OPINION

ഫാർമ ടെററിസം എന്ന നവഭീകരത; വേണം അതീവ ജാഗ്രത

'ഫാർമ ടെററിസം' എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ശൃംഖലയിലേക്ക് മലയാളികൾ എത്തുന്നത് അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സർക്കാർ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

Author : പി.പി. പ്രശാന്ത്

ലഹരിക്കായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഏകദേശം 1000 കോടിക്കുമുകളിൽ വിലവരുന്ന ഫൈറ്റർ ഡ്രഗ് അഥവാ ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് ഇതേത്തുടർന്ന് ഇടപ്പള്ളിയിൽ അറസ്റ്റിലായത്. ലിബിയയിലേക്ക് കടത്താനിരുന്ന 30,000 കിലോ തൂക്കം വരുന്ന 12 കോടി ഗുളികകൾ ഡൽഹിയിലെ ഒരു ഗോഡൗണിൽനിന്നാണ് പിടിച്ചെടുത്തത്. 182 കോടിരൂപ വിലവരുന്ന വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മറ്റൊരു വേദനസംഹാരി ഗുളിക, കാപ്റ്റഗണിന്റെ വൻ ശേഖരം രണ്ട് മാസം മുമ്പ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പിടികൂടിയിരുന്നു. പശ്ചിമേഷ്യയിലും മറ്റും തീവ്രവാദ-ഭീകര സംഘടനകൾ തങ്ങളുടെ പോരാളികൾക്ക് യുദ്ധമുഖത്ത് കഠിനമായ വേദനയോ ഭയമോ ക്ഷീണമോ അനുഭവപ്പെടാതിരിക്കാൻ ഇത്തരം ഗുളികകൾ വലിയ തോതിൽ നൽകിയിരുന്നു. ഫാർമ ടെററിസം എന്ന ഓമനപ്പേരിട്ട് കേന്ദ്ര സർക്കാർ വിളിക്കുന്ന ശൃംഖലയിലേക്ക് മലയാളികൾ എത്തുന്നത് അതീവ ജാഗ്രതയോടെയാണ് കേന്ദ്രസർക്കാർ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ഫാർമ ടെററിസം ശൃഖലയിൽ കേരളവും?

ലോകമെമ്പാടും വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന സിന്തറ്റിക് ലഹരിമരുന്നുകളുടെ ഭീകരമുഖവും, പ്രത്യേകിച്ച് 'കാപ്റ്റഗൺ', 'ട്രാമഡോൾ' തുടങ്ങിയ മരുന്നുകൾ എങ്ങനെയാണ് കുറ്റകൃത്യങ്ങളുടെയും ഭീകരവാദത്തിന്റെയും ആയുധങ്ങളായി മാറുന്നത് എന്നതും, ആഗോള സുരക്ഷാ ഏജൻസികളെയും ആരോഗ്യരംഗത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ഇതിൽ അന്താരാഷ്ട്രതലത്തിൽ 'ജിഹാദി പിൽ' എന്ന് ആക്ഷേപിക്കുന്ന കാപ്റ്റഗൺ അടുത്തിടെ ഇന്ത്യയിലും വൻതോതിൽ പിടികൂടപ്പെട്ടത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഡൽഹിയിൽ നിന്നുമായിരുന്നു ഇവ പിടികൂടിയത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ലിബിയയിലേക്ക് കടത്താനിരുന്ന 30,000 കിലോ തൂക്കം വരുന്ന 12 കോടി ഗുളികകൾ ഡൽഹിയിലെ ഒരു ഗോഡൗണിൽനിന്ന് കണ്ടെടുക്കുന്നതും മലയാളികൾ പിടിക്കപ്പെട്ടതും.

വേദനസംഹാരി എന്ന ഫൈറ്റർ ഡ്രഗ്

ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഒരു ശക്തമായ വേദനസംഹാരി മരുന്നാണ്. മസ്തിഷ്‌കത്തിലെയും നാഡീവ്യവസ്ഥയിലെയും വേദനയുടെ സന്ദേശങ്ങൾ സ്വീകരിക്കുന്ന 'ഒപിയോയ്ഡ് റിസപ്റ്ററുകളിൽ' പ്രവർത്തിച്ചാണ് ഇവ വേദന ഇല്ലാതാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കഠിനമായ വേദന, അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ, ക്യാൻസർ പോലെയുള്ള ഗുരുതര രോഗങ്ങൾ മൂലമുള്ള വേദന എന്നിവ കുറയ്ക്കാൻ ഡോക്ടർമാരുടെ കർശന നിർദ്ദേശത്തോടെ മാത്രം നൽകുന്ന മരുന്നാണിത്. വൈദ്യശാസ്ത്ര രംഗത്ത് ഇതിന് വലിയ സ്ഥാനമുണ്ടെങ്കിലും, തെറ്റായ രീതിയിലുള്ള ഉപയോഗം കാരണം ലോകമെമ്പാടും ഇതൊരു ലഹരിമരുന്നായും ചിത്രീകരിക്കപ്പെടുന്നുണ്ട്. യുദ്ധമേഖലകളിലും ഭീകരസംഘടനകൾക്കിടയിലും ഈ മരുന്ന് വൻതോതിൽ ദുരുപയോഗം ചെയ്യപ്പെട്ടതോടെയാണ് ഇതിന് ഫൈറ്റർ ഡ്രഗ്' എന്ന പേര് വീണത്. കഠിനമായ മുറിവുകളോ പരിക്കുകളോ ഉണ്ടായാലും വേദന അറിയാതെ യുദ്ധം ചെയ്യാനും, ദിവസങ്ങളോളം ഉറക്കമില്ലാതെയും വിശപ്പില്ലാതെയും കഠിന ജോലി ചെയ്യാനും ഇത് സാധ്യമാക്കും. മസ്തിഷ്‌കത്തിലെ 'സെറോടോണിൻ', 'നോർനെഫ്രിൻ' എന്നീ രാസവസ്തുക്കളുടെ അളവിനെ സ്വാധീനിച്ച് ഭയമില്ലാത്ത അവസ്ഥയും വ്യാജമായ ഉന്മേഷവും ഉണ്ടാക്കാൻ ഇതിനാകും. റെഗുലർ മെഡിക്കൽ ഡോസിലല്ലാതെ അമിതമായി ഉപയോഗിച്ചാൽ ഇതിന്റെ ഉപയോഗം അതീവ അപകടകരമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും ട്രാമഡോൾ അംഗീകൃത ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ഈ മരുന്ന് മെഡിക്കൽ ഷോപ്പുകളിൽ വിൽക്കാൻ പാടില്ല. നിയമവിരുദ്ധമായി ഇത് കൈവശം വെയ്ക്കുന്നതും കടത്തുന്നതും കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഉറക്കവും വിശപ്പും അറിയിക്കാത്ത കാപ്റ്റഗൺ

ഫെനെഥൈലിൻ എന്ന രാസവസ്തുവിന്റെ വ്യാപാരനാമമായിട്ടാണ് 1960-കളിൽ കാപ്റ്റഗൺ വിപണിയിലെത്തുന്നത്. അക്കാലത്ത് കുട്ടികളിലെ ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി അഥവാ എ.ഡി.എച്ച്.ഡി., നാർക്കോലെപ്‌സി പോലുള്ള ഉറക്കമില്ലായ്മയുടെ രോഗാവസ്ഥകൾ എന്നിവയ്ക്കുള്ള ചികിത്സാ ഔഷധമായിട്ടാണ് ഇത് നിർമ്മിക്കപ്പെട്ടിരുന്നത്. എന്നാൽ ഇതിന്റെ അമിതമായ ലഹരിപ്രഭാവവും കടുത്ത ആസക്തിയും പാർശ്വഫലങ്ങളും തിരിച്ചറിഞ്ഞതോടെ 1980-കളിൽ ലോകമെമ്പാടും ഈ മരുന്ന് പൂർണ്ണമായി നിരോധിച്ചു. പിന്നീട് നിയമവിരുദ്ധ ലബോറട്ടറികളിൽ വ്യാജമായി നിർമ്മിക്കപ്പെടാൻ തുടങ്ങിയ ഈ ഗുളികകളിൽ, ആംഫെറ്റമൈൻ, മെത്താഫെറ്റമൈൻ, കഫീൻ തുടങ്ങിയ അതിശക്തമായ ഉത്തേജക രാസവസ്തുക്കളുടെ മിശ്രിതമാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഈ ലഹരി ഉപയോഗിക്കുന്ന ഒരാൾക്ക് മണിക്കൂറുകളോളം, ചിലപ്പോൾ ദിവസങ്ങളോളം ഉറക്കമില്ലാതിരിക്കാനും വിശപ്പും ശാരീരിക ക്ഷീണവും പൂർണ്ണമായി ഒഴിവാക്കാനും സാധിക്കുമെന്നതാണ് കുറ്റവാളികളെ ഇതിലേക്ക് ആകർഷിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമിക്കാനാകുന്നതും ഉയർന്ന ലാഭമുള്ളതുമായ മയക്കുമരുന്നായതുകൊണ്ടുതന്നെ വളരെവേഗത്തിലാണ് കാപ്റ്റഗൺ കടത്ത് വ്യാപിക്കുന്നത്. പശ്ചിമേഷ്യയിൽ ഉയർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട സിന്തറ്റിക് മയക്കുമരുന്ന് ഭീഷണികളിൽ ഒന്നായി അന്താരാഷ്ട്ര ഏജൻസികൾ കാപ്റ്റഗൺ വ്യാപാരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തീവ്രവാദ സംഘങ്ങളിലെയും കുപ്രസിദ്ധൻ

ഐ.എസ്.ഐ.എസ് അഥവാ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദ സംഘടനകൾ യുദ്ധസമയത്ത് സേനാംഗങ്ങൾക്ക് ഭയം കുറയ്ക്കാനും നീണ്ട സമയം ഉറക്കമൊഴിഞ്ഞ് പോരാടാനും ഈ മരുന്ന് നൽകിയിരുന്നതായി അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ രഹസ്യമായി നിർമ്മിക്കാമെന്നതും അന്താരാഷ്ട്ര വിപണിയിൽ നിന്ന് കോടികളുടെ ലാഭം കൊയ്യാമെന്നതുമാണ് കാപ്റ്റഗണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് ആക്കം കൂട്ടുന്നു. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് ആ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്ന് ഈ ലഹരിമരുന്നിന്റെ അനധികൃത നിർമ്മാണവും കടത്തുമാണെന്ന് യുകെ ഫോറിൻ ഓഫീസ് അടക്കമുള്ള ഔദ്യോഗിക ഏജൻസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ലെബനൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപകമായി കടത്തപ്പെടുന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും ഡൽഹിയിൽ നിന്നുമായാണ് 182 കോടിരൂപ വിലവരുന്ന കാപ്റ്റഗൺ പിടികൂടിയത്.

ഓൺലൈനിൽ സുലഭം

എൻ.ഡി.പി.എസ്. ആക്ടിനുകീഴിൽ വിൽപ്പനയ്ക്ക് നിയന്ത്രണമുള്ള ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ പക്ഷേ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ലഭ്യമാണ്. ഇത്തരത്തിലുള്ള 122 ഇനം ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി അധികൃതർ കണ്ടെത്തുകയും ചെയ്തു. വിദേശ മയക്കുമരുന്ന് നിയമ നിർവഹണ ഏജൻസികളുടെ സഹായത്തോടെ ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വിൽപ്പന നടത്തിവന്ന ഓൺലൈൻ ശൃഖലയെ തകർത്തതായി നാർകോട്ടിക് ബ്യൂറോ അധികൃതർ അവകാശപ്പെടുന്നു. അതിനിടെ, ഇന്ത്യയിൽ ലഹരിക്കുവേണ്ടി ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ ദുരുപയോഗത്തിൽ വൻവർധനയാണുള്ളത്. 2024-ൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 4.69 കോടി ഗുളികകളാണ് ഏജൻസികൾ പിടിച്ചെടുത്തത്. 2023-ലേതിനെക്കാൾ മൂന്നിരട്ടിയോളം അധികമാണിത്.

കേരളം ഫാർമ ടെററിസത്തിന് വേദിയാകരുത്

ഫാർമ ടെററിസം എന്ന നവഭീകരത നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യരംഗത്തിനും വലിയൊരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി കടത്തുകാർ ഇന്ത്യയെയും കേരളം പോലുള്ള പ്രധാന നഗരങ്ങളെയും ഒരു ട്രാൻസിറ്റ് മാർഗ്ഗമായി ഉപയോഗിക്കുന്നത് തടയാൻ സുരക്ഷാ ഏജൻസികളുടെ ഭാഗത്തുനിന്നും ജാഗ്രത ശക്തമാക്കിയിട്ടുണ്ട് എങ്കിലും, അന്താരാഷ്ട്ര തലത്തിലുള്ള ഈ നർക്കോ-ടെററിസം ശൃംഖലയെ പൂർണ്ണമായി തകർക്കുക എന്നത് വരുംകാലങ്ങളിൽ വലിയൊരു വെല്ലുവിളിയായി തന്നെ തുടരും.

ഈ സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും ഭാഗത്തുനിന്നുള്ള കർശന നിരീക്ഷണവും ശക്തമായ നിയമനടപടികളും അനിവാര്യമാണ്. ഒപ്പം, ഫാർമസ്യൂട്ടിക്കൽ രംഗത്തെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുകയും ഇത്തരം മരുന്നുകളുടെ കരിഞ്ചന്ത വ്യാപാരം തടയുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമാണ്.

SCROLL FOR NEXT