OPINION

തെറ്റ് തിരുത്തല്‍, നവീകരണം, അച്ചടക്ക നടപടി... അടുത്തതെന്ത്? സുരേഷ് ബാബു സിപിഐഎമ്മില്‍ നിന്ന് പുറത്തേക്കോ?

2025ൽ ചിറ്റൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ എതിരില്ലാതെയാണ് ഇ.എൻ. സുരേഷ് ബാബു ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്

Author : പി.പി. പ്രശാന്ത്

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നൊരു ചൊല്ലുണ്ടല്ലോ? മുൻ എംഎൽഎ പി.കെ. ശശി സിപി​ഐഎമ്മിനകത്ത് ഉണ്ടായിരുന്ന കാലത്ത് ജില്ലാ സെക്രട്ടറി ആയിരുന്ന ഇ.എൻ. സുരേഷ് ബാബുവി​നെതിരെ ഉയരുന്ന ഓരോ ആരോപണവും ചെന്നെത്തുക പി.കെ. ശശിയിലായിരുന്നു. തിരിച്ചും അങ്ങനെത്തന്നെ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല കേട്ടോ. സുരേഷ് ബാബുവി​ന് എതിരെ ഇപ്പോൾ ഉയർന്ന ആരോപണങ്ങളിൽ പങ്കില്ലെന്നും താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ചോദിക്കുന്നുണ്ട് പി.കെ. ശശി. കാരണം മുമ്പും ഇപ്പോൾ ഉയർന്നതരത്തിലുള്ള സമാന ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ സുരേഷ് ബാബുവിനെതിരെ ശശി ഉന്നയിച്ചിരുന്നു. അതവിടെ നിൽക്കട്ടെ. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല കടുത്ത അച്ചടക്ക നടപടിക്കാണ് പാർട്ടി ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന പാർട്ടിയുടെ തിരുത്തൽ നടപടികളുടെ തുടക്കമാണിതെന്ന് നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്കു ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. അതേസമയം വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സുരേഷ് ബാബു അറിയിച്ചത്. തിരുത്തൽ നടപടി ആണെന്നും അല്ലെന്നും തരത്തിൽ പാർട്ടി നേതാക്കളുടെ പരസ്പരവിരുദ്ധ പ്രതികരണങ്ങളും പുറത്തുവന്നു. സിപിഐഎം നേതാക്കൾക്കെതിരെയുള്ള പീഡന പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കുന്നു എന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജേസഫും രംഗത്തെത്തി.

സുരേഷ് ബാബു പാർട്ടിക്ക് പുറത്തേക്കോ?

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായി ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ലാ സെക്രട്ടറിയെ മാറ്റുന്നത് പാർട്ടിയിൽ അസാധാരണമായ നടപടിയാണ്. ജില്ലയിലെ കടുത്ത വിഭാഗീയത തടയാൻ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ലെന്നും പക്വതയില്ലാത്ത പെരുമാറ്റം പ്രവർത്തകരെ പാർട്ടിയിൽനിന്ന് അകറ്റാൻ കാരണമായി എന്നുമാണ് വിമർശനം. കൂടാതെ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയുമുൾപ്പെടെ സുരേഷ് ബാബുവിന്റെ സ്ഥാനം നഷ്ടമാകാനിടയാക്കി. തുടർന്ന് പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ നിയമിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

ഇ.എൻ. സുരേഷ് ബാബുവിന്റെ പക്വതയില്ലായ്മയും ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റവും പാർട്ടിക്കു വലിയ തോതിൽ ദോഷം ചെയ്തുവെന്നും, വിഭാഗീയത പരിഹരിക്കുന്നതിൽ പരാജയപ്പെട്ട് നേതൃത്വം പ്രശ്നങ്ങൾ ആളിക്കത്തിക്കുകയാണു ചെയ്തതെന്നും പാലക്കാട് ജില്ലാ വിപുലീകൃത യോഗം രൂക്ഷമായി വിമർശിച്ചു. 2021-ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ 67,000 വോട്ടുകളുടെ കുറവുണ്ടായെന്നും, വിമതപ്രശ്നങ്ങളും സംഘടനാപരമായ വീഴ്ചകളുമാണ് ചിറ്റൂർ, കോങ്ങാട്, തൃത്താല തുടങ്ങിയ മണ്ഡലങ്ങളിലെ കടുത്ത പരാജയത്തിന് കാരണമായതെന്നും യോഗം വിലയിരുത്തി.

തിരുത്തലിലൂടെ പുറത്തേക്ക്

വിഭാഗീയതയുടെ കാലത്ത് ‘തിരുത്തൽ’ എന്ന രീതിയിലാണ് ഇ.എൻ. സുരേഷ് ബാബു ജില്ലാ സെക്രട്ടറിയായത്. ഇപ്പോഴിതാ അസാധാരമായ മറ്റൊരു തിരുത്തൽ പ്രക്രിയയുടെ ഭാഗമായി അദ്ദേഹം പുറത്തേക്കും പോകുന്നു. 2022 ജനുവരിയിൽ പിരായിരിയിൽ നടന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ പി.കെ.ശശിയുടെയും വി.കെ.ചന്ദ്രന്റെയും പേരുകളാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചിരുന്നത്. തനിക്കെതിരെ വന്ന ആരോപണങ്ങൾ മൂലം സെക്രട്ടറി സ്ഥാനത്തേക്കു വരാനാകില്ലെന്നു മനസ്സിലായതോടെ നോമിനിയായി സുരേഷ് ബാബുവിനെ നിർദേശിച്ചത് പി.കെ. ശശിയാണ്. പക്ഷേ, പിന്നീട് ശശിക്ക് പാർട്ടിക്കു പുറത്തേക്കുള്ള വഴി ഒരുക്കിയത് സുരേഷ് ബാബുവും. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന വാക്പ്രയോഗങ്ങളാണ് പിന്നീട് ഇരുവരും തമ്മിലുണ്ടായത് എന്നത് ചരിത്രം.

പിന്നീട് 2025ൽ ചിറ്റൂരിൽ നടന്ന ജില്ലാ സമ്മേളനത്തിൽ ഇ.എൻ. സുരേഷ് ബാബു എതിരില്ലാതെ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തി. ഇതിനിടെ ഒട്ടേറെ വിവാദങ്ങൾ ഉയർന്നെങ്കിലും പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ അടക്കമുള്ളവരുടെ ശക്തമായ പിന്തുണ സുരേഷ് ബാബുവിനുണ്ടായിരുന്നു.

കാരണം മോശം പെരുമാറ്റമോ?

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ നീക്കിയ നടപടിക്ക് പിന്നില്‍ അഭിഭാഷക കൂടിയായ ഒരു വനിതാ നേതാവ് നല്‍കിയ പരാതിയിലാണെന്നാണ് പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. സുരേഷ് ബാബുവിനെതിരായ പരാതി നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ചിരുന്നു. എന്നാൽ തനിക്കെതിരെ പരാതി ഉയര്‍ന്നുവെന്ന ആരോപണം സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ തള്ളിക്കളഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറിയായി അഞ്ചുവർഷത്തിനു ശേഷമാണ് സുരേഷ് ബാബുവിനെ മാറ്റുന്നത്. ഒരു ടേം കൂടെ കഴിഞ്ഞാൽ എന്തായാലും മാറാനുള്ളതാണല്ലോ എന്ന് സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, നടപടി അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും പാർട്ടിയിലെ നവീകരണത്തിന്റെ ഭാഗമായുള്ള തിരുത്തലാണ് നടപടിയെന്ന തരത്തിൽ പാർട്ടി നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടിയുടെ തെറ്റ് തിരുത്തലിൻ്റെ ഭാഗമെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി സുരേഷ് ബാബുവിനെ മാറ്റിയത് അച്ചടക്ക നടപടിയുടെ ഭാഗമായിരുന്നു എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നടപടി നവീകരണത്തിൻ്റെ ഭാഗമാണെന്നായിരുന്നു എൻ.എൻ. കൃഷ്ണദാസിന്റെ പ്രതികരണം.

വിവാദങ്ങളിലെ കാർക്കശ്യമുഖം

അതിരുകടന്ന വാക്കുകളും വിവാദ പരാമർശങ്ങളും സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിന്റെ പുറത്താകലിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ ഉൾപ്പെടുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായ 'നീല ട്രോളി' വിവാദവും അവസാന ഘട്ടത്തിൽ പുറത്തുവന്ന വിവാദ പരസ്യവും പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത എതിർപ്പിനിടയാക്കിയിരുന്നു. ഒടുവിൽ, പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ചതും പാർട്ടിയിൽ കടുത്ത വിവാദങ്ങൾക്ക് തിരികൊളുത്തി. നേതൃത്വത്തിന്റെ ഇത്തരം താൻപോരിമയും വിവാദങ്ങളും സംഘടനാപരമായ പരാജയങ്ങൾക്ക് ആക്കം കൂട്ടിയെന്നാണ് പാർട്ടി യോഗത്തിന്റെ വിലയിരുത്തൽ. ഇതിന് പുറമെയായിരുന്നു പി.കെ. ശശിയുമായുള്ള തുറന്ന പോര്..

ചിറ്റൂരിലെ സിപി​ഐഎം അതികായൻ

കോ​ൺഗ്രസിനും ജനതാദളിനും കുത്തകയായിരുന്ന ചിറ്റൂർ മണ്ഡലത്തിൽ ഇരുപാർട്ടികളോടും കണ്ണിനു കണ്ണായും പല്ലിനു പല്ലായും പോരടിച്ച് ഉണ്ടാക്കിയ സിപിഐഎം അടിത്തറക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു സുരേഷ് ബാബു. ആ പോരാട്ടവീര്യം തന്നെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചതും. ഏഴരപതിറ്റാണ്ടു കാലം കോൺഗ്രസിന്റെ കുത്തകയായിരുന്ന ചിറ്റൂർ– തത്തമംഗലം നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തത് ഉൾപ്പെടെ സംഘടനാപരമായി ഒട്ടേറെ മികവുകൾ സുരേഷ് ബാബു ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്തുണ്ടായി. എന്നാൽ 2025 ഡിസംബർ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നഗരസഭ തിരിച്ചുപിടിക്കുകയും ചെയ്തു. ഇടതുമുന്നണിയിൽ ആയിരുന്നിട്ടും ജനതാദൾ സെക്യൂലർ പാർട്ടി ചിറ്റൂരിലെ പല മേഖലയിലും സിപിഐഎമ്മുമായി അകൽച്ചയിൽ തുടരുകയാണ്. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സ്ഥാനാർഥിയായിരുന്ന വി. മുരുകദാസ് പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂർ പരാജയപ്പെട്ടു. മുന്നണിയെ ഒന്നിച്ചുകൊണ്ടു പോകുന്നതിൽ പരാജയപ്പെട്ടു എന്ന വിമർശനവും ഇതേത്തുടർന്ന് ഉയർന്നു. ഏതായാലും പാർട്ടി നടപടിയോടെ കാര്യങ്ങൾ മാറിമറിയുകയാണ്.

വ്യക്തിപരമായ കാരണങ്ങളാലാണ് സ്വയം ഒഴിഞ്ഞതെന്നാണ് സുരേഷ് ബാബു ഏറ്റവും ഒടുവിൽ മാധ്യമങ്ങളോട് വ്യക്തമാക്കിയതെങ്കിലും, അദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കുന്നത് ഉൾപ്പെടെ കടുത്ത അച്ചടക്ക നടപടികൾ വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ. മോശം പെരുമാറ്റം ബോധ്യപ്പെടുന്ന പശ്ചാത്തലത്തിൽ നേരത്തെ പാർട്ടിക്കെതിരെ ഉയർന്നിരുന്ന പീഡന പരാതികൾ ലഘുവായി കൈകാര്യം ചെയ്തു എന്ന വിമർശനം ഒഴിവാക്കാനുള്ള അവസരം കൂടിയാണ് ഇത്. അങ്ങനെ സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

SCROLL FOR NEXT