ടിസിഎസ് എന്ന പ്രശസ്ത ഐടി സ്ഥാപനത്തിലെ നാസിക്കിലുള്ള യൂണിറ്റില്‍ 2022 മുതല്‍ 2026 വരെ നാല് വര്‍ഷമായി നടന്ന പീഡനങ്ങളെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നുകഴിഞ്ഞു. വര്‍ഷങ്ങളായി ജോലി സ്ഥലത്ത് ലൈംഗിക പീഡനം, മാനസിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ നേരിടേണ്ടി വന്നിരുന്നെന്ന് വെളിപ്പെടുത്തിക്കൊണ്ട് എട്ട് വനിത ജീവനക്കാരും ഒരു പുരുഷനുമടക്കം ഒമ്പത് ജീവനക്കാര്‍ രംഗത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതുവരെ ഒന്‍പത് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. വിവാദമായതോടെ മഹാരാഷ്ട്രയിലുള്ള ടിസിഎസ് ബിപിഒ വിഭാഗത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവക്കുകയും ചെയ്തു. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നുമുണ്ട്.
നാസിക് ടിസിഎസിലെത് കോര്‍പറേറ്റ് ജിഹാദോ അതോ കെട്ടുകഥയോ?
2026 മാര്‍ച്ച് 26 ന് മഹാരാഷ്ട്രയിലെ നാസിക് നഗരത്തിലുള്ള ദേവ് ലാലി ക്യാമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആറിലാണ് കേസിന്റെ തുടക്കം. ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിലെ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തര്‍, നിദാ ഖാന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ അതേ യൂണിറ്റിലെ ജീവനക്കാരിയായ യുവതിയാണ് പരാതി നല്‍കിയത്. പിന്നാലെ, ഏപ്രില്‍ 1,2,3 തീയതികളിലായി വേറെയും എട്ട് എഫ്‌ഐആറുകള്‍ ഈ സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആദ്യത്തെ എഫ്‌ഐആര്‍ ഒഴികെ മറ്റെല്ലാം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുംബൈ നാക പൊലീസ് സ്റ്റേഷനിലാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന ശ്രമം, ഒരു മതത്തിന്റെ പ്രാര്‍ഥന ചെയ്യാനും ബീഫ് കഴിക്കാനും നിര്‍ബന്ധിക്കല്‍, എച്ച്ആര്‍ വിഭാഗത്തിലും ആഭ്യന്തര കമ്മിറ്റിക്കും പരാതിപ്പെട്ടിട്ടും അവഗണിക്കപ്പെടല്‍, ഇരകളുടെ ഇമെയിലും ഡിജിറ്റല്‍ മെസേജും പൂഴ്ത്തല്‍, ഭീഷണി, വിവാഹ വാഗ്ദാനം നല്‍കി നിരന്തരമായ ലൈംഗിക പീഡനം എന്നിവയിയാണ് പരാതികള്‍. സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായിരുന്നു 18നും 25നിടയില്‍ പ്രായമുള്ള കീഴ് ജീവനക്കാരുടെ ആരോപണങ്ങള്‍. പരാതികള്‍ എച്ച്ആര്‍ വകുപ്പ് അവഗണിച്ചതായും പരാതിക്കാര്‍ ആരോപിച്ചു. സംഭവത്തില്‍ ടീം ലീഡര്‍മാരായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താര്‍, ഷാഫി ഷെയ്ഖ്, ആസിഫ് അന്‍സാരി, ഷാരൂഖ് ഖുറെഷി, റാസ മേമന്‍, ഷാരൂഖ് ഷെയ്ഖ്, ഓപറേഷന്‍സ് മാനേജര്‍ അശ്വിനി ചൈനാനി എന്നിവരാണ് അറസ്റ്റിലായത്.
പ്രണയവും മതമാറ്റവും മറ്റ് പരാതികളും
ഡാനിഷ് ഷെയ്ഖും ആദ്യ പരാതിക്കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഡാനിഷിനൊപ്പം കഴിഞ്ഞ റമദാനില്‍ യുവതി നോമ്പെടുക്കുകയും വസ്ത്രധാരണത്തിലും മറ്റും മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്തതായാണ് പറയപ്പെടുന്നത്. ഇതിനിടയില്‍ ഡാനിഷ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും ഭാര്യ യുവതിയെ അറിയിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. വീട്ടുകാര്‍ യുവതിയെ ജോലിക്ക് പോകുന്നത് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് 'ഒരു രാഷ്ട്രീയക്കാരന്റെ' രഹസ്യ പരാതിയില്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിയമിച്ച് നാസിക് പൊലീസ് രഹസ്യ അന്വേഷണം നടത്തി. തുടര്‍ന്ന് യുവതിയെകൊണ്ട് പരാതി നല്‍കിച്ചു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നും മതംമാറ്റത്തിന് നിര്‍ബന്ധിച്ചെന്നുമുള്ള ആ യുവതിയുടെ പരാതിയിലാണ് കേസിന്റെ തുടക്കം. മാര്‍ച്ച് 26 ലെ ആദ്യ എഫ്‌ഐആറില്‍ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തര്‍, നിദാ ഖാന്‍ എന്നീ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിദാ ഖാന്‍ ഇപ്പോഴും ഒളിവിലാണ്.. തുടര്‍ന്ന് മറ്റുള്ളവരുടെ അതിക്രമത്തിന് ഇരയായ മറ്റ് ഏഴ് യുവതികളുടെയും പരാതികള്‍ പൊലീസിന് ലഭിച്ചു. കേസുകള്‍ തമ്മില്‍ ബന്ധമില്ലെന്നും വഴിവിട്ട പ്രണയങ്ങളുമായി ബന്ധപ്പെട്ട കേസിനോട് മറ്റു കേസുകള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും അറസ്റ്റിലായ ഒരു പ്രതിയുടെ ഭാര്യ 'ഇന്ത്യന്‍ എക്സ്പ്രസിനോട്' വെളിപ്പെടുത്തിയിരുന്നു.
എഫ്‌ഐആറില്‍ എന്തൊക്കെ?
ആകെ ഒന്‍പത് എഫ്.ഐ.ആറുകളാണ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരാളുടെ വിശ്വാസത്തെ അധിക്ഷേപിച്ചാല്‍ സാധാരണയായി ഭാരതീയ ന്യായ സംഹിതയുടെ 302, 299 എന്നീ വകുപ്പുകളിലാണ് കേസെടുക്കുക. രണ്ടാമത് ഫയല്‍ ചെയ്ത എട്ട് എഫ്‌ഐആറുകളില്‍, നാലെണ്ണത്തില്‍ മാത്രമാണ് ഇതിലേതെങ്കിലും വകുപ്പ് ചുമത്തി കേസെടുത്തിട്ടുള്ളതെന്ന് ഓഫ്ബീറ്റ് കണ്‍സേണ്‍സ് എന്ന പോര്‍ട്ടലിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതായത് മൊത്തം പരാതികളില്‍ പകുതിയില്‍ മാത്രമേ വിശ്വാസത്തെ അവഹേളിച്ചു എന്ന വകുപ്പ് ചേര്‍ത്തിട്ടുള്ളൂ. ഒരു എഫ് ഐ ആറില്‍ മാത്രമാണ് ശാരീരികമായോ മാനസികമായോ ഇസ്ലാം മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ പരാതിക്കാരെ പ്രതികള്‍ നിര്‍ബന്ധിച്ചു എന്ന് പറയുന്നത്. ഈ പരാതിയില്‍ തൗസിഫ് അത്തര്‍ എന്നയാള്‍ പരാതിക്കാരനെ തൊപ്പിയണിയാനും നമസ്‌കാര പ്രാര്‍ത്ഥനകള്‍ ഉരുവിടാനും നിര്‍ബന്ധിച്ചതായി പറയുന്നുണ്ട്. മറ്റെല്ലാ പരാതികളിലും പ്രതികള്‍ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഭാഷയോ ചേഷ്ടയോ ഉപയോഗിച്ചു എന്നാണ് ആരോപണം. നിര്‍ബന്ധിത മത പരിവര്‍ത്തനം എന്നൊരു വകുപ്പ് തന്നെ എഫ് ഐ ആറുകളില്‍ ഇല്ല. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും അങ്ങനെയൊരു കേസില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറയുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് പരാമര്‍ശിക്കുന്ന നാല് എഫ്‌ഐആറിലും, തൗസിഫാണ് ഇതിന് നേതൃത്വം നല്‍കിയിട്ടുള്ളതായി പറയുന്നത്. ആദ്യ എഫ്‌ഐആറില്‍ തൗസിഫിനോടൊപ്പം ഡാനിഷും ഇതില്‍ പങ്ക് ചേരുന്നുണ്ട് എന്ന് പറയുന്നുണ്ട്. അതേസമയം ലഭ്യമായ എട്ട് എഫ്‌ഐആറുകളില്‍ ഒന്നില്‍ മാത്രമാണ് നിദാ ഖാന്റെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഹൈന്ദവ ദൈവങ്ങളെ കളിയാക്കി എന്നാണ് അതില്‍ ഇവര്‍ക്കെതിരായ ആരോപണം.
വേഷപ്രജ്ഞരായി വനിത പൊലീസ് എത്തിയോ?
നാല് വനിതാ കോണ്‍സ്റ്റബിള്‍മാരെ വേഷംമാറ്റി ക്യാമ്പസിനുള്ളില്‍ നിയോഗിച്ചാണ് ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസിന്റെ അവകാശവാദം. ഏകദേശം 40 ദിവസം അവര്‍ രഹസ്യമായി ഹൗസ് കീപ്പിങ് ജീവനക്കാരായി ടിസിഎസ് ഓഫിസിനുള്ളില്‍ പ്രവര്‍ത്തിച്ചു. ടിസിഎസില്‍ ഹൗസ് കീപ്പിങ് സേവനങ്ങളില്‍ ഒരു ബാഹ്യ ഏജന്‍സിയാണ് ജീവനക്കാരെ നിയമിക്കുന്നത്. ചില പുരുഷ പൊലീസുകാരും വേഷം മാറി സ്ഥലത്തുണ്ടായിരുന്നു. ഒടുവില്‍ ഇവര്‍ സംഭവം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടതെന്ന് പൊലീസ് പറയുന്നു. അതേസമയം അത്തരത്തില്‍ ഒരു അന്വേഷണം നടന്നിട്ടുള്ളതായി കോടതി രേഖകളിലൊന്നും പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതി ഭാഗം അഭിഭാഷകന്‍ പറയുന്നുണ്ട്.
ഹിന്ദുത്വ ഹാന്‍ഡിലുകളിലെ കോര്‍പറേറ്റ് ജിഹാദ്
ടിസിഎസിലെ പീഡന ആരോപണങ്ങള്‍ ഹിന്ദുത്വ ഹാന്‍ഡിലുകള്‍ കോര്‍പറേറ്റ് ജിഹാദ് എന്ന പേരിലാണ് പ്രചരിപ്പിച്ചത്. ഹൈദരാബാദിലെ ഐടി മേഖലയില്‍ സമാനമായ സംഭവങ്ങള്‍ തടയാന്‍ അധികാരികള്‍ മുന്‍കൈയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ ആവശ്യപ്പെട്ടത് ഈ പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. വിഷയത്തില്‍ എസ്‌ഐടി അന്വേഷണം മലേഷ്യയുമായി ബന്ധമുള്ള മതതീവ്രവാദ ഗ്രൂപ്പിലേക്ക് തിരിയുന്നെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും പിന്നീട് അധികൃതര്‍ നിഷേധിച്ചു. മാത്രമല്ല, നാസികില്‍ വിശ്വാസത്തിന്റെ മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് അത് വീഡിയോയില്‍ പകര്‍ത്തിയ കേസില്‍ 'വിഐപി ജ്യോതിഷി' അശോക് ഖറാത്ത് അറസ്റ്റിലായ സംഭവം കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് ടിസിഎസ് കേസ് ശ്രദ്ധപിടിക്കുന്നത്. ഈ സംഭവം മറച്ചുവെക്കാനാണ് നാസിക് പ്രണയ വഞ്ചന കേസിന് പുതിയ മാനം നല്‍കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.
നീതിപൂര്‍വമായി അന്വേഷണം തുടരട്ടെ
നാസിക് ടിസിഎസ് സംഭവം തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സുരക്ഷയെയും കോര്‍പറേറ്റ് ധാര്‍മികതയെയും കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതോടൊപ്പം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് ഒരുവിഭാഗം ജിഹാദ് മേല്‍വിലാസം നല്‍കുന്നതാണോ എന്ന സംശയവും ഉയരുന്നു. പോഷ് ആക്ട് പോലുള്ള നിയമങ്ങള്‍ ഉണ്ടായിട്ടും തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ സംബന്ധിച്ച പരാതി അന്വേഷിക്കാനുള്ള അഭ്യന്തര സമിതി സംവിധാനത്തിന് വീഴ്ചവന്നിട്ടുണ്ടെങ്കില്‍ ഗൗരവമായി കാണേണ്ടതുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ ആഭ്യന്തര സുരക്ഷസംവിധാനങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും അനിവാര്യമാണെന്ന് ഈ കേസുകള്‍ ഓര്‍മിപ്പിക്കുന്നു.