ബംഗ്ലാദേശികളായ ഒരു പുരുഷനെയും സ്ത്രീയെയും സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയ സംഭവം ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. എന്തുകൊണ്ടാണ് ആ വധശിക്ഷാ വാര്‍ത്ത ലോകമനസാക്ഷിയില് ഇത്രയും വലിയ മുറിവായി നിലനില്‍ക്കുന്നത്? ആഗോള മാനവികതയുടെ അന്തരീക്ഷത്തില്‍ ആ വധശിക്ഷ ഉണ്ടാക്കിയ അനുരണനങ്ങള്‍ അടങ്ങാത്തത് എന്തുകൊണ്ടായിരിക്കും?
ബംഗ്ലാദേശികളുടെ വധശിക്ഷ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
ആഗോളതലത്തില്‍ ശക്തിപ്രാപിക്കുകയും വളരുകയും ചെയ്തുകൊണ്ടിരിക്കുന്ന മാനവികതയുടെ മഹാസാഗരത്തിനുമേല് സൗദി ഭരണകൂടത്തിന്റെ നടപടിയുണ്ടാക്കിയത് അന്ധാളിപ്പിന്റെ വന്തിരമാലകളാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും പലവിധ മനുഷ്യാവകാശ ലംഘനങ്ങളും ലോകത്ത് പലനിലയ്ക്കും നടമാടുന്ന കാലമായിട്ടും സൗദിയിലെ വധശിക്ഷ വേറിട്ടൊരു ട്രോമ ലോകമനസിന് സമ്മാനിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.
ഈ വര്‍ഷം, അതായത് 2026 ഒക്ടോബര്‍ 14 നാണ് നസ്രുള് ഇസ്ലാം, സ്വീറ്റി അക്തര്‍ എന്നിവരുടെ വധശിക്ഷ സൗദി നടപ്പാക്കിയത്. ഇസ്ലാമിക നിയമത്തിന്റെ കണ്ണില്‍ അനാശാസ്യകരമായ പ്രവൃത്തിയില്‍ മെക്കയിലെ പള്ളിയില്‍ ഇരുവരും ഏര്‍പ്പെട്ടുവെന്നതായിരുന്നു കുറ്റം. 2023 ഓഗസ്റ്റ് മുതല്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. ഇതില്‍ നമുക്ക് ഇപ്പോള്‍ വരെ, അതായത് 2026 ഒക്ടോബര്‍ 25 വരെ, പൂര്‍ണമായി സ്ഥിരീകരിക്കാനാവുന്ന കാര്യം ഇരുവരെയും വധിച്ചു എന്നതുമാത്രമാണ്. വധശിക്ഷയ്ക്ക് ശേഷം ഇരുവരുടെയും ജന്മദേശമായ ബംഗ്ലാദേശിലെ സര്‍ക്കാരിനെ സൗദി ഇക്കാര്യം അറിയിച്ചു എന്നതാണ് ആ സ്ഥീരീകരണത്തിന് ഇടനല്കുന്ന കാര്യം. തങ്ങളുടെ പൗരരുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതിരുന്നതിലുള്ള പ്രതിഷേധം ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം സൗദി അംബാസഡറോട് അറിയിച്ചതും വധശിക്ഷയ്ക്ക് സ്ഥിരീകരണം നല്കിയ സംഭവമായി.
വസ്തുതകള്‍ ത്രിശങ്കുവില്‍
സ്വീറ്റിയുടേയും നസ്രുള് ഇസ്ലാമിന്റേയും വധശിക്ഷ മാനവികതയുടെ മനസില്‍ തീര്‍ത്ത മുറിവിന്റെ സവിശേഷത നമുക്ക് അവസാനം പരിശോധിക്കാം. ഈ വിഷയമുയര്ത്തുന്ന ഏറ്റവും വലിയ പ്രശ്നം അതായതുകൊണ്ട് തന്നെയാണ് അത് അവസാനത്തേയ്ക്ക് വയ്ക്കുന്നതും. യാഥാര്‍ത്ഥ്യങ്ങളുടെ കാര്യത്തില്‍ ഒരു തീര്‍പ്പിലെത്താനുള്ള ബുദ്ധിമുട്ടാണ് ഈ വധശിക്ഷ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം. അതായത് നിലവില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമെന്നോ അസത്യമെന്നോ പറയാനാവാത്ത അവസ്ഥ.
നമുക്കറിയാം സൗദി അറേബ്യ കടുത്ത മാധ്യമ നിയന്ത്രണം ഉള്ള രാജ്യമാണെന്ന്. എന്തു പുറത്തുപറയണം എന്ത് മൂടിവെയ്ക്കണം എന്നത് ഭരണകൂടം തീരുമാനിക്കും. സ്വീറ്റിയുടേയും നസ്രുള് ഇസ്ലാമിന്റേയും വധശിക്ഷയുടെ കാര്യത്തിലും ഇത് ബാധകമായി. അതുകൊണ്ടു തന്നെ ലോകമെമ്പാടും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന ഭൂരിപക്ഷം വിവരങ്ങളും സ്ഥിരീകരണമില്ലാത്തതാണ്. പക്ഷേ സൗദിയിലെ അടച്ചുമൂടപ്പെട്ട വാര്‍ത്താവിനിമയ സാഹചര്യം ഇക്കാര്യത്തില്‍ സൃഷ്ടിക്കുന്ന സവിശേഷ അവസ്ഥ, പ്രചരിക്കുന്നതെല്ലാം വ്യാജമെന്നും സ്ഥിരീകരിക്കാനാവുന്നില്ല എന്നതാണ്. സൗദി അധികൃതര്‍ നല്കിയ വിവരങ്ങളും ഭരണകൂടം സ്ഥിരീകരിച്ച വിവരങ്ങളും ചോര്‍ന്നുകിട്ടിയ സ്ഥാനപതി കാര്യാലയ രേഖകളും അടിസ്ഥാനമാക്കി ക്രോഡീകരിക്കപ്പെട്ടതുസരിച്ച് സ്ഥിരീകരിക്കപ്പെട്ടതെന്ന് വിളിക്കാവുന്ന വിവരങ്ങള്‍ ഇവയാണ്.
വധിക്കപ്പെട്ടവര്‍ ആര്?
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ ആര് എന്നത് സംബന്ധിച്ച് വ്യത്യസ്തമായ നിരവധി വിവരങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളുലുമായി പ്രചരിച്ചത്. നസ്രുള് ഇസ്ലാം ബംഗ്ലാദേശിലെ ബ്രഹ്മന്ബാരിയയില് നിന്നുള്ള 22 കാരനും സ്വീറ്റി അക്തര്‍ താംഗെയ്ലില് നിന്നുള്ള 24 കാരിയുമാണ്. ഇരുവരും നാലുവര്‍ഷം മുന്‍പ് സൗദി അറേബ്യയിലെത്തിയവരും അല്‍-മജാല്‍ എന്ന ക്ലീനിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്നവരുമാണ്. ഇരുവരും നവവധൂവരന്മാരാണ് എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു കാര്യം. ഇത് തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെട്ട രേഖകള്‍ കാണിക്കുന്നു. നസ്രുളും സ്വീറ്റിയും വിവാഹിതരാണെന്ന പ്രചാരണം നസ്രുളിന്റെ പിതാവ് നിഷേധിച്ചിട്ടുമുണ്ട്. ജിദ്ദയിലെ ബംഗ്ലാദേശി കോണ്‍സുലേറ്റ് ജനറലില്‍ നിന്ന് ചോര്‍ന്ന ഒരു രേഖപ്രകാരമുള്ള വിവരമനുസരിച്ച് രണ്ടുപേരും 2023 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യം സ്വീറ്റി അക്തറിനെതിരെ മാത്രമായിരുന്നു വ്യഭിചാരക്കുറ്റം ചുമത്തിയിരുന്നത്. നസ്രുളിനെ അറസ്റ്റ് ചെയ്തത് സൗദി അറേബ്യയിലെ സൈബര്‍ നിയമപ്രകാരമുള്ള കുറ്റകൃത്യത്തിനായിരുന്നു. നസ്രുള് കുടുക്കപ്പെട്ടതാണെന്ന് അയാളുടെ കുടുംബം ആരോപിച്ചിരുന്നു.
കുറ്റവും ശിക്ഷയും
ഇക്കഴിഞ്ഞ പതിനാലാം തീയതി സ്വീറ്റിയെയും നസ്രുളിനെയും വധശിക്ഷയ്ക്ക് വിധേയരാക്കി എന്ന് അറബിയില്‍ മാത്രമുള്ള പ്രസ്താവനയിലാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. മെക്കയിലാണ് വധശിക്ഷ നടപ്പാക്കിയത്. ഒരു മോസ്കിനുളളില് വെച്ച് നടത്തിയ സദാചാരവിരുദ്ധവും അന്തസില്ലാത്തതുമായ പ്രവൃത്തിയാണ് കുറ്റമെന്ന് പൊതുവായി പറയുക മാത്രമാണ് പ്രസ്താവനയില്‍ ചെയ്തത്. എന്തായിരുന്നു അവരുടെ പ്രവൃത്തിയെന്നോ എന്നാണ് അത് ചെയ്തതെന്നോ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനാവശ്യമായ നിയമസഹായം ലഭിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല. ഇവിടെയാണ് ഒരു ഭരണകൂടത്തിന്റെ നടപടികളുടെ സുതാര്യതയില്ലായ്മ എന്നത് പ്രശ്നമാകുന്നത്. ഇസ്ലാമിക നിയമമായ ശരീഅത്ത് പ്രകാരം ജഡ്ജിയുടെ വിവേചനാധികാരത്തില്‍ ഊന്നുന്ന തഅ്സിര് ആയിരുന്നു ദണ്ഡനത്തിനുള്ള മാനദണ്ഡമെന്നതും സ്ഥിരീകരിക്കപ്പെട്ടു. വധശിക്ഷ രാജകല്‍പ്പനപ്രകാരം ശരിവെയ്ക്കപ്പടുകയും ചെയ്തു. മതനിയമം രാജ്യത്തിന്റെ നിയമമാകുമ്പോഴുണ്ടാകുന്ന അനീതികളും മാനവിക വിരുദ്ധതയുമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.
നയതന്ത്ര പ്രശ്നവും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനവും
കഴിഞ്ഞമാസം, അതായത് 2026 സെപ്റ്റംബറില്‍ അറസ്റ്റുചെയ്യപ്പെട്ട 2500 തടവുകാരുടെ ഒരു പട്ടിക ജിദ്ദയിലെ ബംഗ്ലാദേശി കോണ്‍സുലേറ്റിന് സൗദി അധികൃതരില്‍ നിന്ന് ലഭിച്ചു. ഇതില്‍ സ്വീറ്റിക്കെതിരായ വ്യഭിചാരക്കുറ്റവും നസ്രുളിനെതിരായ സൈബര്‍ കുറ്റവും ഉള്‍പ്പെട്ടിരുന്നു. പക്ഷേ ഇവര്‍ക്ക് വധശിക്ഷ വിധിച്ചതും അത് എപ്പോഴാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നതും പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരുന്നു. സ്ഥാനാപതിതല ബന്ധങ്ങളുമായി ബന്ധപ്പെട്ട വിയന്ന കണ്‍വന്‍ഷന്റെ 36 ആം ആര്‍ട്ടിക്കിളിന്റെ ലംഘനമാണ് സൗദി അറേബ്യ നടത്തിയതെന്ന വിമര്‍ശനം ശക്തമാണ്. വിചാരണ നേരിടുന്ന പൗരരുടെ കാര്യത്തില്‍ ഇടപെടാനുള്ള അവസരം പരമാധികാര രാജ്യങ്ങള്‍ പരസ്പരം അനുവദിക്കണെമെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടത്. സ്വീറ്റിക്കും നസ്രുളിനും നിയമസഹായം നല്‍കാനുള്ള ബംഗ്ലാദേശിന്റെ അവകാശം നിഷേധിക്കപ്പെട്ടു. കാരണം രാജ്യത്തിന് വ്യക്തമായ അറിയിപ്പ് സൗദി അറേബ്യ നല്‍കിയില്ല. ഇരുവരുടെയും ശിരച്ഛേദം ചെയ്യപ്പെട്ട കാര്യം അത് സംഭവിച്ച ശേഷമാണ് ഇരുവരുടെയും കുടുംബങ്ങളടക്കം അറിഞ്ഞത്. അതാവട്ടെ മാധ്യമങ്ങള്‍ വഴിയും. ബംഗ്ലാദേശ് വിദേകാര്യ സഹമന്ത്രി ഷമാ ഒബേദ് സംഭവത്തെ അപ്രതീക്ഷിതം എന്ന് വിശേഷിപ്പിച്ചത് ഇക്കാര്യത്തിലെ നയതന്ത്ര പ്രോട്ടോക്കോള്‍ ലംഘനത്തിന് വ്യക്തത കൈവരുത്തി. ബംഗ്സാദേശിന്റെ നയതന്ത്രതല ആഭ്യര്‍ത്ഥനകള്‍ക്ക് സൗദിയുടെ മറുപടി ഈ നിമിഷം വരെ മൗനമാണ്. ശരീരങ്ങള്‍ ഇതുവരെ ജന്മാട്ടിലെത്തിയിട്ടില്ല. ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവരെ അഞ്ജാതമായ ഇടങ്ങളില്‍ മറവു ചെയ്യുകയാണ് സാധാരണ സൗദി ചെയ്യുക.
ലോകമനസാക്ഷിയുടെ മുറിവ്
ഇനി ഈ വധശിക്ഷ ലോകമനസാക്ഷിയില് സൃഷ്ടിച്ച ആഴത്തിലുള്ള വേദനയിലേക്ക് വരാം. മെക്കയില്‍ ക്ലീനിങ് തൊഴിലിനായാണ് രണ്ടുപേരും സൗദിയില്‍ എത്തിയത് എന്നതില്‍ നിന്ന് ആ മനുഷ്യരുടെ ജീവിതപശ്ചാത്തലം ഏതാണ്ട് നമുക്ക് ഊഹിക്കാം. കേവലമായ അതിജീവനം പോലും അസാധ്യമാകുന്ന സാഹചര്യങ്ങളില്‍ നിന്ന് രക്ഷതേടി 30 ലക്ഷത്തോളം മനുഷ്യരാണ് ബംഗ്ലാദേശില്‍ നിന്ന് സൗദി അറേബ്യയില്‍ കുടിയേറ്റത്തൊഴിലാളികളായുള്ളത്. അവരുടെ പ്രതിനിധികള്‍ കൂടിയാണ് സ്വീറ്റിയും നസ്രുളും. മതപരമായ നിയമങ്ങള്‍ രാജ്യനിയമങ്ങളല്ലാത്ത, ജനാധിപത്യ നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളാണ് ലോകത്ത് ഭൂരിപക്ഷവും. ജോലി സ്ഥലത്ത് സ്ഥിരമായി കണ്ടുമുട്ടുന്ന രണ്ടുപേര്‍ പ്രണയത്തിലാകാനുള്ള സാധ്യതയുണ്ടന്നും, അങ്ങനെയായാല്‍ അവര്‍ ശാരീരികമായി സ്നേഹം പങ്കിടാനുമുള്ള സാധ്യതയുണ്ടെന്നും, പരസ്പര സമ്മത്തോടെയാണെങ്കില് അതില്‍ അസാധാരണമോ നിയമവിരുദ്ധമോ ആയി ഒന്നുമില്ലെന്നും മനസിലാക്കുന്ന ആധുനിക ലോകത്തിന് മുന്നിലേക്കാണ് ഈ വാര്‍ത്ത വന്നത്. മാനവികതയിലൂന്നിയ ആ സദാചാര ബോധത്തിന് ബോധ്യമാകുന്ന വിധത്തില്‍, സ്വീറ്റിയുടേയും നസ്രുളിന്റെയും തലവെട്ടിയെടുത്തിനുള്ള കാരണം വ്യക്തമാക്കും വരെ ഈ സംഭവം ലോകമനസാക്ഷിയുടെ മുറിവായിത്തന്നെ അവശേഷിക്കും.