സ്പോട്ട്ലൈറ്റ് Source: News Malayalam 24X7
OPINION

SPOTLIGHT | അഹമ്മദാബാദിൽ ചിറകറ്റു വീണ സ്വപ്നങ്ങള്‍

ഏറ്റവും കുറവ് അപകട നിരക്കുള്ള യാത്രാമാര്‍ഗം, അത് വിമാനമാണ്. ആകാശത്ത് അപകടമുണ്ടായാല്‍ ജീവന്‍ രക്ഷപ്പെടാന്‍ ഏറ്റവും സാധ്യത കുറവുള്ളതും മറ്റൊന്നിലുമല്ല, അതും വിമാനത്തിലാണ്.

Author : അനൂപ് പരമേശ്വരന്‍

അത്യന്തം ദുഃഖകരമായ ദിവസങ്ങളാണ്. ജീവന്‍ നഷ്ടമായത് പലതരം സ്വപ്നങ്ങളുമായി പറന്നവര്‍ക്കു മാത്രമല്ല, താഴെ മണ്ണില്‍ നിന്നവര്‍ക്കു കൂടിയാണ്. ഇപ്പോള്‍ ഈ നിമിഷം എങ്ങനെ ഈ അപകടം ഉണ്ടായി എന്ന് അവിദഗ്ധരായ നമുക്ക് പറയാതിരിക്കാം. അതു പറയാന്‍ പ്രാപ്തരായവര്‍ രാജ്യത്തുണ്ട്. അവരോടൊപ്പം ചേരാന്‍ അമേരിക്കയിലേയും ബ്രിട്ടനിലേയും വിദഗ്ധരും എത്തുന്നുണ്ട്. ബോയിങ് 787 ഡ്രീംലൈനര്‍ നേരിടുന്ന ആദ്യത്തെ വലിയ അപകടമാണ്. എന്താണ് കാരണമെന്ന് പരിശോധിക്കാന്‍ ബോയിങ്ങിലെ സാങ്കേതിക വിദഗ്ധരും എത്തും. ഇത് വിമാന അപകടത്തിന്റെ വൈകാരികവശങ്ങളാണ്. വിദഗ്ധ വിശകലനമല്ല.

ആദ്യമായി ആ പേരു കേട്ടവര്‍ പോലും രഞ്ജിതയെയോര്‍ത്ത് വിതുമ്പി പോയിട്ടുണ്ടാകും. കണ്ണീര്‍വാര്‍ക്കാത്തവരായി ആരാണു ബാക്കിയുണ്ടാവുക.

ചിറകറ്റു വീണ സ്വപ്നങ്ങള്‍

പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ജീവിതമെടുക്കുക. നൂല്‍പ്പാലത്തിലൂടെയുള്ള ജീവിതയാത്ര ഓര്‍മിപ്പിക്കുകയാണ് ആ സംഭവങ്ങള്‍. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സ്. പ്രാരാബ്ധങ്ങളേറിയപ്പോള്‍ അവധിയില്‍ ഒമാനിലേക്ക്. ലണ്ടനില്‍ ജോലി കിട്ടിയപ്പോള്‍ അവിടേക്ക്. മടങ്ങിയെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ കയറാന്‍ തീരുമാനം. അതിന്റെ നടപടികള്‍ക്കായി മൂന്നുദിവസത്തെ അവധിക്ക് നാട്ടിലെത്തിയതാണ്. ജോലിയില്‍ തിരികെ പ്രവേശിച്ചു. ഇനി ലണ്ടനില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നേടണം.

അതിനായി കൊച്ചിയില്‍ നിന്ന് ചെന്നൈക്ക്. ചെന്നൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക്. അഹമ്മദാബാദില്‍ നിന്ന് വിമാനം പറന്നുപൊങ്ങി മുപ്പത്തിരണ്ടാം സെക്കന്‍ഡില്‍ അപകടം. നാട്ടില്‍ ആയിരം കണ്ണുമായി കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. അമ്മയും രണ്ടു കുഞ്ഞുങ്ങളും വീട്ടിലും. ഏതു വാക്കുകള്‍കൊണ്ടു കഴിയും അവരെ ആശ്വസിപ്പിക്കാന്‍. ഇത്രയേറെ നമ്മളെ ഉലയ്ക്കുന്ന അപകടം വേറെ ഉണ്ടാകില്ല. ആദ്യമായി ആ പേരു കേട്ടവര്‍ പോലും രഞ്ജിതയെയോര്‍ത്ത് വിതുമ്പി പോയിട്ടുണ്ടാകും. കണ്ണീര്‍വാര്‍ക്കാത്തവരായി ആരാണു ബാക്കിയുണ്ടാവുക. എന്തൊരു അലച്ചിലായിരുന്നു ഈ ദിവസങ്ങളില്‍ രഞ്ജിതയ്ക്ക്. കൊച്ചിയില്‍ നിന്നോ ചെന്നൈയില്‍ നിന്നു നേരിട്ടു വിമാനം കിട്ടാത്തതിനാല്‍ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക്. 120 മണിക്കൂറിനുള്ളില്‍ എത്രയായിരം കിലോമീറ്ററാണ് ആ ജീവിതം താണ്ടിയത്.

ആയിരം കണ്ണുമായി കാത്തിരുന്നവര്‍

കത്തിയെരിയുന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരാള്‍. അത് ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ വിശ്വാസ് കുമാറാണ്. വിമാനത്തിന്റെ ടേക്ക് ഓഫില്‍ 32 സെക്കന്‍ഡ് എന്നുപറയുന്നത് ഏറ്റവും സങ്കീര്‍ണമായ കാലയളവാണ്. ആ 32 സെക്കന്‍ഡില്‍ ഓരോ യന്ത്രഭാഗങ്ങളിലും അതിവിപുലമായ മാറ്റങ്ങളാണ് ഉണ്ടാവുക. ചിലതിനു പതിന്മടങ്ങു വേഗം കൂടുമ്പോള്‍ മറ്റു ചിലതിന് വേഗം കുറഞ്ഞുവരും.

ചക്രങ്ങള്‍ക്ക് കറക്കം കുറച്ച് ഉയരും. ചിറകുകളുടെ ഫ്‌ളാപ്പുകളുടെ ദിശ മാറും. ഇങ്ങനെ അനേകം പ്രക്രിയകള്‍ നടക്കുന്ന ആ 32 സെക്കന്‍ഡിലാണ് ഒരു സ്‌ഫോടന ശബ്ദം വിശ്വാസ് കുമാര്‍ കേള്‍ക്കുന്നത്. അടിയന്തര രക്ഷാ ജാലകത്തിലൂടെ എങ്ങനെ പുറത്തെത്തി എന്ന് വിശ്വാസിന് വിവരിക്കാന്‍ കഴിയുന്നില്ല. ചുറ്റും ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ മാത്രമാണ് ഓര്‍മയില്‍. അവരില്‍ ഒരാളായി സ്വന്തം സഹോദരന്‍ അജയ് കുമാറുമുണ്ട്. ഒരു വിമാന അപകടത്തിലെ ഏറ്റവും അത്ഭുതകരമായ രക്ഷപ്പെടലാണ് വിശ്വാസ് കുമാറിന്റേത്. എങ്ങനെ അപകടമുണ്ടായി എന്നു പഠിക്കുന്നതിനൊപ്പം വിമാനക്കമ്പനികള്‍ ഇനി മറ്റൊന്നു കൂടി പഠിക്കും. എങ്ങനെ വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടു എന്നതാകുമത്. ഇനിയുള്ള വിമാനയാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ അങ്ങനെയൊരു പഠനം അനിവാര്യമാണ്.

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഓരോരുത്തരുടേയും ജീവിതം രഞ്ജിതയുടേതുപോലെ പ്രിയപ്പെട്ടതാണ്. പലരും വായ്പയെടുത്ത് പഠിക്കാനെത്തിയവരാണ്. ചിലര്‍ വീട്ടിലെ ഒറ്റമകനും ഒറ്റമകളുമാണ്.

മരണം പറന്നിറങ്ങിയ ഹോസ്റ്റല്‍

വിമാനത്തിനുള്ളിലുണ്ടായിരുന്നവര്‍ മാത്രമല്ല ഈ അപകടത്തിന്റെ ഇരകള്‍. മേഘനി നഗറിലെ ബി ജെ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഒരു വ്യോമാക്രമണത്തിലെന്നതുപോലെ ഹോസ്റ്റല്‍ തകരുകയായിരുന്നു. നാലു ഹോസ്റ്റലുകളുള്ള കെട്ടിടത്തില്‍ ഒന്നില്‍ തട്ടിയതിനുശേഷം മറ്റൊന്നിനു മുകളിലേക്കാണ് വിമാനം വീണത്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ കന്റീനില്‍ എത്തുന്ന സമയത്തായിരുന്നു അപകടം.

എല്ലാവരും ഭാവി ഡോക്ടര്‍മാരാണ്. മരിച്ചവരില്‍ കൂടുതലും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. വിമാനത്തിനൊപ്പം കെട്ടിടത്തിനും തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയ ചില വിദ്യാര്‍ഥികള്‍ വീഴ്ചയുടെ ആഘാതത്തില്‍ മരിച്ചു. ചിലര്‍ പുറത്തുകടക്കാനാകാതെ തീഗോളത്തില്‍ കുടുങ്ങി. മറ്റുചിലര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. വിമാന അപകടങ്ങളിലെ അത്യപൂര്‍വം സംഭവം കൂടിയായിരുന്നു ഇത്. യാത്രക്കാരുമായി തകര്‍ന്നു വീഴുന്ന വിമാനങ്ങള്‍ താഴെ കെട്ടിടങ്ങളിലുള്ളവര്‍ക്ക് അപകടമുണ്ടാക്കുന്നത് അസാധാരണമാണ്. വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് മനഃപൂര്‍വം ഇടിച്ചു കയറ്റിയപ്പോഴാണ് ഇത്തരത്തില്‍ മരണങ്ങള്‍ കൂടുതല്‍ ഉണ്ടായിട്ടുള്ളത്. മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഓരോരുത്തരുടേയും ജീവിതം രഞ്ജിതയുടേതുപോലെ പ്രിയപ്പെട്ടതാണ്. പലരും വായ്പയെടുത്ത് പഠിക്കാനെത്തിയവരാണ്. ചിലര്‍ വീട്ടിലെ ഒറ്റമകനും ഒറ്റമകളുമാണ്. അവരെ ഓരോരുത്തരേയും കരുതി സ്വപ്നങ്ങള്‍ നെയ്യുന്നവര്‍ വീടുകളില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ സ്വപ്നങ്ങളുടെ ആകാശത്താണ് കരിയും കാര്‍മേഘവും നിറഞ്ഞത്.

ആയിരം ടേക് ഓഫുകള്‍ കഴിഞ്ഞ പൈലറ്റിന് ആയിരത്തിയൊന്നാമത്തേതും ഒരു പുതിയ ടേക് ഓഫ് ആണ്. അത്രയേറെ ശ്രദ്ധ വേണം എന്നുമാത്രമല്ല ഈ ഉപദേശം അര്‍ഥമാക്കുന്നത്. അത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്നാണ്.

വിമാന അപകടങ്ങളുടെ സങ്കീര്‍ണത

ഏറ്റവും കുറവ് അപകട നിരക്കുള്ള യാത്രാമാര്‍ഗം; അത് വിമാനമാണ്. ആകാശത്ത് അപകടമുണ്ടായാല്‍ ജീവന്‍ രക്ഷപ്പെടാന്‍ ഏറ്റവും സാധ്യത കുറവുള്ളതും മറ്റൊന്നിലുമല്ല; അതും വിമാനത്തിലാണ്. ഈ രണ്ടു യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം മറ്റൊന്നു കൂടിയുണ്ട്. ആയിരം ടേക് ഓഫുകള്‍ കഴിഞ്ഞ പൈലറ്റിന് ആയിരത്തിയൊന്നാമത്തേതും ഒരു പുതിയ ടേക് ഓഫ് ആണ്. അത്രയേറെ ശ്രദ്ധ വേണം എന്നുമാത്രമല്ല ഈ ഉപദേശം അര്‍ഥമാക്കുന്നത്. അത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്നാണ്. ടേക് ഓഫ് മാത്രമല്ല, ലാന്‍ഡിങ്ങും അങ്ങനെതന്നെയാണ്.

തെക്കന്‍ ചൈനാക്കടലിനു മുകളില്‍ വച്ച് മനുഷ്യനിര്‍മിതമായ എല്ലാ റഡാറുകളില്‍ നിന്നും അപ്രത്യക്ഷമായ ഒരു വിമാനമുണ്ട്. എംഎച്ച് 370. ഇന്നും എവിടെയുണ്ടെന്നറിയാത്ത ആ വിമാനമൊഴികെ മറ്റെല്ലാ അപകടങ്ങളെക്കുറിച്ചും നമുക്ക് കൃത്യമായ ധാരണകളുണ്ട്. എങ്ങനെ അപകടം സംഭവിച്ചുവെന്നും എന്താണ് തിരുത്താനുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ തിരുത്തലുകളാണ് വിമാനയാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കുന്നത്. അപ്പോഴും തിരുത്താന്‍ കഴിയാത്ത ഒന്നുണ്ട്. രഞ്ജിതയെപ്പോലെ ഇരുന്ന ഇരുപ്പില്‍ ഇല്ലാതായിപ്പോകുന്നവരുടെ ജീവിതമാണത്. അവരെക്കരുതി കഴിഞ്ഞവര്‍ക്കു കൂടിയാണ് പാതിജീവന്‍ നഷ്ടമാകുന്നത്.

SCROLL FOR NEXT