ഇ 20 പെട്രോൾ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കില്ലെന്ന് പലതവണ ഉറപ്പിച്ചുപറഞ്ഞിരുന്ന കേന്ദ്രസർക്കാർ ഒടുവിൽ അത് തിരുത്തിയിരിക്കുന്നു. 2005 ഏപ്രിൽ ഒന്നിനും 2016 നും ഇടയിൽ നിർമിച്ച ബിഎസ് മൂന്ന് വാഹനങ്ങളിൽ ഇ 20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനത്തിലെ ചില റബർ ഭാഗങ്ങളും എൻജിൻ ഗാസ്കറ്റുകളും മാറ്റേണ്ടിവന്നേക്കാമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചത്.
പുതിയ ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുമെന്ന് വ്യക്തമായിരിക്കെ അതിൻ്റെ ഉത്തരവാദിത്തം ആർക്കാണെന്നാണ് വാഹന ഉടമകൾ ചോദിക്കുന്നത്. എന്നാൽ എന്തുവന്നാലും ഇ 20 പെട്രോൾ രാജ്യവ്യാപകമായി നടപ്പാക്കുന്നതിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനിടെ ഇ 20 പെട്രോൾ ഉപയോഗത്തിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ഇന്ത്യൻ വാഹന ഉടമകൾക്ക് നഷ്ടമായത് 88,234 കോടി ആണെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നുണ്ട്.
ഇ 20: ഒടുവിൽ കേന്ദ്രത്തിന് കുറ്റസമ്മതമോ?
പഴയ ബി.എസ്.-3 വാഹനങ്ങളിലെ ചില റബ്ബർ ഭാഗങ്ങളും ഗ്യാസ്‌കറ്റുകളും ഇ20 പെട്രോളിൽ ഓടിക്കുമ്പോൾ മാറ്റേണ്ടി വന്നേക്കാമെന്ന് കേന്ദ്ര സർക്കാർ ആശങ്കപ്പെട്ടിട്ടുണ്ട്. ഇത് വാഹനത്തിൻ്റെ സാധാരണ സർവീസിങ് സമയത്ത് എളുപ്പത്തിൽ പരിഹരിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ എ.എ. റഹീം എം.പിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
ഇ20 ഇന്ധനം ഇ10 പെട്രോളിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിലെ റബർ ഭാഗങ്ങളെ ബാധിച്ചേക്കാം എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ ഇ 20 പെട്രോൾ മൊത്തത്തിലുള്ള പ്രവർത്തനത്തെ ബാധിക്കുകയോ എഞ്ചിൻ കേടുപാട് വരുത്തുകയോ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഐഐപി ഡെറാഡൂൺ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ, സിയാം എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിൽ ഇ 20 പെട്രോൾ ഉപയോഗിക്കുന്നതിനായി എൻജിനിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇ 20 പെട്രോൾ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ മൈലേജിൽ നേരിയ കുറവ് വന്നേക്കാമെന്നും ഇന്ധനം മാത്രമല്ല ഡ്രൈവിംഗ് ശൈലി ഉൾപ്പെടെയുള്ള പല ഘടകങ്ങളും മൈലേജിനെ സ്വാധീനിക്കുന്നുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ വാഹന ഉടമകൾക്ക് 88,234 കോടി അധികചെലവ്
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്റെ ഇന്ധന നയം വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എഥനോൾ മിശ്രിതം കാരണം വാഹനങ്ങളുടെ മൈലേജ് കുറഞ്ഞതിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രം ഇന്ത്യൻ വാഹന ഉടമകൾക്ക് 88,234 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായത്. ദി റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട കണക്കുകളിലാണ് ഈ നിർണായക വിവരങ്ങളുള്ളത്.
പെട്രോളിൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമതയെ ബാധിക്കുന്നില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെയും വാദങ്ങളെയാണ് ഈ റിപ്പോർട്ട് തള്ളിക്കളയുന്നത്. ഡൽഹിയിലെയും ഗുഡ്ഗാവിലെയും ഗതാഗതക്കുരുക്കാണ് മൈലേജ് കുറയാൻ കാരണമെന്നായിരുന്നു ഹർദീപ് സിംഗ് പുരിയുടെ അവകാശവാദം. എന്നാൽ, സർക്കാരിൻ്റെ ഔദ്യോഗിക വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു. പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ എഥനോളിന് ഊർജ്ജക്ഷമത 33 ശതമാനം കുറവാണ്. അതിനാൽ പെട്രോളിൽ 20% എഥനോൾ കലർത്തുമ്പോൾ ഇന്ധനത്തിൻ്റെ മൊത്തത്തിലുള്ള ഊർജ്ജക്ഷമതയിൽ ഏകദേശം 6.7% കുറവുണ്ടാകുന്നു. ഒരേ ദൂരം സഞ്ചരിക്കാൻ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനം ആവശ്യമായി വരുന്നത് ഈ ശാസ്ത്രീയ കാരണം കൊണ്ടാണ്.
പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവകാശമില്ല
എഥനോൾ കലർത്താത്ത ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിൻ്റെ അവകാശമാണ് ഇ 20 അടിച്ചേൽപിക്കുന്നതിലൂടെ കേന്ദ്രസർക്കാർ ഇല്ലാതാക്കിയത്. ഡൽഹിയിൽ ഇ20 പെട്രോളിന് ലിറ്ററിന് 102 രൂപയാണെങ്കിൽ, ശുദ്ധമായ പെട്രോളിന് 167 മുതൽ 170 രൂപ വരെയാണ്. 2021ൽ നീതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ ഇ20 ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും, ഇന്ധന വിലയിൽ ആനുപാതികമായ ഇളവ് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യയിൽ 42.6 മില്യൺ മെട്രിക് ടൺ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചു. ഇത് ശുദ്ധമായ പെട്രോൾ ആയിരുന്നെങ്കിൽ 39.76 മില്യൺ മെട്രിക് ടൺ മതിയെന്നിരിക്കെ, എഥനോൾ മിശ്രിതം കാരണം 2.83 മില്യൺ മെട്രിക് ടൺ ഇന്ധനം അധികമായി ഉപയോഗിക്കേണ്ടി വന്നു. ഇതിലൂടെ വാഹന ഉടമകൾക്ക് 37,843 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായത്.
എഥനോൾ നയം മൂലം രാജ്യത്തിന് വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, അതിൻ്റെ യഥാർത്ഥ സാമ്പത്തിക ഭാരം വഹിക്കുന്നത് സാധാരണക്കാരായ വാഹന ഉടമകളാണ്. മൈലേജ് കുറയുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളെയും പരാതികളെയും കേന്ദ്ര മന്ത്രിമാർ കാര്യമായി പരിഗണിക്കുന്നില്ല. അതേസമയം, ഇ-20 പെട്രോളിനെ അനുകൂലിക്കുന്ന നിലപാടാണ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ ഇരുപത് ശതമാനം എഥനോൾ ചേർന്ന ഇന്ധനം തികച്ചും സുരക്ഷിതമാണെന്നാണ് വാഹന നിർമാതാക്കളുടെ നിലപാട്.
കോടതിയെ സമീപിച്ച് ഗഡ്കരി
എഥനോൾ മിശ്രിത പെട്രോൾ നയവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും ഡീപ്‌ഫേക്ക് വീഡിയോകൾക്കുമെതിരെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നൽകിയ 11 കോടി രൂപയുടെ അപകീർത്തി കേസ് ബോംബേ ഹൈക്കോടതിയിൽ നടക്കുകയാണ്. അപകീർത്തികരമായ ഉള്ളടക്കങ്ങൾ സംബന്ധിച്ച് മെറ്റ, മറ്റു സാമൂഹ്യമാധ്യമങ്ങൾ, തിരിച്ചറിയാത്ത വ്യക്തികൾ എന്നിവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ ഹൈക്കോടതി ഗഡ്കരിക്ക് അനുമതിയും നൽകിക്കഴഞ്ഞു. നിതിൻ ഗഡ്കരിയുടെ മക്കളായ നിഖിൽ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവർ എഥനോൾ നിർമ്മാണ രംഗത്തു പ്രവർത്തിക്കുന്ന സിയാൻ അഗ്രോ ഇൻഡസ്ട്രീസ്, മനസ് അഗ്രോ ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും ഇ 20 നയം നടപ്പിലാക്കിയതോടെ ഈ കമ്പനികളുടെ ഓഹരിവിലയും വരുമാനവും കുത്തനെ ഉയർന്നുവെന്നുമായിരുന്നു ആരോപണങ്ങൾ.
‘ധർമേന്ദ്ര പ്രധാൻ പോയി, ഇനി അടുത്തത് ഗഡ്കരി’
ഇ 20 പെട്രോൾ നയത്തിനെതിരെയും അതുമൂലമുണ്ടാകുന്ന വാഹനങ്ങളുടെ തകരാറുകൾ, മൈലേജ് കുറയൽ തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെയും സാമൂഹിക മാധ്യമ കൂട്ടായ്മയായ 'ഇ20 ജനതാ പാർട്ടി' അഥവാ ഇജെപി പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ രാജി ആവശ്യപ്പെടുന്ന ഇവർ, പെട്രോൾ പമ്പുകളിൽ എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് വാദിക്കുന്നത്. സിജെപി സമരത്തെത്തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവച്ചതുപോലെ, ഇ20 വിഷയത്തിൽ നിതിൻ ഗഡ്കരിയെയും രാജിവയ്പ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ശിവസേന നേതാവ് ഉദ്ധവ് താക്കറെ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും ആം ആദ്മി പാർട്ടിയും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. എഥനോൾ ഇന്ധന നയത്തിനെതിരെ ഡൽഹിയിലെ വിവിധ ടാക്സി, ട്രാൻസ്പോർട്ട് യൂണിയനുകളെ അണിനിരത്തി ഓഗസ്റ്റ് 4 ന് പാർലമെന്റിലേക്കു പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുമോ ഇന്ധന അവകാശ സമരം
എഥനോൾ പെട്രോളിൽ ചേർക്കുമ്പോൾ ചെറിയ അളവിൽ പോലും ഈർപ്പം കലർന്നാൽ ഇന്ധനം പൂർണമായും ഉപയോഗശൂന്യമാകുമെന്നതാണ് പമ്പുടമകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ചെറുതല്ലാത്ത ആശങ്കയാണ് ഇത്. ഇത് പമ്പുടമകൾക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് കേന്ദ്രത്തിന് നൽകിയ കത്തിൽ അവർ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എണ്ണ ശേഖരിക്കുന്ന ഭൂഗർഭ സംവിധാനത്തിലോ വിതരണത്തിലോ ചെറിയ സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ പോലും അനായാസം ഇതു സംഭവിക്കാം.
എഥനോളിന് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കാനുള്ള സ്വഭാവമുള്ളതിനാൽ, ഇത് വാഹനങ്ങളുടെ എഞ്ചിനുകളെ തകരാറിലാക്കുകയും ചെയ്യുമെന്ന ആശങ്ക വ്യാപകമാണ്. ഈയൊരു പ്രത്യേക സാഹചര്യത്തിൽ പൊതുവായ പ്രവർത്തന മാർഗനിർദേശങ്ങളും ഇന്ധനത്തൻ്റെ ഗുണമേന്മ ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങളും ലഭ്യമാക്കണമെന്നാണ് പമ്പുടമകളുടെ പ്രധാന ആവശ്യം. മാത്രമല്ല നമ്മുടെ പെട്രോൾ പമ്പുകളും വിതരണ ലൈനുകളും പൂർണമായും എഥനോളിന് ഇണങ്ങിയതല്ല എന്നതും ആശങ്കക്കിടയാക്കുന്നുണ്ട്.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന ഇ-20 നയം രാജ്യവ്യാപകമായി നടപ്പിലാക്കുമ്പോൾ സാങ്കേതികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളാണ് ഉയർന്നുവരുന്നത്. എഥനോൾ കലരാത്ത ശുദ്ധമായ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവ് എന്ന നിലയിൽ ഏതൊരാളുടെയും അവകാശമാണ്. സർക്കാർ എഥനോൾ നയത്തിൽ നിന്ന് പിന്നോക്കം പോവില്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെ, വാഹന ഉടമകളുടെ സാമ്പത്തിക നഷ്ടവും പ്രക്ഷോഭങ്ങളും രാഷ്ട്രീയ പ്രതിഷേധങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.