NEWS MALAYALAM 24X7 
OPINION

SPOTLIGHT| സൂംബ വരുമ്പോള്‍ ഉറഞ്ഞു തുള്ളുന്നവര്‍

സൂംബയ്ക്ക് പ്രത്യേക വേഷമില്ല. ഏതു വേഷത്തിലും നിന്നു ചെയ്യാവുന്നതാണ്

Author : അനൂപ് പരമേശ്വരന്‍

ഈ നൂറ്റാണ്ടിലെ ആദ്യ ആഗോള തരംഗമാണ് സൂംബ നൃത്തം. കഴിഞ്ഞ നൂറ്റാണ്ടില്‍ റോക്ക് സംഗീതം പടര്‍ന്നതെങ്ങനെയാണോ, അതിന്റെ ഇരട്ടിവേഗത്തിലാണ് ഇതു ജനങ്ങളിലേക്കെത്തിയത്. വലിയ വീടുകള്‍ എന്നു നമ്മള്‍ പറയുന്ന കോടീശ്വരന്മാരുടെ വസതികളില്‍ നിന്നു തുടങ്ങി ചേരികളുടെ തെരുവുകളിലേക്കു വരെയെത്തിയ നൃത്തരൂപം. അസാധാരണമായ ചടുലതയും അസാമാന്യമായ താളബോധവും ആവശ്യമായ കായികരൂപം. നൃത്തം ഏതു ശരീരപ്രകൃതിയുള്ളവര്‍ക്കും പറ്റുമെന്നു കൂടി തെളിയിച്ചത് സൂംബയാണ്. മെലിഞ്ഞവര്‍ക്കും തടിയുള്ളവര്‍ക്കും ഉയരം കുറഞ്ഞവര്‍ക്കും മെലിഞ്ഞവര്‍ക്കുമൊക്കെ ഒരേ താളത്തില്‍ അണിചേരാം. അല്ലെങ്കില്‍ എല്ലാ മനുഷ്യരിലും ഒരു നര്‍ത്തകനുണ്ടെന്ന് പഠിപ്പിച്ചത് സൂംബയാണ്. സംഗീതമല്ല ശരിക്കും സൂംബയുടെ അടിസ്ഥാനം. അങ്ങനെ തോന്നുമെങ്കിലും പ്രവര്‍ത്തിക്കുന്നതു മനസ്സാണ്. താളം മാറുന്നതനുസരിച്ച് മനസ്സാണ് തുള്ളുന്നത്. മനസ്സെത്തുന്നിടത്തു ശരീരമെത്തുന്നില്ല എന്ന തോന്നല്‍ ഇല്ലാതാക്കിയ ആദ്യത്തെ നൃത്തരൂപമെന്നോ വ്യായാമമുറയെന്നോ വിളിക്കാം സൂംബയെ.

സൂംബ വരുമ്പോള്‍ ഉറഞ്ഞു തുള്ളുന്നവര്‍

പണ്ടു കബഡി വന്നതുപോലെ ഗലാട്ടയും വന്നു. ആ ഗലാട്ടയെ ഗുസ്തിയെന്ന നമ്മുടെ സ്വന്തം കായികരൂപമാക്കി നമ്മള്‍ വികസിപ്പിച്ചു. കളരിയെ തലയറക്കാനുള്ള അടവുകളില്‍ നിന്ന് ശരീരവഴക്കത്തിനുള്ള വ്യായാമമുറയാക്കി മാറ്റി. കരാട്ടെയും കുംഫുവും ഓരോ സ്‌കൂളുകളിലുമെത്തി. പെണ്‍കുട്ടികളെ സ്വരക്ഷാ പാഠങ്ങള്‍ പഠിപ്പിച്ചു. നീന്തല്‍ പഠിപ്പിച്ചു. ഇപ്പോള്‍ സൂംബവരുമ്പോള്‍ തുള്ളിത്തുളുമ്പേണ്ടത് യുവതയാണ്. അതിനിടെ വരുന്ന എതിര്‍പ്പുകളോ? വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത നിരവധി കുടുംബങ്ങളുണ്ട് കേരളത്തില്‍. അത് വാങ്ങാന്‍ പണമില്ലാത്തതു കൊണ്ടല്ല. വിശ്വാസപ്രശ്‌നത്തിന്റെ പേരില്‍ വാങ്ങുന്നില്ല എന്നേയുള്ളൂ. എല്ലാവീട്ടിലും ടെലിവിഷന്‍ വേണം എന്ന് അതുകൊണ്ട് സര്‍ക്കാരിന് ഉത്തരവിടാന്‍ കഴിയില്ല. മക്കളെ ഫുട്‌ബോള്‍ കളിക്കാന്‍ വിടാത്തവരുമുണ്ട്. അതു ഫുട്‌ബോളും ബൂട്ടും വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടല്ല. ആ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ കൂട്ടുകാര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. ഒരുതരത്തിലുള്ള കളികളും കുട്ടികള്‍ക്കു വേണ്ട എന്നു തീരുമാനിച്ചതിന്റെ ഫലമാണ്. അതിന്റെ പേരില്‍ പക്ഷേ സ്‌കൂളുകളില്‍ ഫുട്‌ബോള്‍ പഠിപ്പിക്കരുത് എന്ന് ആരെങ്കിലും പറയാറുണ്ടോ. സ്‌കൂളുകളില്‍ ടെലിവിഷനുകളിലും പ്രൊജക്ടറുകളിലും പാഠങ്ങള്‍ അവതരിപ്പിക്കരുത് എന്നും ആരും പറയാറില്ല. അതുപോലെ തന്നെയാണ് സൂംബ. സ്‌കൂളുകളില്‍ അത് എല്ലാവര്‍ക്കുമായി പഠിപ്പിക്കും. എല്ലാവരുടേയും ശീരീരിക മികവിനായി സ്‌കൂള്‍ നല്‍കുന്ന പാഠമാണത്. ജനാധിപത്യത്തിലും മേതതരത്വത്തിലും സോഷ്യലിസത്തിലും വിശ്വാസമില്ലാത്തവരുണ്ടാകും. പക്ഷേ, ഇന്ത്യയുടെ കൊടിയുടെ നിറം കാവിയാണെന്നോ പച്ചയാണെന്നോ ചുവപ്പാണെന്നോ നിങ്ങളുടെ വിശ്വാസത്തിന് അനുസരിച്ച് പഠിപ്പിക്കാനാവില്ല. ത്രിവര്‍ണമാണെന്ന സത്യമാണ് പഠിപ്പിക്കുന്നത്.

ധാര്‍മികതയും സൂംബയും

ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്ന് സമസ്ത യുവജന വിഭാഗം. പാരമ്പര്യത്തെ ക്ഷതമേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനം. എസ് വൈ എസ് ഒറ്റയ്ക്കല്ല. എംഎസ്എഫും പിന്തുണയ്ക്കുന്നു. എസ് വൈ എസും എംഎസ്എഫും പറഞ്ഞു എന്നാല്‍ സമസ്തയും മുസ്ലി ലീഗും കൂടി സംസാരിക്കുന്നതിനു തുല്യമാണ്. ലോകമെങ്ങും ഒരേ ഭാവുകത്വത്തോടെ ഏറ്റെടുത്ത ശാരീരിക വ്യായാമോപാധിയാണ് സുംബ. അതുവേണ്ട എന്നാണ് ഈ സംഘടനകള്‍ പറയുന്നത്. അതു പറഞ്ഞതുകൊണ്ട് മാത്രം അവരെ പിന്തിരിപ്പന്മാരാക്കുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ വിശ്വാസത്തിന് വിരുദ്ധമായി കരുതുന്നു. അതു വിശ്വസിക്കാനുള്ള അവകാശം ആ സംഘടനകള്‍ക്കുണ്ടു താനും. അതോടൊപ്പം തന്നെ സുംബ നൃത്തവ്യായാമം എങ്ങനെയാണ് അവരുടെ വിശ്വാസത്തിന് വിരുദ്ധമാകുന്നത് എന്ന ചോദ്യമുണ്ട്. അങ്ങനെയെങ്കില്‍ സ്‌കൂളുകളില്‍ രാവിലെ ചെയ്തിരുന്ന വ്യായാമ മുറകളേയും തിരസ്‌കരിക്കുകയായിരുന്നോ പതിവ്? ഹാന്‍സ് അപ്, ഹാന്‍സ് ഡൗണ്‍, ലഫ്റ്റ് ടേണ്‍, റൈറ്റ് ടേണ്‍ എന്നിങ്ങനെ നിര്‍ദേശത്തിന് അനുസരിച്ച് ചലിച്ചിരുന്ന രീതിയുണ്ട്. അത് ഇക്കാലമെല്ലാം എല്ലാ സ്‌കൂളുകളിലും ഉണ്ടായിരുന്നതല്ലേ? സ്‌കൂളുകളിലെ ഡ്രില്ല് വേണ്ട എന്ന് ഇതുവരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. ഓട്ടവും ചാട്ടവും കരണം മറിയലുമെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലേ. ഇതിനൊക്കെ അപ്പുറത്ത് ഒരു കാര്യമുണ്ട്. സ്‌കൂളുകളില്‍ യോഗ പരിശീലിപ്പിക്കുന്നില്ലേ. അതു വേണ്ട എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അത് പരിശീലിപ്പിക്കുമ്പോള്‍ വേണ്ട ആളുകള്‍ ചെയ്യുന്നു, വേണ്ടാത്തവര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയൊരു സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്.

ദേശീയഗാനത്തിന് ലഭിച്ച ഇളവ്

വിശ്വാസത്തില്‍ സുപ്രീംകോടതിയുടെ ഏറ്റവും കാതലുള്ള നിരീക്ഷണം വന്നത് കേരളത്തില്‍ നിന്നുള്ള ഒരു കേസിലാണ്. കോട്ടയം കിടങ്ങൂര്‍ സ്‌കൂളില്‍ ദേശീയ ഗാനം പാടുമ്പോള്‍ വിശ്വാസത്തിന്റെ ഭാഗമായി ചൊല്ലാന്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. മൂന്നുപേരും സഹോദരങ്ങളാണ്. യഹോവ സാക്ഷികളില്‍ വിശ്വസിക്കുന്നവരാണ് ദേശീയ ഗാനം ചൊല്ലാതെ വിട്ടുനിന്നത്. അവരെ സ്‌കൂളില്‍ നിന്നു പുറത്താക്കി. വിശ്വാസത്തിന്റെ ഭാഗമായി ജനഗണമന ചൊല്ലാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന അവരുടെ വാദം കേരള ഹൈക്കോടതി തള്ളി. പക്ഷേ സുപ്രീംകോടതി തീര്‍ത്തും ഭിന്നമായ വിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഒ ചിന്നപ്പറെഡ്ഡിയും എം എം ദത്തും ഉള്‍പ്പെട്ട ബഞ്ച് കുട്ടികളുടെ വിശ്വാസത്തെ അംഗീകരിച്ചു. അവര്‍ക്ക് ചൊല്ലാതെ വിട്ടുനില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നായിരുന്നു ആ വിധി. ദേശീയ ഗാനം ചൊല്ലാതെ വിട്ടുനില്‍ക്കുന്നവര്‍ ദേശവിരുദ്ധരാകുന്നില്ല എന്നാണ് ആ ബഞ്ച് നിരീക്ഷിച്ചത്. അതുപോലെ സ്‌കൂളില്‍ ഇപ്പോള്‍ തന്നെ പല ഇനങ്ങളിലും വിശ്വാസത്തിന്റെ ഭാഗമായി പങ്കെടുക്കാത്തവരുണ്ട്. അവര്‍ക്ക് വിട്ടുനില്‍ക്കണമെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. അപ്പോഴും ഒരു ചോദ്യമുണ്ട്. സുംബ ഡാന്‍സ് ഏതെങ്കിലും മതവിശ്വാസത്തിന്റെ ഭാഗമല്ല. ഏതെങ്കിലും മതത്തിന്റെ ചിട്ടയായി വളര്‍ന്നുവന്നതല്ല. മറ്റുനൃത്തരൂപങ്ങളും വ്യായാമമുറകളും പോലെ ഒരു ജീവിതചര്യയാണ്. ആ ജീവിതചര്യയെ അംഗീകരിക്കുന്നതില്‍ എന്താണ് തടസ്സം എന്നാണ് ചോദ്യം. ഇനി നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നത് സമ്മതിക്കാം. പക്ഷേ, ഈ വ്യായാമം സ്‌കൂളില്‍ നടത്താന്‍ അനുവദിക്കില്ല എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമുള്ളത്. അതു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ലാതെ വേറെന്താണ്?

സുംബയെന്ന വ്യായാമം പറയുന്നത്

സുംബയില്‍ വിശ്വാസത്തെ ഹനിക്കുന്നത് ഒന്നുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. അതിനുള്ളത് ഒരു താളമാണ്. ആ താളം ഒരുതരത്തിലും വിശ്വാസത്തിന് വിരുദ്ധമാകേണ്ടതില്ല. നമ്മുടെ കൈകാല്‍ ചലനങ്ങള്‍ വിശ്വാസത്തെ ഹനിക്കുന്നതല്ലല്ലോ? സൂംബയ്ക്ക് പ്രത്യേക വേഷമില്ല. ഏതു വേഷത്തിലും നിന്നു ചെയ്യാവുന്നതാണ്. വീടുകളില്‍ പരിശീലിക്കുന്നവര്‍ ബര്‍മുഡയോ കാല്‍ശരായിയോ ടീ ഷര്‍ട്ടോ ഒക്കെ സൗകര്യം പോലെ ധരിക്കും. ജിമ്മില്‍ പോകുന്ന വേഷത്തില്‍ സുംബ കേന്ദ്രത്തിലെത്തുന്നവരുണ്ട്. സ്‌കൂളില്‍ പരിശീലിക്കുമ്പോള്‍ ആ വേഷത്തിന്റെ ഒന്നും ആവശ്യമില്ല. യൂണിഫോമിലാണ് സ്‌കൂളില്‍ ഡ്രില്ലില്‍ പങ്കെടുക്കുന്നത്. അതേ വേഷത്തില്‍ ചെയ്യാവുന്നതേയുള്ളു സുംബ നൃത്തവും. വേഷവും താളവും ഒരു വിശ്വാസത്തേയും ഹനിക്കുന്നതല്ല. ആരോഗ്യമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ഒരുപാധിയാണ് മുന്നിലുള്ളത്. രണ്ടു പതിറ്റാണ്ടായി ലോകമെങ്ങുമുള്ള ജനത ഏറ്റെടുത്തതാണ്. അത് വേണ്ട എന്നു സ്വയം തീരുമാനിക്കാം. അതിനുമുന്‍പ് എന്താണ് അതില്‍ വിശ്വാസത്തെ ഹനിക്കുന്നതായി ഉള്ളതെന്ന് സ്വന്തം തലമുറയെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കില്‍ അവരുടെ മുന്നില്‍ നിങ്ങള്‍ തെറ്റുകാരാകും. വിശ്വാസത്തെ ഹനിക്കുന്നതായി ബോധ്യപ്പെട്ടാല്‍ നിങ്ങള്‍ക്കു വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യാം. മറ്റുള്ളവര്‍ക്ക് സുംബ ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുക എന്നാല്‍ അര്‍ത്ഥമെന്താണ്? താലിബാന്‍ ഭരണത്തിന്‍ കീഴിലാണ് എന്നു പ്രഖ്യാപിക്കുന്നതിനു തുല്യമല്ലേ അത്. അത്തരമൊരു പ്രഖ്യാപനമൊന്നും ജനാധിപത്യ, മതേതര രാജ്യത്ത് നടത്താതിരിക്കുകയല്ലേ നല്ലത്.

SCROLL FOR NEXT