പുനഃസംഘടനകളില്‍ അദ്ദേഹത്തെ പ്രധാന ഭാരവാഹിത്വങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.

പാര്‍ട്ടി സര്‍ക്കാരിന്റെ ഒരു നിഴല്‍സംഘടനയോ?

തുടര്‍ഭരണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം നേരിടുന്ന സംഘടനാപരമായ ദൗര്‍ബല്യങ്ങളും വീഴ്ചകളും വിലയിരുത്തി അതിനുള്ള പരിഹാരമാര്‍ഗങ്ങളായിരുന്നു വിപുലീകൃത സംസ്ഥാന സമിതി തേടിയത്. തുടര്‍ച്ചയായ ഭരണത്തിലൂടെ പാര്‍ട്ടി സര്‍ക്കാരിന്റെ നിഴല്‍സംഘടനയായി മാറിയെന്നും, അധികാരകേന്ദ്രീകരണം ഒരാളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുണ്ടാക്കിയെന്നും സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളിലേക്ക് തിരികെ നടക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് അഴിച്ചുപണിയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടല്‍, രാഷ്ട്രീയവല്‍ക്കരണത്തിന്റെ കുറവ്, നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റദൂഷ്യം, റെസിഡന്‍സ് അസോസിയേഷനുകള്‍ പോലുള്ള കൂട്ടായ്മകളിലെ നിഷ്‌ക്രിയത്വം എന്നിവയാണ് പ്രധാന കണ്ടെത്തലുകളായി വിലയിരുത്തിയിരിക്കുന്നത്. കൂടാതെ, ഇടത്തരം വിഭാഗങ്ങളെയും കര്‍ഷകരെയും പൂര്‍ണ്ണമായി ഒപ്പം നിര്‍ത്താന്‍ കഴിയാത്തതും, യുവാക്കള്‍ക്കിടയില്‍ വര്‍ഗീയവാദികളും അരാഷ്ട്രീയവാദികളും സ്വാധീനം ചെലുത്തുന്നതും വലിയ ദൗര്‍ബല്യങ്ങളാണ്.

കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തിപരവും സംഘടനാപരവുമായ ഉത്തരവാദിത്വം നിര്‍വഹിച്ചില്ലെന്നും സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനം നേതൃത്വം ശരിവെച്ചു. എം.എ. ബേബിയുടെ മറുപടിയിലാണ് ഈ വിമര്‍ശനങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെട്ടത്. സംസ്ഥാന സമിതിയിലേക്ക് 9 പുതിയ യുവമുഖങ്ങളെ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയില്‍ വലിയൊരു തലമുറമാറ്റത്തിന് അടിത്തറയിടുന്നു. എം. വിജിന്‍, ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ് തുടങ്ങിയ യുവനേതാക്കളുടെ കടന്നുവരവ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പുതിയ ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ. യുവജനങ്ങളെയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പാര്‍ട്ടിയെ യുവത്വത്തിലേക്ക് നയിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി കാണാം.

ഇഡി: ആര്‍എസ്‌എസിന്റെ ഗൂഢ നീക്കം

തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ച വിപുലീകൃത കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയിലേക്ക് യുവാക്കളെയും വനിതകളെയും സ്ഥിരം ക്ഷണിതാക്കളാക്കി കൊണ്ടുള്ള സുപ്രധാന മാറ്റങ്ങള്‍ വരുത്തുകയും, വര്‍ഗീയതക്കെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മൂന്ന് പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായ പി.എ. മുഹമ്മദ് റിയാസിനെതിരെ നടക്കുന്നത് നേരത്തെ തയ്യാറാക്കിയ കള്ളക്കഥ അനുസരിച്ചുള്ള ഇഡിയുടെ ഗൂഢ നീക്കമാണെന്ന പ്രമേയം സമിതിയില്‍ അവതരിപ്പിച്ചു. വ്യാജ തെളിവുകള്‍ നിരത്തി രാഷ്ട്രീയ പ്രേരിതമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഢനീക്കം ആണ് ഇഡിയിലൂടെ നിറവേറ്റുന്നതെന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനെതിരെ ദീര്‍ഘകാലമായി നടക്കുന്ന ഇഡി അക്രമണങ്ങള്‍ക്ക് ഒടുവില്‍ ഒട്ടും തെളിവില്ലാതെ ആയതിനാല്‍ കള്ളക്കഥയുമായി ഇ ഡി രംഗത്തിറങ്ങിയിരിക്കുകയണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയെ ഉയര്‍ത്താന്‍ പുതുവഴികള്‍

വീഴ്ചകള്‍ പരിഹരിക്കുന്നതിനായി ബ്രാഞ്ച് തലം മുതല്‍ സംഘടനയെ ഉണര്‍ത്തിക്കൊണ്ടുവരാനുള്ള പുതുവഴികളാണ് പാര്‍ട്ടി ആലോചിക്കുന്നത്. പ്രാദേശിക അടിസ്ഥാനത്തില്‍ അനുഭാവി ഗ്രൂപ്പുകള്‍ രൂപീകരിക്കുക, പാര്‍ട്ടി വിദ്യാഭ്യാസത്തിനായി മൊബൈല്‍ ആപ്പുകളും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുക, നവമാധ്യമങ്ങളില്‍ താഴെത്തട്ടു വരെ കൃത്യമായ ഇടപെടലുകള്‍ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതിനായി മുന്നോട്ടുവെച്ചു. ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക, നേതാക്കളുടെ പ്രസംഗശൈലി ജനകീയമാക്കുക, ഐ.ടി. അടക്കമുള്ള പുതിയ തൊഴില്‍മേഖലകളില്‍ സംഘടന വ്യാപിപ്പിക്കുക, വിശ്വാസികളെ അകറ്റാത്ത സമീപനം സ്വീകരിക്കുക എന്നിവയാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന പ്രധാന പരിഹാര നിര്‍ദേശങ്ങള്‍. പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന മുഖം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇടത്തരം വിഭാഗങ്ങളെയും ഒപ്പംകൂട്ടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതേസമയം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ അസാധാരണമായ വെല്ലുവിളികളാണ് നേരിടുന്നതെന്നും, അത്തരം സാഹചര്യങ്ങളിലാണ് അസാധാരണമായ തീരുമാനങ്ങള്‍ എടുത്തതെന്നും എം.എ. ബേബി വ്യക്തമാക്കി. ജനങ്ങളിലേക്ക് തിരികെ നടക്കാനും സമരവീര്യം വീണ്ടെടുക്കാനുള്ള തീരുമാനം എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടതു തന്നയാണ്.

SCROLL FOR NEXT