Source: News Malayalam 24x7
OPINION

ഈ യുദ്ധത്തിൽ ശത്രുവാര്, മിത്രമാര്?

ഈ യുദ്ധങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സ്ഥായിയായ ശത്രുവോ മിത്രങ്ങളോ ഇല്ല. താൽപര്യങ്ങളാണ് നയിക്കുന്നത്

Author : പി.പി. പ്രശാന്ത്

2026ൽ വെനേസ്വല, 2011ൽ ലിബിയ, 2003ൽ  ഇറാഖ്, 2001ൽ അഫ്ഗാനിസ്ഥാൻ, 1999ൽ യുഗോസ്ലാവ്യ, 1994ൽ ഹെയ്റ്റി, 1989ൽ പനാമ, 1970ൽ കബോഡിയ യു.എസ് ഇടപെടലിൽ അവസാനിച്ച ഭരണകൂടങ്ങളുടെ പട്ടിക ഇതിൽ അവസാനിക്കുന്നില്ല. പശ്ചിമേഷ്യയിൽ നാശം വിതച്ച് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ ലോക പൊലീസ് ചമയുന്ന അമേരിക്കയെ മുന്നോട്ട് നയിക്കുന്നത് എണ്ണ വിപണിയുടെ രാഷ്ട്രീയമാണ് . ഓരോ കാലത്തും ഓരോ ശത്രുവിനെയും മിത്രത്തെയും ഉൽപാദിപ്പിച്ചാണ് അമേരിക്കയുടെ ഓരോ യുദ്ധവും . ഇന്ന് കാണുന്ന മിത്രം ഒരുക്ഷേ നാളെ ശത്രുവാകാം. അമേരിക്കയുടെ കണ്ണുരുട്ടലിന് വഴങ്ങിയില്ലെങ്കിൽ സൈനിക ഇടപെടലും ഭരണമാറ്റവും പാവ സർക്കാരിനെ പ്രതിഷ്ഠിക്കലും പതിവാക്കിയിരിക്കുന്നു. വിശാലമായ ജൂത രാഷ്ട്രത്തിന് വേണ്ടി പോരാടുന്ന ഇസ്രയേലും സിറിയ, ലബനൻ,യെമൻ, അസർബൈജാൻ തുടങ്ങി വിട്ടുപോയ പേർഷ്യൻ രാജ്യങ്ങളുടെ ഐക്യത്തിൽ സ്വപ്നം കാണുന്ന ഇറാനും ഒരുപാട് പോരാട്ട ചരിത്രങ്ങൾ പങ്കുവെക്കാനുണ്ട്. ഈ യുദ്ധങ്ങളുടെ ചരിത്രം പരിശോധിച്ചാൽ സ്ഥായിയായ ശത്രുവോ മിത്രങ്ങളോ ഇല്ല. താൽപര്യങ്ങളാണ് നയിക്കുന്നത്.

ഈ യുദ്ധത്തിൽ ശത്രുവാര്, മിത്രമാര്?

ബന്ദി നാടകം  മുതല്‍ ആണവായുധങ്ങളും നിഴല്‍ യുദ്ധങ്ങളും വരെ പയറ്റി, ഏകദേശം 75 വര്‍ഷമായി ഇറാന് അമേരിക്ക തുടര്‍ച്ചയായി അലോസരം സൃഷ്ടിച്ചുവരികയാണ്. ലോകത്തുള്ള എണ്ണ നിക്ഷേപങ്ങളിൽ 11.82 ശതമാനം ഉള്ളത് ഇറാനിലാണ്. ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള  വെനസ്വേലയിൽ 17.17 ശതമാനവും സൗദി അറേബ്യയിൽ 15.14 ശതമാനവും ആണ്. ഈ രണ്ട് രാജ്യങ്ങളിലുംസ്വാധീനമുറപ്പിച്ച ശേഷമാണ് അമേരിക്കയെ മുഖ്യ എതിരാളിയായി പ്രഖ്യാപിച്ച ഇറാനുനേരെ  ഇസ്രയേലിനെ മുന്നിൽ നിറുത്തി യുദ്ധം തുടങ്ങിയത്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന് പശ്ചിമേഷ്യയിലെ സുന്നി ഭൂരിപക്ഷമുള്ള ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധമല്ല ഉള്ളത്. മാത്രമല്ല, അമേരിക്കയുടെ യുഎസ് മിലിട്ടറി ബേസില്ലാത്ത ഏക രാജ്യം കൂടിയാണ് അമേരിക്കൻ വിരുദ്ധ നിലപാട് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള  ഇറാൻ.

ജനാധിപത്യ ഇറാന് സംഭവിച്ചത്

1953 ഓഗസ്റ്റിൽ മജ്ലിസ് എന്ന പാർലമെൻ്റ് വഴി ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മൊഹമ്മദ് മൊസാദഖ് അധികാരത്തലേറും വരെ ബ്രിട്ടൻ്റെ നിയന്ത്രണത്തിൽ ആയിരുന്നു ഇറാനിലെ ഓയിൽ മേഖല. ലാഭവിഹിതത്തിൻ്റെ 16 ശതമാനം മാത്രമായിരുന്നു ഇറാന് ബ്രിട്ടീഷ് കമ്പനികൾ നൽകിവന്നിരുന്നത്. മൊഹമ്മദ് മൊസാദഖ് അധികാരത്തിൽ വന്ന ഉടൻ എടുത്ത പ്രധാന തീരുമാനമായിരുന്നു ഓയിൽ മേഖലയെ ദേശസാൽകരിക്കുക എന്നത്. തുടർന്ന് അമേരിക്കയും ബ്രിട്ടനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി അഭ്യന്തര കലാപം സൃഷ്ടിക്കുകയും ഭരണം അട്ടിമറിക്കുകയും ചെയ്തു. 1953ൽ ഓപ്പറേഷൻ ഏജക്സ് എന്നായിരുന്നു അമേരിക്കയും ബ്രിട്ടനും ചേർന്ന്  കൈക്കൂലി, അഴിമതി,തെരുവ് അക്രമം, പ്രൊപ്പഗാൻഡ എന്നിവ പരീക്ഷിച്ച പദ്ധതിയുടെ പേര്. പകരമെത്തിയ ഷാ മൊഹമ്മദ് റസാ പഹ്ലവിയുടെ ഭരണത്തിൽ അമേരിക്കക്കും ഇറാന്‍റെ ഓയിൽ മേഖലയുടെ  40 ശതമാനം നിയന്ത്രണം ലഭിച്ചു. തുടർന്നുള്ള ഷാ ഭരണത്തിലെ 26 വർഷം ഇറാനിൽ പാശ്ചാത്യ സംസ്കാരത്തിൻ്റെ സ്വാധീനം ദൃശ്യമായിരുന്നു.

ഇസ്രയേൽ-ഇറാൻ സൗഹൃദ നാളുകൾ

ഷാ പഹ്ലവി ഇസ്രയേലുമായി ഉറ്റബന്ധമാണ് പുലർത്തിയത്. രഹസ്യ പൊലീസായ സാവകിന്‍റെ പരിശീലനച്ചുമതല പോലും ഇസ്രയേലേിന്‍റെ ചാര പോലീസായ മൊസാദിനെ ഏൽപിച്ചു. അത്ര ഉറ്റ ബന്ധമായിരുന്നു ഇരുവരും. ഇറാനിൽ സായുധസേയെ സജ്ജീകരിക്കുന്ന ചുമതലയും അവർക്ക് നൽകി. ഗതാഗത പദ്ധതികളുടെ ചുമതല ഇസ്രയേൽ ഏറ്റെടുത്തിരുന്നു. അതേസമയം ഏകാധിപത്യ നടപടികളെത്തുടർന്ന് ജനം ഷാക്കെതിരെ തെരുവിലിറങ്ങി. എല്ലാ മുതിർന്ന പൗരന്മാരും ഷായുടെ റാസ്താഖീസ് എന്ന പാർട്ടിയിൽ ചേരണമായിരുന്നു. എതിർസ്വരങ്ങളെ ഭരണകൂടം അടിച്ചമർത്തി. 1979ൽ ഇറാൻ ജനത വിപ്ലവം തുടങ്ങി. അവർ പുതിയ നേതാവായി ആയത്തൊല്ല റുഹോലാ ഖമേയ്നിയെ  ഭരണമേൽപിച്ചു. അങ്ങനെ അമേരിക്കക്കും  ബ്രിട്ടനും  എണ്ണയുടെ നിയന്ത്രണം  നഷ്ടമായി. ഖമേയ്നിയുടെ   ഇസ്ലാമിക ഭരണത്തിൽ  ഭരണത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടു. പ്രതിപക്ഷനേതാക്കളെ തുറങ്കലിലാക്കി. ഇതിനിടെ ഇറാനിയൻ വിദ്യാർഥികൾ 52 അമേരിക്കൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ 444 ദിവസം തടവിലാക്കി. ഇതിനുള്ള  പ്രതികാരമായാണ് ആയുധവും അർഥവും നൽകി ഇറാനെതിരെയുള്ള യുദ്ധത്തിന് ഇറാഖിലെ സദ്ദാം ഹുസൈനെ പറഞ്ഞയച്ചത്. പിന്നീട് സദ്ദാം ഹുസൈനെ ശത്രുവായി മാറ്റിയത് അമേരിക്കയുടെ മറ്റൊരു യുദ്ധതന്ത്രം.

വിശാല ഇറാനും ഗ്രേറ്റർ ഇസ്രായേലും

നൈൽ നദി മുതൽ ഇറാഖിലെ യൂഫ്രട്ടീസ് നദി വരെ നീളുന്ന വിശാലമായ ജൂത രാഷ്ട്ര സങ്കൽപം ഇപ്പോൾ ഇറാൻ ആക്രമണത്തോടെ വീണ്ടും സജീവ ചർച്ചയായി വരികയാണ്. പലസ്തീൻ ,ജോർദാൻ, ലബനൻ, സിറിയ, ഈജിപ്ത്, സൗദി എന്നീ രാജ്യങ്ങളുടെ ഭാഗമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് തീവ്ര വലതുപക്ഷ സയണിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന ജൂതരുടെ സ്വപ്നഭൂമി. അടുത്തിടെ ഇസ്രയേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ച് നടത്തിയ ജൂതരാഷ്ട്ര പ്രസ്താവനകൾ വിവാദമായിരുന്നു. 7.5 ദശലക്ഷം ജൂതരുള്ള അമേരിക്ക എക്കാലത്തും സയണിസ്റ്റ് അനുകൂല സമീപനമാണ് സ്വീകരിച്ച് വരുന്നത്. അതേസമയം, സിറിയയും ലബനനും യെമനും ഒക്കെ ഉൾചേർന്ന ഷിയ സ്വാധീന മേഖലയാണ് ഇറാന്‍റെ സ്വപ്നം. ഇത് മനസ്സിൽ കണ്ടാണ് ഇറാൻ യെമൻ,സിറിയ, ലബനൻ തുടങ്ങിയ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുകയും ഹമാസ്, ഹിസ്ബുല്ല ഗ്രൂപ്പുകൾക്ക് ഫണ്ടിങ് നൽകാനും തുടങ്ങിയത്. സുന്നി ഭൂരിപക്ഷമായ മറ്റ് രാജ്യങ്ങളിൽ നിന്നും പ്രതീക്ഷിച്ച അസ്വാരസ്യങ്ങൾക്ക് തടയിടാൻ കൂടിയാണ് സ്വന്തമായി ന്യൂക്ലിയർ പദ്ധതി തുടങ്ങിയത്. 2003നും 2021നും ഇടയിൽ ഇറാനെ ആക്രമിക്കാൻ യുഎസിന് ധൈര്യം ഉണ്ടാകാതിരുന്നത്  സിറിയയിലെയും  ലബനനലെയും സായുധ ഷിയ ഗ്രൂപ്പുകൾ തീർത്ത കവചം കൊണ്ട് മാത്രമായിരുന്നു.

യുദ്ധം എന്ന് തീരും?

യെമൻ,സിറിയ, ലബനൻ തുടങ്ങിയ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കുകയും ഹമാസ്, ഹിസ്ബുല്ല ഗ്രൂപ്പുകൾക്ക് ഫണ്ടിങ് നൽകാനും തുടങ്ങിയതോടെയാണ് ഇറാൻ അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കണ്ണിലെ കരടായത്. ആണവ പദ്ധതിയുടെ പേരിൽ  പലവട്ടം ഉപരോധമെത്തി. സാമ്പത്തിക അസ്ഥിരത ജനങ്ങളെ വീണ്ടും തെരുവുകളിലെത്തിച്ചു. തുടർച്ചയായി അടിച്ചമർത്തലുകളും നടന്നു. കാത്തുനിന്ന അമേരിക്കയും ഇസ്രയേലും കിട്ടിയ അവസരം ഉപയോഗിച്ചു. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം.

ഇറാൻ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെ പിഴുതുകളയുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് 2001 സെപ്തംബർ 11ലെ ഭീകരക്രമണ ശേഷം  അമേരിക്കൻ നാറ്റോ കമാൻഡർ  വെസ്ലി ക്ലാർക്ക് പറഞ്ഞിട്ടുണ്ട്. അവ നടപ്പാക്കുകയായിരുന്നു അമേരിക്കയിൽ മാറിവന്ന ഭരണത്തലവന്മാർ. സാമ്പത്തികമായും തന്ത്രപരമായും പ്രധാന്യമുള്ള പശ്ചിമേഷ്യയിൽ അവരുടെ താൽപര്യം സംരക്ഷിക്കാൻ  ഇസ്രായേൽ എന്ന കങ്കാണിയെ കൂടി ലഭിച്ചതോടെ  ലക്ഷ്യത്തോട് അടുക്കുകയാണ് അമേരിക്ക. യുദ്ധം ആരംഭിച്ചാൽ അത് പ്രാദേശിക യുദ്ധമായി മാറുമെന്ന് ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് മേഖലയിൽ തങ്ങളുടെ മിസൈൽ ശേഖരത്തിൻ്റെ കരുത്ത് അറിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇറാൻ. സമാധാനത്തിന് ഭീഷണി ഉയർത്തുന്ന ഈ യുദ്ധം ഇറാന് എതിരെ മാത്രമല്ല,ലോകത്തിന് തന്നെ എതിരെയാണ്. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി വിഷയം ചർച്ചക്കെടുത്ത് അടിയന്തിരമായി ഇടപെട്ടേ തീരൂ. ലോകരാഷ്ട്രങ്ങളുടെ ശബ്ദം അതിനായി ഉയരണം.

SCROLL FOR NEXT