വിദ്യാർഥികളോട് ഇത്രയും പക വേ​ണോ 
OPINION

വിദ്യാർഥികളോട് ഇത്രയും പക വേ​ണോ?

കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്തതിന്‍റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്.

Author : പി.പി. പ്രശാന്ത്

കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളാണ് സമരം ചെയ്തതിന്‍റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്. പരീക്ഷ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നു നൽകണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും, സൈറ്റ് തുറന്നു നൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാല വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർനടപടി ആവശ്യപ്പെട്ട് അവർ കാലടി പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രിപറയുന്നു. അതേസമയം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിസി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുമുണ്ട്.

വിദ്യാർഥികളോട് ഇത്രയും പക വേ​ണോ?

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വീണ്ടും വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പ്രഭവകേന്ദ്രമാവുകയാണ്. സർട്ടിഫിക്കറ്റ് വിതരണത്തിലെ അനിശ്ചിതത്വം, അധ്യാപകരുടെ കടുത്ത ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ തുടങ്ങി 18 ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ജൂലൈയിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർഥി സമരം ക്യാമ്പസിനെ അക്ഷരാർഥത്തിൽ പ്രക്ഷുബ്ധമാക്കി. ഒരു മാസത്തോളം സമാധാനപരമായി നീണ്ട സമരം ആഗസ്റ്റ് 13-ന് സിൻഡിക്കേറ്റ് യോഗം ചേർന്നതോടെയാണ് പുതിയൊരു വഴിത്തിരിവിലേക്ക് കടന്നത്. പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ ക്യാമ്പസിൽ പ്രതീകാത്മക നാടകം അവതരിപ്പിച്ചും സിൻഡിക്കേറ്റ് അംഗങ്ങളുടെ വഴി തടഞ്ഞും വിദ്യാർഥികൾ പ്രതിഷേധം കടുപ്പിച്ചതോടെ ക്യാമ്പസ് സംഘർഷഭരിതമായി.

എന്നാൽ ഈ സംഭവങ്ങൾക്ക് പിന്നാലെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയായിരുന്നു. പ്രതിഷേധത്തിനിടെ തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും തലയ്ക്കടിക്കുകയും മുടി പിടിച്ചുവലിക്കുകയും ചെയ്തെന്നും കാട്ടി വൈസ് ചാൻസലർ ഡോ. സിസ തോമസ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി. പോലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും വാഹനം തകർക്കാൻ ശ്രമിച്ചെന്നുമുള്ള വിസിയുടെ മൊഴിയിൽ പോലീസ് കേസെടുക്കുകയും നാല് വിദ്യാർഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ കൈയേറ്റവും ഉണ്ടായിട്ടില്ലെന്നും, ന്യായമായ സമരത്തെ അടിച്ചമർത്താനും പ്രതികാരം തീർക്കാനുമുള്ള ആസൂത്രിത നീക്കമാണ് വി.സിയുടെ പരാതിയെന്നും പ്രതിഷേധിച്ച എസ്.എഫ്ഐ സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.

ശവമഞ്ച നാടകം നടന്നോ?

സംസ്കൃത സർവകലാശാലയിലെ തിയേറ്റർ വിഭാഗത്തിന്റെ വേദിയിൽ വർഷങ്ങളായി തകരാറിലായിരുന്ന സ്റ്റേജ് ലൈറ്റുകളാണ് ശവമഞ്ച വിവാദത്തിന്റെ തുടക്കം. നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് എസ്.എഫ്ഐയുടെ നേതൃത്വത്തി​ൽ നാടക വിദ്യാർഥികൾ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. അവർ ആ കത്താത്ത ലൈറ്റുകൾ എടുത്ത് ശവമഞ്ചത്തിൽ കിടത്തി. ‘ലൈറ്റേ മരിച്ചേ’ എന്ന പേരിൽ ഒരു പ്രതീകാത്മക നാടകം ക്യാമ്പസിൽ അരങ്ങേറി. എന്നാൽ ഈ പ്രതീകാത്മക പ്രതിഷേധം ക്യാമ്പസിന് പുറത്തെത്തിയപ്പോൾ അതിന്റെ ഭാവം പൂർണ്ണമായും മാറിമറിഞ്ഞു.

ഈ ശവമഞ്ച നാടകം വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ഉദ്ദേശിച്ചുള്ളതാണെന്ന ഒരു വിഭാഗത്തിന്റെ പ്രചാരണം മാധ്യമങ്ങളിലെ ചർച്ചയായി. കരിനിഴൽ വീണ കസേരയിലിരിക്കുന്ന വി.സിയുടെ മരണാഘോഷമാണിതെന്ന ആരോപണത്തിന് വളരെ വേഗം രാഷ്ട്രീയ മാനങ്ങൾ കൈവന്നു.. അത് വിവാദമായി. നാടകം, തകർന്ന ലൈറ്റുകളുടെ ‘മരണത്തെ ’ പ്രതീകവൽകരിച്ചതാണ് എന്നായിരുന്നു ആരോപണങ്ങൾ തള്ളിയുള്ള വിദ്യാർഥികളുടെ വാദം. ഈ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഡോ. സിസ തോമസിനെതിരെ കൈയേറ്റം നടന്നുവെന്ന ആരോപണം ഉയർന്നത്.

അന്വേഷണ റിപ്പോർട്ടിൽ തെളിവുണ്ടോ?

പ്രശ്നം രൂക്ഷമായതോടെ, ആഗസ്റ്റ് 22-ന് ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ ഒന്നിന് 16 വിദ്യാർഥികളെ സർവകലാശാല സസ്‌പെൻഡ് ചെയ്യുകയും, അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ സസ്‌പെൻഷൻ നീളുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ടിരിക്കുന്ന അന്വേഷണ റിപ്പോർട്ടിനെ ചൊല്ലിയും ശക്തമായ ഭിന്നതകളാണ് ഉയരുന്നത്. വിദ്യാർഥികൾ കുറ്റക്കാരാണെന്ന് സമിതി കണ്ടെത്തിയതായി ഒരു വിഭാഗം അവകാശപ്പെടുമ്പോൾ, ഡോ. ജിനിത കെ.എസ്. നൽകിയ റിപ്പോർട്ടിൽ വൈസ് ചാൻസലറുടെ ആരോപണങ്ങൾക്ക് തെളിവുകളില്ലെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി ദൃശ്യങ്ങളിൽ ആക്രമണം നടന്നതിന് തെളിവില്ലെന്നും അന്വേഷണത്തിൽ വൈസ് ചാൻസലർ ഇടപെട്ടുവെന്നും വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമിതിയുടെ പൂർണ റിപ്പോർട്ട് പരിശോധിച്ച് അന്തിമ തീരുമാനം എടുക്കേണ്ട സിൻഡിക്കേറ്റ് യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് ഇപ്പോൾ കാലടി സർവകലാശാല.

പാലിക്കാതെ പോയ ഹൈക്കോടതി നിർദേശം

നവംബർ നാലിന് പരീക്ഷകൾ ആരംഭിക്കാനിരിക്കെയാണ്, ഒക്ടോബർ 31-നകം എക്സാം രജിസ്ട്രേഷൻ പൂർത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങൾ വിദ്യാർഥികൾക്ക് സർവ്വകലാശാല ഒരുക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. എന്നിട്ടും രജിസ്ട്രേഷൻ പോർട്ടൽ തുറന്നുനൽകാൻ സർവ്വകലാശാല തയ്യാറായില്ല. തിയതി കഴിഞ്ഞതിനാൽ പോർട്ടൽ വീണ്ടും തുറക്കാൻ വി.സിയുടെ പ്രത്യേക അനുമതി വേണമെന്ന് പറഞ്ഞാണ് രജിസ്ട്രാർ കൈമലർത്തുന്നത്. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നടപടികൾക്ക് ശേഷമേ ഇക്കാര്യം പരിഗണിക്കൂ എന്ന വാശിയിലാണ് വിസി. വിവാദ സംഭവത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ എഫ്.ഐ.ആറിൽ വി.സിയെ കയ്യേറ്റം ചെയ്തതായി ആരോപണമേ ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിച്ചു എന്ന തരത്തിൽ എഫ്.ഐ.ആർ ഉണ്ടാക്കിയതെന്നാണ് ഇടതുസംഘടനകളുടെ ആരോപണം.

ഇതിനിടെ ഒക്‌ടോബർ മുപ്പതിന് എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ കാലടി സർവകലാശാലയിലെ വിദ്യാർഥി സസ്‌പെൻഷനെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ മന്ത്രി റോജി എം. ജോണിനെ വളഞ്ഞ് പ്രതിഷേധിക്കുകയും മന്ത്രി പ്രസംഗം നിർത്തി വേദി വിടുകയും ചെയ്തത് വലിയ ചർച്ചയായി.കാലടിയിലെ സമരം അക്രമപരവും അപരിഷ്‌കൃതവുമായിരുന്നുവെന്നും സർവകലാശാല സ്വീകരിച്ച അച്ചടക്ക നടപടിയിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

വിവാദ നിഴലിലെ വിസി

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, സംസ്ഥാന സർക്കാരിന്റെ ശുപാർശ മറികടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. സിസാ തോമസിന് 2022 നവംബർ 3ന് വി.സിയുടെ താത്കാലിക ചുമതല നൽകിയത് വിവാദമായിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചാൻസലറുടെ ഉത്തരവ് പാലിച്ച് ചുമതലയേറ്റെടുത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് അവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് അച്ചടക്ക നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ, ഗവർണറും സർക്കാരും തമ്മിലുള്ള ഭരണഘടനാപരമായ പോരിൽ ഉദ്യോഗസ്ഥയെ ബലിയാടാക്കുകയാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ​ ട്രൈബ്യൂണലും ഹൈക്കോടതിയും വിലയിരുത്തിയതോടെയാണ് അവർ കസേരയിൽ ഉറച്ചിരുന്നത്. പിന്നീട് ആർലേക്കർ ​ഗവർണറായി വന്നശേഷം, 2026 മാർച്ച് 5ന് കാലടി സർവകലാശാലയുടെ വി സിയായി സിസാ തോമസിന് അധികചുമതല നൽകി. ഡോ. കെ കെ ഗീതാകുമാരിയെ നീക്കിയാണ് ഈ നിയമനം നടത്തിയത്....ഇപ്പോഴിതാ കാലടി സർവകലാശാലയിലെ വിവാദത്തിന്റെ മുഖ്യ കേന്ദ്രം കൂടിയായിരിക്കുന്നു ഡോ. സിസാ തോമസ്.

കലാലയത്തിൽ സമാധാനം പുലരട്ടെ

ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവർ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളും വഴികാട്ടികളുമാകേണ്ട സ്ഥാനത്ത്, അവരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന കാഴ്ചയാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഇന്ന് കാണുന്നത്. 16 വിദ്യാർഥികളുടെ ഭാവിയുടെ വിഷയം കൂടിയാണിതിന്റെ പ്രാധാന്യം. വിദ്യാർത്ഥികളുടെ പ്രതീകാത്മക പ്രതിഷേധങ്ങളെ രാഷ്ട്രീയ മുൻവിധികളോടെ തള്ളിക്കളയുന്ന മന്ത്രിയുടെ നിലപാടാകട്ടെ, പ്രശ്നം പരിഹരിക്കുന്നതിന് പകരം സർവകലാശാലാ അന്തരീക്ഷത്തെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. അന്തിമ തീരുമാനം സിൻഡിക്കേറ്റ് യോഗത്തേയും കോടതി നടപടികളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്.

SCROLL FOR NEXT