OPINION

ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് ബിജെപി

പാര്‍ട്ടി ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്

Author : പി.പി. പ്രശാന്ത്

ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ കട്ടൗട്ടുകള്‍ മുതല്‍, പ്രചാരണ കൊടികള്‍ വരെ അഴിമതിക്കുള്ള ആയുധങ്ങളാക്കി മാറ്റിയ നേതാക്കളുടെ നടപടി പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെയും ഗ്രൂപ്പിസത്തെയും വീണ്ടും തെരുവിലേക്ക് വഴിച്ചിഴച്ചു കഴിഞ്ഞു. ഏതായാലും സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും ബിജെപി ഓഡിറ്റ് സംഘം അന്വേഷിക്കാനൊരുങ്ങുകയാണ്.

ഫണ്ട് തട്ടിപ്പ്: നാണക്കേടിന്റെ പടുകുഴിയില്‍ ബിജെപി

കൊടകര കുഴല്‍പ്പണക്കേസിന്റെ നാണക്കേടില്‍ നിന്നു കരകയറും മുന്‍പ് വീണ്ടുമുയര്‍ന്ന, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണത്തില്‍ പകച്ച് നില്‍ക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ക്കു നേരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ക്രമക്കേടും നടന്നിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ ആരോപണങ്ങളും തെളിവുകളും പുറത്തുവരുന്നത് എന്നത് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. എല്ലാ വര്‍ഷവും നിയോജകമണ്ഡലതലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെ ഓഡിറ്റ് നടത്താറുണ്ടെന്നും ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിനാല്‍ അതിന്റെ ഫണ്ട് കൈകാര്യം ചെയ്തതു കൂടി സ്വാഭാവികമായും പരിശോധിക്കുമെന്നും ഓഡിറ്റിനു നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാന ട്രഷറര്‍ ഇ. കൃഷ്ണദാസ്, ജോയിന്റ് ട്രഷറര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്പൂര്‍ണ ഓഡിറ്റ് നടത്തുന്നത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമായും പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്നായിരുന്നു നേതൃത്വത്തിന് പരാതി ലഭിച്ചത്.

തൃശൂരില്‍ നിന്ന് കോടികള്‍ നഷ്ടപ്പെട്ടു

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് കോടികളുടെ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുകളും പുറത്ത്വന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനേതൃത്വം നല്‍കിയ ഫണ്ടാണ് വിവിധ നേതാക്കള്‍ തട്ടിയെടുത്തതെന്നാണ് ആരോപണം. ജില്ലക്ക് നല്‍കിയ ഫണ്ടില്‍ നിന്ന് നാലര കോടിയോളം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണ് തൃശൂരില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയത്. മറ്റു പല ജില്ലകളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

തൃശൂര്‍ സിറ്റി ജില്ലയുടെ പരിധിയിലുള്ള നിയോജക മണ്ഡലങ്ങളിലെ പ്രചാരണത്തിന് ലഭിച്ച ഒന്‍പത് കോടിയോളം രൂപയും പ്രവര്‍ത്തകരില്‍ നിന്നും മറ്റുമായി പിരിച്ചെടുത്ത പണവുമെല്ലാം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ പണം ചില നേതാക്കള്‍ ചേര്‍ന്ന് ഇന്‍കം ടാക്‌സ് റെയ്ഡിന്റെ പേര് പറഞ്ഞ് ഇവിടെ നിന്ന് മാറ്റിയിരുന്നു. പാര്‍ട്ടി സംസ്ഥാന ഭാരവാഹിയും ചില ജില്ലാ നേതാക്കളും കൂടിയാണ് പണം തട്ടിയെടുത്തതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു. തൃശൂരിലെ പ്രധാന നേതാവിന്റെ പരാതിയെത്തുടര്‍ന്ന് പണത്തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ എത്തിയിരുന്നു.

കട്ടൗട്ടിന്റെ പേരില്‍ വ്യാജ ബില്ല്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിലെ കട്ടൗട്ടിന്റെ പേരില്‍ വ്യാജ ബില്ലുണ്ടാക്കി 16 ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന് സംസ്ഥാന സമിതിയംഗത്തിന്റേതെന്ന പേരില്‍ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേന്ദ്രം സൗജന്യമായി നല്‍കിയ കൊടികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിമാനത്താവളത്തില്‍ തടഞ്ഞു വച്ചതിനു പിന്നാലെ സംസ്ഥാന നേതൃത്വം സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പ് കാലത്ത് 1.62 കോടി രൂപയ്ക്കു കൊടികള്‍ വാങ്ങി. ഈ ഇടപാടിന് 31 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി മുന്‍കൂറായി കമ്മിഷന്‍ വാങ്ങിയെന്നാണ് മറ്റൊരു ബിജെപി നേതാവിനോടു സ്ഥാപനത്തിന്റെ പ്രതിനിധി ശബ്ദരേഖയില്‍ വെളിപ്പെടുത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന് ബിജെപി നേതാവ് അയച്ച കത്തില്‍ ക്രമക്കേടുകള്‍ അക്കമിട്ടു പറയുന്നുണ്ട്. കൊടികളുടെയും കട്ടൗട്ടിന്റെയും നിര്‍മാണത്തില്‍ കമ്മിഷന്‍ കൈപ്പറ്റിയെന്നും ഹോട്ടലില്‍ 30 റൂം ബുക്ക് ചെയ്തു ബില്‍ തട്ടിപ്പു നടത്തിയെന്നും കത്തിലുണ്ട്. ഉയര്‍ന്ന തുകയ്ക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് കമ്മിഷന്‍ നേടിയെന്നും കേന്ദ്രം സൗജന്യമായി നല്‍കിയ പാര്‍ട്ടി കൊടികള്‍ ഒരു നേതാവ് രണ്ടു ലക്ഷം വാങ്ങിയാണ് മണ്ഡലത്തില്‍ നല്‍കിയത് എന്നും സമഗ്രമായ അന്വേഷണം വേണമെന്നും കത്തില്‍ പറയുന്നു. ഈ കത്തയച്ചു കുറച്ചു നാളുകള്‍ക്കു ശേഷമാണ് ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പോടെ പാര്‍ട്ടി ലെറ്റര്‍പാഡില്‍ അറിയിപ്പ് പുറത്തുവന്നത്. എന്നാല്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വ്യാജ ലെറ്റര്‍ ഹെഡാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ പൊലീസ് മേധാവിക്കു പരാതി നല്‍കുകയും ചെയ്തു.

ബാഗ് നിറയെ പണവുമായി സെല്‍ഫി

ഇലക്ഷന്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു വിദ്യാര്‍ഥി നേതാവ് ബാഗ് നിറയെ പണവുമായി സെല്‍ഫി എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് എടുത്തതാണെന്ന ആരോപണം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചതിനെക്കുറിച്ചും സംഘടന അന്വേഷിക്കുന്നുണ്ട്. അടുത്തിടെ കാര്‍ വാങ്ങിയ കോട്ടയത്തെ ഒരു യുവ നേതാവിനും തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടില്‍ പങ്കുണ്ടെന്ന് പരാതിയുണ്ട്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മണിക്കൂറിന് 3.4 ലക്ഷം നല്‍കി ബിജെപി സംസ്ഥാന കമ്മിറ്റി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിക്കൂറിന് 2.7 ലക്ഷം രൂപയായിരുന്നു വാടക. വാടകയിനത്തിലെ ഈ വ്യത്യാസത്തില്‍ അഴിമതി ആരോപിച്ചും സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സംസ്ഥാനകമ്മിറ്റി ഓഫീസിലെ പ്രമുഖന്‍, ഇതേ വാടകയ്ക്ക് മറ്റൊരു ഹെലികോപ്റ്ററിനു കൂടി കരാര്‍ നല്‍കി. മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന കേന്ദ്രപ്രതിനിധി ഇതു ചോദ്യംചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റ് ചെയ്യുമ്പോള്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുമെന്നാണ് ഓഡിറ്റ് സംഘത്തിന്റെ പ്രതീക്ഷ.

ആര്‍എസ്എസും പാര്‍ട്ടി ദേശീയ നേതൃത്വവും അതൃപ്തിയില്‍

സംസ്ഥാന ബിജെപിയിലെ ഫണ്ട് വെട്ടിപ്പില്‍ ആര്‍എസ്എസും പാര്‍ട്ടി ദേശീയ നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകളില്‍ ജയിച്ചതിന്റെ എല്ലാ ശോഭയും കെടുത്തുന്ന നിലയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങളെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. അഴിമതി ആരോപണം ജനവിശ്വാസത്തെ ബാധിക്കുമെന്ന വിലയിരുത്തലും സംഘടനക്കുണ്ട്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. ഇതേ നിലപാടിലാണ് ബിജെപി ദേശീയ നേതൃത്വവും. പണ വിവാദം ബിജെപിയെ പിടികൂടുന്നത് ഇതാദ്യമല്ല. കൊടകര കുഴല്‍പ്പണ ഇടപാടായിരുന്നു ഇടക്കാലത്തെ വിവാദം.

ബി.ജെ.പിയുടെ പ്രതിഛായയെ ബാധിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ബിജെപി കേരള ഘടകത്തെ സംബന്ധിച്ചിടത്തോളം അതീവ ഗൗരവകരമായ വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും സംഘടനാപരമായ വളര്‍ച്ചയ്ക്കും ഇടയിലും, ഇത്തരം സാമ്പത്തിക ക്രമക്കേടുകള്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയെയും പ്രതിച്ഛായയെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ആരോപണങ്ങളെക്കുറിച്ച് ആര്‍.എസ്.എസും കേന്ദ്ര നേതൃത്വവും അതീവ ജാഗ്രത പുലര്‍ത്തുകയും, ബിജെപി സംസ്ഥാന നേതൃത്വം ഓഡിറ്റിങ് നടപടികള്‍ ആരംഭിക്കുകയും ചെയ്തതോടെ പാര്‍ട്ടി ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിലെ സംഘടനാപരമായ നിലപാടുകള്‍ കേരളത്തിലെ ബിജെപിയുടെ ഭാവി രാഷ്ട്രീയ ഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.

SCROLL FOR NEXT