SPOTLIGHT | മിഥുനോട് മാപ്പ് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാത്തവര്‍

ഇങ്ങനെ ഒരു ജീവന്‍ നഷ്ടപ്പെടാതെ തന്നെ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ലേ വിഷയം
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനു എക്കാലത്തേക്കുമുള്ള നോവാണ്. കൊടിയ അനാസ്ഥയുടെ ഇരയുമാണ്. സ്‌കൂളില്‍ ഇത്രയും താഴ്ത്തി ലൈന്‍ തുടരാന്‍ അനുവദിച്ച വൈദ്യുതി ബോര്‍ഡ്. എന്തു സമ്മര്‍ദ്ദം ചെലുത്തിയും അപകടസ്ഥിതി മാറ്റേണ്ടിയിരുന്ന സ്‌കൂള്‍. ഈ രണ്ടുകൂട്ടരും മാത്രമല്ല ഉത്തരവാദികള്‍. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും മറുപടി പറയണം. സ്‌കൂള്‍ കോമ്പൌണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ ശ്രദ്ധിക്കണമെന്ന് അക്കമിട്ട് സുരക്ഷാ മാനദണ്ഡം നല്‍കിയതാണ് വിദ്യാഭ്യാസ വകുപ്പ്. അതു ശ്രദ്ധിക്കാന്‍ ജില്ലയിലേയോ ഉപജില്ലയിലേയോ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും മനസ്സുണ്ടായില്ല. ഉത്തരവാദത്തമുണ്ടാകേണ്ട എല്ലാവരും ആ നിര്‍ദേശം നിസ്സാരമായി കണ്ടു. ക്ലാസ് മുറിയിലേക്ക് ഇഴഞ്ഞു വന്ന പാമ്പിന്റെ കടിയേല്‍ക്കുക, സ്‌കൂള്‍ കെട്ടിടത്തിലേക്കു മരം കടപുഴകി വീഴുക, സ്‌കൂളിനോട് ചേര്‍ന്നുള്ള പുഴയിലും കുളത്തിലും മുങ്ങിമരിക്കുക, സ്‌കൂളിനു മുന്നിലെ റോഡ് മറികടക്കുമ്പോള്‍ വണ്ടിയിടിക്കുക, ഇങ്ങനെ അപകടങ്ങള്‍ അനേകം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതൊന്നും ആ കുട്ടികളുടെ അശ്രദ്ധയാണെന്ന് എഴുതിത്തള്ളാനാവില്ല. ഇത്തരം അപകടങ്ങള്‍ക്ക് തടയണ നിര്‍മിക്കാത്ത സ്‌കൂളുകള്‍ക്ക് വലിയ പാളിച്ചയുണ്ട്.

മിഥുനോട് മാപ്പ് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാത്തവര്‍

ഒരു വൈദ്യുതി ലൈന്‍ മുകളിലുണ്ടായിരുന്നു. കയറരുതാത്തിടത്താണ് ആ കുട്ടി കയറിയത്. അതിന് സ്‌കൂള്‍ അധികൃതരേയും വൈദ്യുതി ബോര്‍ഡിനേയും എങ്ങനെ കുറ്റംപറയും? ഇങ്ങനെ ഒരു ന്യായീകരണം ഏതു മേലാളര്‍ നടത്തിയാലും പിന്നെ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ല. ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളൊക്കെ അങ്ങനെയാണ്. അവര്‍ മുന്‍പിന്‍ നോട്ടമില്ലാതെ ഏതു സാഹസത്തിനും ഇറങ്ങിപ്പുറപ്പെടും. സ്വന്തം മനസ്സിനൊപ്പം ശരീരത്തെ എത്തിക്കാന്‍ ശ്രമിക്കുന്ന പ്രായമാണ്. അവര്‍ക്ക് എത്താ കൊമ്പുകളോ നീന്താനാകാത്ത ചുഴികളോ ഇല്ലെന്ന തോന്നലാണ്. അവരെ അപകടത്തില്‍ നിന്നു രക്ഷിക്കാന്‍ എന്താണ് വേണ്ടത്? സ്‌കൂള്‍ സുരക്ഷാ മാനദണ്ഡത്തില്‍ ഒന്‍പതാമത്തെ ഇനമായി വൈദ്യുതി ലൈന്‍ ശ്രദ്ധിക്കണം എന്ന് എഴുതിവച്ചിരുന്നു എന്നു പറഞ്ഞാല്‍ മതിയോ? അങ്ങനെ എഴുതിവച്ചിരുന്നത് നടപ്പായോ എന്ന് ആരാണ് നോക്കേണ്ടത്? സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് എന്നതുപോലെ വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്തമില്ലേ. ഒന്നാമത്തെ ഉത്തരവാദിത്തം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനാണ്. രണ്ടാമത്തെ ഉത്തരവാദിത്തം ആ സ്‌കൂളിന്റെ നടത്തിപ്പുകാര്‍ക്കാണ്. ആത്യന്തിക ഉത്തരവാദി വൈദ്യുതി ബോര്‍ഡ് തന്നെയാണ്. സ്‌കൂള്‍ എന്നല്ല, ഒരു കെട്ടിടത്തിന്റേയും മുകളിലൂടെ അങ്ങനെ ഒരു ലൈന്‍ കടന്നുപോകാന്‍ പാടില്ല. ഇനി ലൈന്‍ വലിച്ച ശേഷം സൈക്കിള്‍ ഷെഡ് പണിതതാണ് എന്നു തന്നെ കരുതുക. അപ്പോഴും ഉത്തരവാദിത്തം വൈദ്യുതി ബോര്‍ഡിന് തന്നെയാണ്. വര്‍ഷാവര്‍ഷം രണ്ടുതവണ ടച്ച് വെട്ടുക എന്നപേരില്‍ സകല മരങ്ങളും ഇറുത്തിടുന്നവര്‍ ഇത്രവലിയ സൈക്കിള്‍ ഷെഡ് കാണാതെപോയോ? വിദ്യാര്‍ത്ഥികള്‍ കയറിയാല്‍ തന്നെ അപകടമാണെന്ന് തിരിച്ചറിയാതെ പോയോ? ആ വൈദ്യുതി ലൈന്‍ സ്‌കൂള്‍ വളപ്പില്‍ തുടരട്ടെ എന്ന് തീരുമാനിച്ച വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുക തന്നെ വേണം.

സ്പോട്ട്ലൈറ്റ്
മിഥുന് യാത്രാമൊഴിയേകാൻ നാട്; മൃതദേഹം വീട്ടിലെത്തിച്ചു

എഴുതിവച്ചാല്‍ തീര്‍ന്നോ ഉത്തരവാദിത്തം?

എത്രവലിയ വീഴ്ചയാണ് സംഭവിച്ചത് എന്നു നോക്കുക. സ്‌കൂളില്‍ സൈക്കിള്‍ ഷെഡ് പണിതത് ഇന്നോ ഇന്നലെയോ അല്ല. പത്തുവര്‍ഷം മുന്‍പാണ്. ഇത് വൈദ്യുതി ബോര്‍ഡിനെ അറിയിക്കാതെ പണിതതാണെങ്കില്‍ തന്നെ ഈ പത്തുവര്‍ഷം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്തുചെയ്യുകയായിരുന്നു. തറനിരപ്പില്‍ നിന്ന് ഏതു വൈദ്യുതി ലൈനിലേക്കും കുറഞ്ഞത് 15 അടി ഉയരം വേണം. എന്നുപറഞ്ഞാല്‍ ഏതാണ്ട് 4.6 മീറ്റര്‍. ഇവിടെ 13 അടി മാത്രമായിരുന്നു ഉയരം. നിയമപ്രകാരം വേണ്ടതിനേക്കാള്‍ രണ്ടടി കുറവ്. സ്‌കൂള്‍ കോമ്പൗണ്ട് ആണെന്നു കൂടി ഓര്‍ക്കണം. ഇതിനുപുറമെയാണ് അതിനടിയില്‍ സൈക്കിള്‍ ഷെഡ് സ്ഥാപിച്ചത്. സൈക്കിള്‍ ഷെഡിന്റെ മേല്‍ക്കൂരയില്‍ നിന്ന് ലൈനിലേക്കുള്ള അകലം വെറും മൂന്നടി മാത്രവും. തീരെ ചെറിയകുട്ടികള്‍ കയറിയാല്‍ പോലും കയ്യെത്തുന്ന ദൂരം. ഇങ്ങനെ ഒരു സ്ഥലത്ത് സൈക്കിള്‍ ഷെഡ് കളിച്ചുവച്ചിട്ട് അപകടമുണ്ടാകില്ല എന്ന് ആര്‍ക്കു ചിന്തിക്കാന്‍ കഴിയും. ആ മേല്‍ക്കൂരയിലേക്ക് കുട്ടികള്‍ കയറില്ല എന്ന് ആരാണ് കണക്കുകൂട്ടിയത്. ആഞ്ഞിലിയിലും പുളിമരത്തിലും പേരയിലും ചാമ്പയിലും ഒക്കെ കയറി ഇറങ്ങി നടക്കുന്നവരെയാണ് കുട്ടികള്‍ എന്നു വിളിക്കുന്നത്. അവര്‍ സ്‌കൂളിന്റെ ഉത്തരത്തിലും കഴുക്കോലിലും വരെ കയറുകയും സ്വന്തം പേര് അഭിമാനത്തോടെ കൊത്തിവയ്ക്കുകയും ചെയ്യും. കയറിയാല്‍ അപകടമെന്ന് ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം കാര്യമില്ല. കുട്ടികള്‍ കയറാതെ നോക്കേണ്ടത് സ്‌കൂളിന്റെ തന്നെ ഉത്തരവാദിത്തമാണ്.

സ്പോട്ട്ലൈറ്റ്
കൊല്ലത്തെ വിദ്യാര്‍ഥിയുടെ മരണം: തുര്‍ക്കിയില്‍ നിന്നും മിഥുന്റെ അമ്മയെത്തി; ഇളയ മകനെ ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് സുജ

വൈദ്യുതി ബോര്‍ഡിനെ അറിയിച്ചതല്ലേ?

സൈക്കിള്‍ ഷെഡിന് മുകളിലൂടെ ലൈന്‍ പോകുന്ന കാര്യം സ്‌കൂള്‍ പ്രധാന അധ്യാപിക കെഎസ്ഇബിയെ അറിയിച്ചതാണ്. അപ്പോള്‍ ലഭിച്ച മറുപടി ലൈന്‍ മാറ്റി കേബിള്‍ വലിക്കാന്‍ പോകുന്നുവെന്നാണ്. നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ ഇങ്ങനെ മുട്ടാപ്പോക്ക് മറുപടി പറയാന്‍ കഴിയൂ. എന്നെങ്കിലും നടന്നേക്കാവുന്ന കേബിള്‍ വരുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് ആ ഉത്തരം. ഇങ്ങനെ ഒരുത്തരം കിട്ടിയാല്‍ അതിനപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ആരാണ്. അത് സ്‌കൂള്‍ മാനേജ്‌മെന്റാണ്. സിപിഐഎം ലോക്കല്‍ സെക്രട്ടറി മാനേജര്‍ ആയ സമിതിക്ക് വൈദ്യുതി ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്താന്‍ എന്തിനാണ് അമാന്തം. അല്ലെങ്കില്‍ മറ്റൊരു ലോക്കല്‍ സെക്രട്ടറിയാണ് സ്‌കൂള്‍ ഭരണസമിതി പ്രസിഡന്റ്. ഇവര്‍ മാത്രമാകണമെന്നില്ല. കോണ്‍ഗ്രസിന്റെ ബൂത്ത് ഭാരവാഹികള്‍ക്കും വിഷയത്തില്‍ ഇടപെടാം. അങ്ങനെ ഇടപെടുന്നതിനെയാണ് പൊതു പ്രവര്‍ത്തനം എന്നു പറയുന്നത്. സര്‍ക്കാരിനേയും ഭരിക്കുന്ന പാര്‍ട്ടിയേയും കുറ്റംപറയുക മാത്രമല്ല പ്രതിപക്ഷത്തിന്റെ ജോലി. പ്രത്യേകിച്ചും പ്രാദേശിക തലങ്ങളില്‍. സ്‌കൂളില്‍ നിന്ന് ഇങ്ങനെ ഒരാവശ്യം ഉയര്‍ന്നത് എന്തുകൊണ്ടാണ്. ആ വൈദ്യുതി ലൈന്‍ അപകടകരമാണ് എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതില്‍ നിന്ന് ഒരുകാര്യം വ്യക്തമായി. ഇതു അറിയാതെ സംഭവിച്ച വീഴ്ചയല്ല. ഇങ്ങനെ ഒരപകടം ഉണ്ടാകാമെന്ന് സ്‌കൂളിലുള്ളവര്‍ ഭയന്നിരുന്നു. അതു മിഥുന്റെ ജീവനെടുക്കുന്ന നിലയിലേക്കു വന്നു. ആ ഷോക്കിലാണ് ഒരുപാടു പേര്‍ക്കു പൊള്ളിയത്. ഇങ്ങനെ ഒരു ജീവന്‍ നഷ്ടപ്പെടാതെ തന്നെ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ലേ വിഷയം.

സ്‌കൂള്‍ കെട്ടിടങ്ങളുയര്‍ത്തുന്ന പേടി

ഏതു സമയവും തകര്‍ന്നു വീഴാവുന്ന ചുമരുകളും മേല്‍ക്കൂരകളും മാത്രമല്ല സ്‌കൂളുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍. 50 മുതല്‍ 100 വരെ വര്‍ഷം പഴക്കമുള്ളതാണ് ഒട്ടുമിക്ക സ്‌കൂളുകളും. പല സ്‌കൂളുകളുടേയും സമീപത്ത് വലിയ മരങ്ങളുണ്ട്. പതിറ്റാണ്ടുകള്‍ പിന്നിട്ട അവ ഏതു സമയത്തും മറിഞ്ഞുവീഴാം. സ്‌കൂളുകള്‍ക്കു സമീപം പുഴകളും തോടുകളും കുളങ്ങളുമുണ്ട്. കുട്ടികള്‍ കൈകഴുകാന്‍ മുതല്‍ കൌതുകത്തിനു വരെ അവിടെയെത്താം. അതൊക്കെ നിയന്ത്രിക്കേണ്ടത് സ്‌കൂളുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ്. കൈവരികള്‍ കെട്ടുകയും വേലികള്‍ സ്ഥാപിക്കുകയുമൊക്കെ വേണ്ടി വരും. വേലിക്കെട്ടുകള്‍ മറികടക്കുന്നവരാണ് കുട്ടികള്‍. അവിടെ കൃത്യമായ ബോധവല്‍ക്കരണം ഉണ്ടാകണം. മിഥുന്‍ പഠിച്ച സ്വന്തം ക്ലാസ് മുറിയില്‍ നിന്നാണ് സൈക്കിള്‍ ഷെഡിന്റെ മേല്‍ക്കൂരയിലേക്കു കയറിയത്. ആ മേല്‍ക്കൂര തകിട് ഷീറ്റ് ആയിരുന്നു. വൈദ്യുതി ബോര്‍ഡ് ലൈന്‍ മാറ്റി സ്ഥാപിച്ചില്ല എന്നതുപോലെ ആ സ്‌കൂളിലുമുണ്ട് വീഴ്ച. കുട്ടികള്‍ക്ക് എത്തിവലിഞ്ഞു കയറാന്‍ കഴിയുന്നതാണ് ആ മേല്‍ക്കൂര എന്നറിഞ്ഞ് സംരക്ഷണ വേലികള്‍ കെട്ടേണ്ടതായിരുന്നു. അതൊന്നും ഉണ്ടായില്ല. എങ്ങനെയാണ് ഈ സ്‌കൂളിന് ഫിറ്റ്‌നസ് ലഭിച്ചത്?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com