

രാജ്യം ഇതുവരെ കാണാത്ത അതിരൂക്ഷമായ തൊഴിലാളി പ്രക്ഷോഭത്തിനാണ് ഏപ്രില്‍ 13ന് നോയ്ഡയിലെ തെരുവുകള്‍ സാക്ഷിയായത്. വ്യവസായ മേഖലയിലെ തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയെത്തി തെരുവുകളെ സ്തംഭിപ്പിച്ചു. അതിശക്തമായ ലാത്തിചാര്‍ജിനെത്തുടര്‍ന്ന് വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. കടകള്‍ തല്ലിത്തകര്‍ക്കപ്പെട്ടു. ഡല്‍ഹിയോട് ചേര്‍ന്നുള്ള ഓട്ടോപാര്‍ട്‌സ്, തുണിവ്യവസായ മില്‍, ഇലക്‌ട്രോണിക്‌സ് എന്നിവയുള്‍പ്പെട്ട ചെറുകിട വ്യവസായ യൂനിറ്റുകളില്‍ പണിയെടുക്കുന്നവരായിരുന്നു പ്രക്ഷോഭകരില്‍ ഏറെ പേരും. ജീവിത അവസ്ഥകളായിരുന്നു അവരെ തെരുവില്‍ എത്തിച്ചത്. 10 മുതല്‍ 12 മണിക്കൂര്‍ വരെ പണിയെടുത്താന്‍ അവര്‍ക്ക് കിട്ടുന്നത് പ്രതിമാസം 10,000 മുതല്‍ 15000 രുപ വരെ മാത്രം. തൊട്ടടുത്ത പ്രദേശങ്ങളില്‍ കൂലി വര്‍ധനവ് വന്നിട്ടും തുച്ഛ വരുമാനത്തിന് ദിവസം തള്ളിനീക്കേണ്ടിവന്ന തൊഴിലാളികളുടെ ഗതികേടായിരുന്നു പ്രതിഷേധമായി പുറത്തുവന്നത്.
ജീവിതം വഴിമുട്ടിയ പ്രതിഷേധം അഥവാ നോയ്ഡയിലെ തൊഴില്‍ സമരം
നോയ്ഡയിലെ ശരാശരി തൊഴിലാളിയുടെ ജീവിതം പത്തടി മാത്രം വലിപ്പമുള്ള ഇടുങ്ങിയ മുറികളില്‍ ഒതുങ്ങുന്നു. പ്രതിമാസം 4,000 രൂപ മുതല്‍ 6,000 രൂപ വരെ വാടക നല്‍കേണ്ടി വരുന്ന ഈ മുറികളില്‍ അഞ്ചും ആറും പേര്‍ ഒരുമിച്ചാണ് കഴിയുന്നത്. ശുദ്ധമായ കുടിവെള്ളമോ മതിയായ ശുചിമുറികളോ ഇല്ലാത്ത ഇവിടങ്ങളില്‍ പടരുന്ന രോഗങ്ങളും പോഷകാഹാരക്കുറവും ഇവരുടെ നിത്യസഹചാരികളാണ്. പാചകത്തിന് ഗ്യാസ് കൂടി വാങ്ങേണ്ടിവന്നാല്‍ നീക്കിയിരിപ്പ്് എന്നത് ഇല്ലാതാകും... 10 മുതല്‍ 12 മണിക്കൂര്‍ വരെ വ്യവസായ യൂനിറ്റുകളില്‍ പണിയെടുത്താന്‍ അവര്‍ക്ക് ലഭിക്കുന്നത് പ്രതിമാസം 10,000 മുതല്‍ 15000 രുപ വരെ മാത്രമാണ്. ആകാശംമുട്ടുന്ന കെട്ടിടങ്ങളും അത്യാധുനിക ഫാക്ടറികളും നിറഞ്ഞ നോയ്ഡ എന്ന നഗരത്തിന്റെ ചക്രം തിരിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന ഈ കുടിയേറ്റ തൊഴിലാളികളാണ്. തുച്ഛമായ ശമ്പളത്തില്‍ നിന്ന് വലിയൊരു ഭാഗം വാടകയ്ക്കും ഭക്ഷണത്തിനുമായി മാറ്റിവെക്കുമ്പോള്‍, നാട്ടിലെ കുടുംബത്തിന് അയച്ചുനല്‍കാന്‍ ഇവര്‍ക്ക് മിച്ചമുണ്ടാകുന്നത് വളരെ ചെറിയൊരു തുക മാത്രമാണ്. ആധുനിക ഇന്ത്യയുടെ വ്യവസായ മുഖമായി അറിയപ്പെടുന്ന നോയ്ഡയുടെ വികസന ഗാഥകള്‍ക്കിടയില്‍ കാണാതെ പോകുന്ന ഒരു വലിയ വിഭാഗം മനുഷ്യരുടെ ദുരിതജീവിതമാണ് ഇപ്പോള്‍ പ്രക്ഷോഭങ്ങളായി തെരുവിലേക്ക് പടരുന്നത്.
സമര പരമ്പരകള്‍ക്ക് തുടക്കം
ഏപ്രില്‍ മൂന്നിന് ഹരിയാനയിലെ മനേസറിലുള്ള ഹോണ്ട മോട്ടോര്‍സൈക്കിള്‍ പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചതോടെയാണ് സമരപരമ്പരകള്‍ക്ക് തുടക്കമായത്.... സമരം ഒരാഴ്ചപിന്നിടും മുമ്പേ മനേസര്‍ മേഖലയിലെ മറ്റ് യൂനിറ്റുകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കുചേര്‍ന്നു. ഏപ്രില്‍ 8ന് ഹരിയാന സര്‍ക്കാര്‍ മിനിമം വേതനത്തില്‍ 35% വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഇത് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ തൊഴിലാളികള്‍ക്കിടയില്‍ സമാനമായ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം തുടങ്ങാന്‍ കാരണമായി...നോയ്ഡയിലെ ഫേസ്-2, സെക്ടര്‍ 60, 62 എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ സംഘടിക്കുകയും സമാധാനപരമായി സമരങ്ങള്‍ തുടങ്ങുകയും ചെയ്തു.
കറുത്ത തിങ്കള്‍ സംഘര്‍ഷം
ഏപ്രില്‍ 13ന് തിങ്കളാഴ്ച നോയ്ഡയിലെ 80ല്‍ അധികം സ്ഥലങ്ങളിലായി 45,000ല്‍ അധികം തൊഴിലാളികളാണ് പ്രത്യേകിച്ച് നേതാക്കളൊന്നുമില്ലാത്ത പ്രക്ഷോഭത്തിന് ഒറ്റക്കെട്ടായി സമരമുഖത്തെത്തിയത്... പക്ഷേ പ്രതിഷേധം നിയന്ത്രണാതീതമാകുകയും , വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ഫാക്ടറികള്‍ക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു. നോയ്ഡ-ഗ്രേറ്റര്‍ നോയ്ഡ എക്‌സ്പ്രസ് വേയും ഡിഎന്‍ഡി ഫൈ്‌ള വേയും മണിക്കൂറുകളോളം തടസ്സപ്പെട്ടു. സംഘര്‍ഷം പിറ്റേന്നും തുടരുകയും സെക്ടര്‍ 80 ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.. പൊലീസ് ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് ആക്രമണവും നടത്തി. തൊഴിലാളികളെ താമസസ്ഥലത്തുനിന്ന് ജാമ്യമില്ല വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് അജ്ഞാതകേന്ദ്രങ്ങളിലേക്ക് മാറ്റി. ഏപ്രില്‍ 15 മുതല്‍ 18 വരെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ മുന്നൂറിലധികം തൊഴിലാളികള്‍ അറസ്റ്റിലായി... വൈകാതെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം, തൊഴിലാളികളുടെ മിനിമം വേതനം 2500 മുതല്‍ 3000 രൂപ വരെ വര്‍ദ്ധിപ്പിച്ച് ഉന്നതതല സമിതി ഉത്തരവിറക്കി.
വേതന വര്‍ധനവ് നാമ മാത്രം; തുടര്‍ന്ന് പ്രതിഷേധം
സംസ്ഥാന സര്‍ക്കാര്‍ നേരിയ വേതന വര്‍ധന പ്രഖ്യാപിച്ചെങ്കിലും അംഗീകരിക്കാന്‍ തയ്യാറാകാതെ തൊഴിലാളികള്‍ സമരം തുടരുകയാണ്. ഗാസിയാബാദ്, നോയിഡ എന്നീ രണ്ട് ജില്ലകളിലെ അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തില്‍ 21%, സംസ്ഥാനത്തെ മറ്റ് നഗരപ്രദേശങ്ങളിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് 15% എന്നീ ക്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വര്‍ധനവ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന പ്രദേശങ്ങളില്‍ വെറും 9% വര്‍ധനവ് മാത്രമേ ഉണ്ടാകൂ. പുതിയ വര്‍ദ്ധനവ് നടപ്പിലാക്കിയെങ്കിലും ഡല്‍ഹി, ഹരിയാന എന്നീ അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശിലെ കൂലി ഇപ്പോഴും കുറവാണ്. ഡല്‍ഹിയില്‍ മിനിമം വേതനം 18,000-ത്തിന് മുകളിലാണ്.. ഹരിയാനയില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് 15,220 രൂപയാണ് പ്രതിമാസ വേതനം.
പുതിയ ശമ്പള വര്‍ധനവിന് ശേഷം 2026 ഏപ്രില്‍ മുതല്‍ നോയ്ഡയിലെ അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വരുമാനം 11,313 രൂപയില്‍ നിന്ന് 13,690 രൂപയായി വര്‍ധിച്ചു.. വിദഗ്ധ തൊഴിലാളികള്‍ക്ക് 13,940 രൂപയില്‍ നിന്ന് 16,868 രൂപയാക്കുകയും ചെയ്തു...സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് അംഗീകരിക്കാന്‍ ചില സംഘടനകള്‍ തയ്യാറായെങ്കിലും, ഹരിയാനയ്ക്ക് തുല്യമായ ശമ്പളം വേണമെന്ന ആവശ്യത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വ്യവസായ മേഖലകളില്‍ കനത്ത പൊലീസ് സുരക്ഷ തുടരുന്നു. സമരത്തിന് പിന്നില്‍ 'അന്താരാഷ്ട്ര ഗൂഢാലോചന'യെന്ന് ആരോപിച്ച യു.പി സര്‍ക്കാര്‍, അന്വേഷണത്തിനായി ഉന്നതതല സമിതിയെ നിയോഗിച്ചു.. ആദ്യഘട്ടത്തില്‍ നേതാക്കളില്ലാതെയായിരുന്നു പ്രക്ഷോഭം മുന്നോട്ട് നീങ്ങിയതെങ്കിലും സി.ഐ.ടി.യു, എ.ഐ.ടി.യുസി ഉള്‍പ്പെടെ തൊഴിലാളി സംഘടനകള്‍ പിന്നീട് സജീവമായി നിലകൊണ്ടു. കസ്റ്റഡിയില്‍ എടുത്ത സി.ഐ.ടി.യു നേതാക്കളെ കാണാനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി അടക്കമുള്ള സിപിഐഎം-സിഐടിയു സംഘത്തെ യുപി പോലീസ് വഴിയില്‍ തടഞ്ഞതും നേതാക്കള്‍ പ്രതിഷേധിച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചു.
പുതിയ തൊഴില്‍ നിയമത്തിന്റെ പരാജയമോ
മോദിസര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ തൊഴില്‍മേഖലയില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. നാല് ലേബര്‍ കോഡുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയെങ്കിലും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല... തൊഴിലാളികള്‍ സംഘടന രൂപീകരിക്കുന്നതടക്കം തടഞ്ഞ് അവകാശപ്പോരാട്ടങ്ങളെ ഇല്ലാതാക്കാനും ജോലിസമയം വര്‍ധിപ്പിച്ച് ചൂഷണം ശക്തമാക്കാനും പുതിയ തൊഴില്‍ചട്ടങ്ങള്‍ വഴിവയ്ക്കുന്നുണ്ട്.. ലേബര്‍ കോഡിലെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020 പ്രകാരം 300 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ അനുവാദം നല്‍കുന്നുണ്ട് .ഏതായാലും പുതിയ തൊഴില്‍ ചട്ടങ്ങള്‍ നടപ്പാക്കുന്ന തിരക്കില്‍ നോയ്ഡയിലെ തൊഴിലാളി പ്രതിഷേധം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്...
അടിസ്ഥാന അവശ്യവസ്തുക്കളുടെ വിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടും 10 വര്‍ഷമായി പല സംസ്ഥാനങ്ങളിലും മിനിമം വേതനം പരിഷ്‌കരിച്ചിട്ടില്ലെന്നതാണ് വസ്തുത. മിക്ക വ്യാവസായിക കേന്ദ്രങ്ങളിലും, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അപകടകരമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് തൊഴിലെടുക്കേണ്ടിവരുന്നു.. ജോലി സമയം വര്‍ധിപ്പിച്ച്, വേതനം ചുരുക്കി മനുഷ്യന്റെ അധ്വാനത്തെയും അവന്റെ ജീവിതത്തെയും വിലകുറച്ചുകാണുമ്പോള്‍ എന്ത് സംഭവിക്കും എന്നതിന്റെ നേരുദാഹരണമാണ് നോയ്ഡയിലെ പ്രക്ഷോഭത്തില്‍ കണ്ടത്