സ്പോട്ട്ലൈറ്റ്  NEWS MALAYALAM 24x7
OPINION

SPOTLIGHT | കാശുള്ളവന്റെ എഐ കള്ളം പറയുമ്പോള്‍

വേഗം കൊണ്ട് മസ്‌കിന്റെ ഗ്രോക്ക് ആദ്യം നമ്മളെ കീഴടക്കി. അതിനുശേഷമാണ് വിവരങ്ങള്‍ മറച്ചുവച്ച് നുണ പകരുന്നത്

Author : അനൂപ് പരമേശ്വരന്‍

എഐ എത്രമാത്രം അപകടകരമാകാം എന്ന് തെളിയിക്കുകയാണ് സഹസ്രകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഗ്രോക്. വെള്ളക്കാരുടെ അഭിമാനം രക്ഷിക്കാന്‍ പോരാടിയ വീരനായാണ് അഡോള്‍ഫ് ഹിറ്റ്‌ലറെ ഗ്രോക്ക് എഐ വിശേഷിപ്പിച്ചത്. ഒപ്പം എല്ലാ നവീകരണ വാദങ്ങളില്‍ നിന്നും അഥവാ ലിബറല്‍ ആശയങ്ങളില്‍ നിന്നും എഐയെ മോചിപ്പിക്കും എന്ന് ഉടമയായ മസ്‌ക് തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എഐ എത്രമാത്രം അപകടകരമായി ഉപയോഗിക്കാം എന്നതിനു തെളിവായി ഇതു രണ്ടും മാത്രം മതി. മസ്‌ക് അങ്ങനെ ചെയ്താല്‍ ലോകത്തെ ഓരോ ഭരണാധികാരികളും സ്വന്തം എഐകള്‍ വികസിപ്പിക്കും.

രാജ്യത്ത് അതല്ലാതെ മറ്റൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം കൊണ്ടുവരും. ഔദ്യോഗിക എഐ പറയുന്നതെന്തും സത്യമാണെന്നു ധരിക്കേണ്ടി വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏകാധിപതികളുടെ ആയുധമായി എങ്ങനെ മാറാം എന്ന മുന്നറിയിപ്പാണ് ഗ്രോക്ക് എഐ നല്‍കുന്നത്. വികസിപ്പിക്കാന്‍ വലിയ സങ്കേതവും പണച്ചെലവും ആവശ്യമുള്ള എഐ അങ്ങനെ ഭരണാധികാരികളുടെ മാത്രം ആയുധമാകും. മറ്റുള്ളവര്‍ തലയില്‍ കൈവയ്ക്കാന്‍ പോലും കെല്‍പ്പില്ലാതെ നിസ്സഹായരുമാകും. എഐ വന്നാല്‍ എല്ലാവര്‍ക്കും ഒരേ മട്ടില്‍ അറിവുകിട്ടുമെന്നും സോഷ്യലിസം കൊണ്ടുവരുമെന്നും വരെയാണ് പാണന്മാര്‍ പാടി നടന്നത്. ഇപ്പോള്‍ പുറത്തുവരുന്നത് അതിന്റെ വികൃതമുഖമാണ്.

കാശുള്ളവന്റെ എഐ കള്ളത്തരം പറയുമ്പോള്‍

ഹിറ്റ്‌ലര്‍ വെള്ളക്കാരുടെ അഭിമാനം രക്ഷിക്കാനാണ് പോരാടിയതെന്നു കേള്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുക. ചിലര്‍ക്കെങ്കിലും അതു ശരിയായിരിക്കാം എന്ന് തോന്നും. ജൂതര്‍ ആന്റി വൈറ്റ് ഹേട്രഡ് അഥവാ വെള്ളക്കാര്‍ക്കെതിരായ വെറുപ്പ് പടര്‍ത്തി എന്നു കേള്‍ക്കുമ്പോള്‍ അതും ശരിയായിരിക്കാം എന്നു വിശ്വസിക്കുന്നവരില്ലേ. ഇപ്പോഴത്തെ ഇസ്രായേലിന്റെ നയപശ്ചാത്തലം നോക്കുക. വെള്ളക്കാരാണ് ഏറ്റവും വലിയ മിത്രങ്ങള്‍. സത്യമിതായിരിക്കെത്തന്നെ 1930കളിലെ ജൂതരും 2020കളിലെ ജൂതരും ഒന്നാണെന്നു നമ്മള്‍ ധരിക്കും. ഇന്ന് യഹൂദവിരോധമുള്ളവര്‍ സ്വാഭാവികമായും ഹിറ്റ്‌ലറെ വേണമെങ്കില്‍ അംഗീകരിച്ചുകളയാം എന്ന നിലയിലെത്തും. എത്ര വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുക എന്നു നോക്കുക. ഹിറ്റ്‌ലറുടെ ജൂതവിരോധം മാത്രം പറഞ്ഞ് ശത്രുക്കളെ മിത്രങ്ങളാക്കുകയും മിത്രങ്ങളെ ശത്രുക്കളാക്കുകയും ചെയ്യും. ഇതിലേതാണ് സത്യമെന്നും കള്ളമെന്നും തിരിച്ചറിയാതെ പോകും. സത്യാനന്തര കാലമെന്ന് സിപിഐഎം നേതാക്കള്‍ പറയുന്നതല്ലേ ഇതെന്ന് നമുക്കു തോന്നുന്നുമുണ്ടാകും. സത്യാനന്തര കാലമൊക്കെ പഴയ സംഭവമാണ്. അത് 1970കളില്‍ തന്നെ രൂപപ്പെട്ടു കഴിഞ്ഞതുമാണ്. ഇപ്പോഴത്തേത് പോസ്റ്റ് എഐ കാലമാണ്. അത്രമാത്രം ചടുലമായതിനാല്‍ എഐ അനന്തരകാലവും കണ്ണടച്ചു തുറക്കും മുന്‍പേ ആരംഭിച്ചു കഴിഞ്ഞു. ഇത്രയും പറഞ്ഞതില്‍ നിന്ന് നമുക്കൊന്നും മനസ്സിലായില്ല എന്നല്ലേ ഉദ്ദേശിക്കുന്നത്. നമുക്കൊന്നും മനസ്സിലാകില്ല എന്നതുതന്നെയാണ് എഐ അനന്തര കാലം. നമ്മുടെ ചിന്തകള്‍ കൂട്ടിപ്പെറുക്കിയെടുത്ത് വിശകലനം ചെയ്തു വരുമ്പോഴേക്കും എഐ അടുത്ത യുഗത്തിലേക്കു കടന്നിട്ടുണ്ടാകും.

എന്താണ് ഗ്രോക്ക് എഐ പറയാന്‍ ശ്രമിച്ചത്

സാമൂഹിക മാധ്യമങ്ങളുടെ തുടക്കകാലത്ത് വിജ്ഞാനയുദ്ധം വിക്കിപീഡിയയില്‍ ആയിരുന്നു. ഒരാള്‍ എഴുതുന്ന നുണയെ മറ്റൊരാള്‍ പെരും നുണകൊണ്ടു തിരുത്തും. മിനിറ്റുകളുടെ ഇടവേളകളിലൊക്കെയാണ് ഈ തിരുത്തുകള്‍ സംഭവിക്കുക. വിക്കിപീഡിയയില്‍ പറയുന്നതു മുഴുവന്‍ സത്യമാണെന്നു കരുതുന്നവര്‍ അതു പകര്‍ത്തിവയ്ക്കും. ഗവേഷണ പ്രബന്ധങ്ങളില്‍ മുതല്‍ വിജ്ഞാന ഗ്രന്ഥങ്ങളില്‍ വരെ ഈ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കും. സ്വന്തമായി ഗവേഷണ വിഭാഗവും ആര്‍ക്കൈവ്‌സും ഒന്നുമില്ലാത്തവരൊക്കെ അതു പങ്കുവയ്ക്കും. അതിന്റെ അടുത്തപടിയാണ് ഇപ്പോള്‍ എഐയില്‍ സംഭവിക്കുന്നത്. ചൈനയുടെ ഡിപ് സീക് ടിയാന്‍മെന്റ് ചത്വരത്തിലെ കൂട്ടക്കുരുതിയെക്കുറിച്ചു മൌനം പാലിക്കും. മാവോയുടെ കാലത്തു നടന്ന ഹത്യകളെക്കുറിച്ച് മിണ്ടായിതിരിക്കും. ഉയ്ഗര്‍ മുസ്ലിംകള്‍ നേരിടുന്ന അടിച്ചമര്‍ത്തല്‍ അറിയില്ലെന്നു നടിക്കും. ഇതുപോലെ അനേകം കാര്യങ്ങള്‍ മറച്ചുവയ്ക്കുമ്പോഴും ഡീപ് സീക് നമുക്ക് പ്രിയപ്പെട്ടതാകും. കാരണം അതു നല്‍കുന്ന പരിഭാഷകളും നിരൂപണങ്ങളും അത്രയേറെ ഉജ്ജ്വലമാണ്. വേഗം കൊണ്ട് മസ്‌കിന്റെ ഗ്രോക്ക് ആദ്യം നമ്മളെ കീഴടക്കി. അതിനുശേഷമാണ് വിവരങ്ങള്‍ മറച്ചുവച്ച് നുണ പകരുന്നത്.

ഹിറ്റ്‌ലര്‍ വെള്ളക്കാരുടെ പോരാളിയാകുമ്പോള്‍

ഹിറ്റ്‌ലര്‍ വെള്ളക്കാര്‍ക്കു വേണ്ടി പോരാടിയ മനുഷ്യനാണെന്ന് മസ്‌കിന്റെ എഐ പറയുമ്പോള്‍ ചരിത്രം എത്രമാത്രം തലതിരിയുകയാണ്. ഹിറ്റ്‌ലര്‍ ശരിക്കു നടത്തിയത് ജൂതവംശത്തിന്റെ ഹത്യയാണ്. അതു വെള്ളക്കാര്‍ക്കു വേണ്ടിയുള്ള പോരാട്ടമാണെന്ന് ഇനി വരുന്ന തലമുറകളെ പഠിപ്പിക്കുകയാണ്. ഓട്ടൊമന്‍ സാമ്രാജ്യത്തെ സ്ഥാനഭ്രഷ്ടനാക്കിയത് വെള്ളക്കാര്‍ക്കു വേണ്ടി ചെയ്ത മഹത്തായ കാര്യമാണെന്ന് ബ്രട്ടീഷുകാര്‍ പറയുന്നതുപോലെയാണിത്. ലോകത്ത് വംശഹത്യകളും യുദ്ധങ്ങളും നയിച്ചവര്‍ക്കൊക്കെ ഇങ്ങനെ ഓരോ ന്യായം പറയാനുണ്ടാകും. അതുമാത്രമാണ് വിജ്ഞാനമായി ലോകത്തിനു മുന്നില്‍ എത്തുന്നതെങ്കിലോ? സ്വയം വെള്ളപൂശാന്‍ ചെമ്പു തകിടുകളില്‍ വികലചരിത്രമെഴുതി കുഴിച്ചിടുകയാണ് മുന്‍പുള്ള ചക്രവര്‍ത്തിമാര്‍ ചെയ്തിരുന്നത്. ഇപ്പോള്‍ എഐകള്‍ ആവശ്യാനുസരണം ചരിത്രം നിര്‍മിച്ചു നല്‍കുകയാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജൂതപ്പേരുള്ളവരെല്ലാം വെള്ളക്കാര്‍ക്കെതിരായ പോരാളികള്‍ ആയിരുന്നെന്നാണ് മസ്‌കിന്റെ എ ഐ വിശേഷിപ്പിച്ചത്. ഗ്രോക്കിന്റെ ഒരു കോഡില്‍ വന്ന പാളിച്ചകൊണ്ടാണ് ഈ വികലചരിത്രം വന്നതെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ബോധപൂര്‍വം ചെയ്താലല്ലാതെ ഇങ്ങനെ ഒരബദ്ധം ഏതായാലും ഉണ്ടാകില്ല. എഐക്കു പകര്‍ന്നു നല്‍കുന്ന വിവരങ്ങളില്‍ നിന്നാണ് ഇപ്പോഴത്തെ കഥകളെല്ലാം ഉണ്ടാകുന്നത്. അതിവേഗം അത് ഉരുക്കഴിക്കാന്‍ കഴിയുന്നു എന്നതുമാത്രമാണ് എഐയുടെ നേട്ടം. ജനാധിപത്യത്തെ അട്ടിമറിച്ചശേഷം ഒരേകാധിപതിക്ക് അതാണ് യഥാര്‍ത്ഥ ഡെമോക്രസി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം. സെക്കുലറിസത്തിന് തെറ്റായ നിര്‍വചനം നല്‍കി അതാണ് മതേതരത്വം എന്നു തെറ്റിദ്ധരിപ്പിക്കാം. ഇതുവരെയുണ്ടായിരുന്ന അറിവുകളെത്തന്നെയാണ് എഐ വെല്ലുവിളിക്കുന്നത്.

തെറ്റുകളെ ശരിയാക്കുന്ന നിര്‍മിത ബുദ്ധി

ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരുടെ കൂട്ടക്കുരുതി നടന്നു എന്നു ഗ്രോക്ക് എഐ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. ഇതുവരെയുള്ള ചരിത്രത്തിലെങ്ങും കാണാത്തതായിരുന്നു അങ്ങനെയൊരു വിവരം. ആ വിവരം കൈമാറിയതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതാണ്. ഗൂഗിളിന്റെ ജമിനി ചരിത്രചിത്രങ്ങള്‍ എന്ന പേരില്‍ നല്‍കിയത് മുഴുവന്‍ തെറ്റായ വിവരങ്ങളാണെന്നു പിന്നീട് വ്യക്തമായി. അപ്പോഴേക്കും ആ ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് ആധികാരികമെന്നു കരുതി നിരവധിപേര്‍ പങ്കുവച്ചു. അവര്‍ക്കൊന്നും ആ തെറ്റ് മനസ്സിലായതുമില്ല. എഐകളൊന്നും ഇപ്പോള്‍ സ്വന്തം നിലയ്ക്ക് വിശകലനം നടത്തുന്നവയല്ല. അവയ്ക്കു നല്‍കിയ ഫീഡുകളില്‍ നിന്ന് ഔട്ട്പുട്ട് ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അങ്ങോട് നല്‍കുന്നതെന്തോ അതാണ് പുതിയ രൂപത്തില്‍ പുറത്തുവരുന്നത്. എഐകള്‍ ഓരോ തവണ ഒരേ ചോദ്യത്തിന് ഉത്തരംപറയുമ്പോഴും ഭാഷയും ശൈലിയും മാറ്റും. ഒരേ വിവരം തന്നെ പലര്‍ക്ക് പലരൂപത്തില്‍ അതിനാല്‍ ലഭ്യമാകും. അടിസ്ഥാനപരമായി അതുപ്രവര്‍ത്തിക്കുന്നത് ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ്. ചാറ്റ് ബോട്ടുകള്‍ക്ക് പ്രീ ട്രെയിനിങ് സെഷനില്‍ മുതല്‍ നല്‍കുന്ന വിവരശേഖരണ മാര്‍ഗങ്ങള്‍ അഥവാ പാത്തുകളുണ്ട്. അവ വഴിതെറ്റിച്ചു വിട്ടാല്‍ തന്നെ എഐകളുടെ ഔട്ട്പുട്ട് മാറിമറിയും. എത്രമാത്രം അപകടകരമാണ് എഐയെ ആശ്രയിച്ചുള്ള പഠനവും ഗവേഷണവുമെന്നു കൂടി പഠിപ്പിക്കുകയാണ് ഹിറ്റ്‌ലര്‍ വിവാദം.

SCROLL FOR NEXT