ഇറാനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയുടെയും ഒമാൻ്റേയും നേതൃത്വത്തില്‍ നടക്കാനിരുന്ന മധ്യസ്ഥശ്രമം നിലച്ചത് യുദ്ധം എത്രനാള്‍ വേണമെങ്കിലും നീളാമെന്ന് പ്രസിഡന്റ് ട്രംപിൻ്റെ ഒരൊറ്റ പ്രസ്താവനയില്‍ ആയിരുന്നു. യുദ്ധം നാലോ അഞ്ചോ ആഴ്ചകള്‍ക്കകം തന്നെ തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോള്‍ എത്ര നാള്‍ നീളുമെന്നത് സംബന്ധിച്ച് പറയാനാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. യുദ്ധം കുറച്ചുനാള്‍ നീണ്ടേക്കാം എന്നാണ് ഇസ്രായേല്‍ പ്രധാനന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. യുദ്ധം തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ ഇന്നലെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ മധ്യസ്ഥ പ്രതീക്ഷ ഉണ്ടായിരുന്നതാണ്. അതില്ലാതായി, യുദ്ധത്തിൻ്റെ അഞ്ചാം ദിനത്തിലും പശ്ചിമേഷ്യ പുകയുകയാണ്. നാലോ അഞ്ചോ ദിവസം കൊണ്ട് തീരുമെന്ന് പ്രതീക്ഷിച്ചിരുന്ന യുദ്ധത്തില്‍ ഇറാന്റെ ചെറുത്തുനില്‍പും പ്രത്യാക്രമണവും തുടരുകയാണ്.
ഈ യുദ്ധം ഇനി എത്ര നാള്‍?
ഇറാനെതിരെയുള്ള യു.എസ്- ഇസ്രായേല്‍ ആക്രമണം സംബന്ധിച്ച് ഇപ്പോള്‍ വ്യക്തമായ ധാരണയുള്ളത് ട്രംപിനും ഇസ്രായേലിനും മാത്രമാണ്. ഇവരില്‍ വ്യക്തത കൂടുതലുള്ളത് ഇസ്രയേല്‍ പ്രധാനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനാണെന്ന് പറയാം. നെതന്യാഹുവിന്റെ തീരുമാനത്തിന് പിന്നില്‍ ഇസ്രായേല്‍ പാര്‍ലമെന്റ് ആയ നെസറ്റിന്റെയും പ്രതിപക്ഷ കക്ഷികളുടെയും വിശാലമായ ആശയധാര അടിയുറച്ചുണ്ട്. നൈല്‍ നദി മുതല്‍ ഇറാഖിലെ യൂഫ്രട്ടീസ് നദി വരെ നീളുന്ന വിശാലമായ ജൂത രാഷ്ട്ര സങ്കല്‍പം. ആ ഭൂപടം കാണിച്ചുതന്നെയാണ് ആക്രമണങ്ങളെ, ജനങ്ങള്‍ക്കുമുമ്പില്‍ സാധൂകരിക്കുന്നത്. ആ ലക്ഷ്യത്തിലേക്കാണ് ആക്രമണം വ്യാപിപ്പിക്കുന്നതെങ്കില്‍ ഈ യുദ്ധം ഇപ്പോഴൊന്നും തീരാന്‍പോകുന്നില്ല. അമേരിക്കയും ഇസ്രായേലും കൂടിയുള്ള യുദ്ധമായതിനാല്‍ ഗതിവിഗതികള്‍ അമേരിക്ക കൂടി തീരുമാനിക്കേണ്ടി വരും. അതിനാല്‍ യുദ്ധം തീരണമെങ്കില്‍ ഒരുമ്പെട്ടിറങ്ങിയ ട്രംപ് തന്നെ തീരുമാനിക്കണം.
ഭരണമാറ്റം അത്ര എളുപ്പമല്ല, കരയുദ്ധവും
ഇറാന്റെ മിസൈല്‍ ശേഷി നശിപ്പിക്കുക, നാവികസേനയുടെ ശേഷി കുറക്കുക, ആണവായുധ ശേഷി തടയുക എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഓപ്പറേഷന്‍ എപിക് ഫ്യൂറിയുടെ ലക്ഷ്യമെന്ന് യു.എസ്.സൈനിക മേധാവി വ്യക്തമാക്കുന്നു. എന്നാല്‍ കാലങ്ങളായി യു.എസ് പറഞ്ഞുകൊണ്ടിരിക്കുന്ന ഖമനേയിയെ ഇല്ലാതാക്കലും ഭരണ മാറ്റവും പ്രധാന യുദ്ധ കാരണങ്ങളാണ്. ഇതില്‍ ആദ്യത്തേത് സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ ഭരണ മാറ്റം എന്നത് അത്ര എളുപ്പമല്ല. കാരണം ഖമനേയിയെ വധിച്ചത് തെറ്റായി എന്ന വിലയിരുത്തല്‍ അമേരിക്കന്‍ നയന്ത്ര വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ആത്മീയനേതാവിന്റെ മരണം സൃഷ്ടിച്ച ദേശീയതാ വികാരം ജനങ്ങളെ ഒറ്റക്കെട്ടായി ഭരണകൂടത്തോടൊപ്പം നിർത്തുന്നു എന്നതാണ് അതിന് കാരണമായി പറയുന്നത്. ഭരണമാറ്റത്തിനായുള്ള മറ്റൊരു വഴി ഒരു രാജ്യത്ത് കരമാര്‍ഗം കടന്നുകയറി അധികാരം സ്ഥാപിക്കുക എന്നതാണ്. കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ഇറാന്‍ ഭൂപ്രകൃതിയില്‍ അധീശത്വം സ്ഥാപിക്കുക അത്ര എളുപ്പമല്ല.
അതേസമയം 'പശ്ചിമേഷ്യയില്‍ ഇറാന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ നീണ്ട ഉപരോധം തളര്‍ത്തിയത് ജനങ്ങളെ മാത്രമല്ല, പ്രതിരോധ രംഗത്തെ കൂടിയാണെന്ന് യുദ്ധ സന്ദര്‍ഭത്തില്‍ ഓര്‍മിക്കാം. മികച്ച മിസൈല്‍ ശേഖരം ഉണ്ടെങ്കിലും കാലാഹരണപ്പെട്ടവയും പ്രഹരശേഷി കുറഞ്ഞവയുമാണ്. ഇറൻ്റെ പകുതി ആയുധശേഷി നശിപ്പിച്ചവെന്ന അമേരിക്കയുടെ അവകാശവാദത്തെ കാര്യമായി എടുക്കാനുമാവില്ല. കാരണം ഭൂമിക്കടിയില്‍ കുഴിച്ചിട്ട പല ആയുധങ്ങളും ഇറാന്‍ പുറത്തെടുത്തിട്ടില്ല എന്നത് സ്ഥിതി ഗതികളെ സങ്കീര്‍ണമാക്കുന്നു.
അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഭിന്നത
യുദ്ധം തുടങ്ങിയത് സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഇസ്രായേലിന് വേണ്ടി ചെയ്യുന്ന യുദ്ധമാണ് ഇത് എന്ന അഭിപ്രായം അമേരിക്കന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയരുന്നുണ്ട്. ഇത്ര തിരക്ക് പിടിച്ച് യുദ്ധം എന്തിന് വേണ്ടിയായിരുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റുമാര്‍ക്ക് യുദ്ധം പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് യുഎസ് ഭരണഘടന പറയുന്നുണ്ട്. ഇറാനില്‍ പ്രധാന യുദ്ധ സന്നാഹം ആരംഭിക്കുന്നതിന് മുമ്പ് ട്രംപ് അത്തരം അനുമതി തേടിയില്ല. പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധം, അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ പ്രധാന കരയുദ്ധങ്ങള്‍ക്ക് ഭരണാധികാരികള്‍ അനുമതി തേടിയിരുന്നു. അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അമേരിക്കന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്കല്ല, മറിച്ച് ഇസ്രായേല്‍ ലോബിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട് . കഴിഞ്ഞ ദിവസം യു.എസ് ജനത യുദ്ധത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു.
ബ്രിട്ടന്‍ പിന്മാറിയോ?
'ഓപറേഷന്‍ എപിക് ഫ്യൂരി'യില്‍ ബ്രിട്ടീഷ് സേനയും ഇറാന്‍ ദൗത്യത്തില്‍ പങ്കുചേരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സഖ്യ സേനക്കൊപ്പമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലും മുമ്പ് ഇറാഖില്‍ ചെയ്ത അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ ആക്രമണത്തെക്കുറിച്ച തന്റെ ആശങ്കകള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. പഴയതുപോലെ ബ്രിട്ടന്റെ സഹായം ലഭിക്കുന്നില്ലെന്ന് ട്രംപും വ്യക്തമാക്കി.
സൈനിക നിലയം ഇറാന്‍ ആക്രമണത്തിന് വിട്ടുനല്‍കില്ലെന്ന് സ്‌പെയിനും വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് തെക്കന്‍ സ്‌പെയിനിലെ താവളങ്ങളില്‍നിന്ന് 15 യു.എസ് യുദ്ധവിമാനങ്ങള്‍ക്ക് സ്ഥലം വിടേണ്ടിവന്നു. ഇറാനു നേരെയുള്ള ആക്രമണത്തെ ബെല്‍ജിയവും അപലപിച്ചതോടെ, നിലവിലെ ഇറാന്‍ ദൗത്യത്തില്‍ യു.എസിന് യൂറോപ്പിന്റെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ റഷ്യയും അപലപിച്ചിരുന്നു. ജര്‍മനി, ഫ്രാന്‍സ് എന്നിവ ഇറാനെതിരെ പരസ്യ പ്രഖ്യാപനം നടത്തിയവയാണ്. അതിനാല്‍ തന്നെ, യൂറോപ്യന്‍ രാജ്യങ്ങളിലേറെയും ഇപ്പോഴും ത്രിശങ്കുവിലാണ്. ഈ യുദ്ധം അമേരിക്കക്കും അത്ര എളുപ്പമൊന്നുമല്ല. യുക്രെയ്‌ന് വലിയ അളവില്‍ മിസൈലുകള്‍ നല്‍കിയത് യു.എസ് ആയുധശേഖരത്തെ ബാധിച്ചിട്ടുണ്ടെന്ന് പറയുന്നത് മുന്‍ യു.എസ് പ്രതിരോധ സെക്രട്ടറിയുടെ സീനിയര്‍ അഡൈ്വസറായ ഡഗ്ലസ് മഗ്രെഗോര്‍ ആണ്. ദീര്‍ഘകാലം നീളുന്ന ഒരു യുദ്ധത്തിന് ആവശ്യമായ മിസൈലുകളോ ലോജിസ്റ്റിക് സംവിധാനങ്ങളോ നിലവില്‍ അമേരിക്കക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മാത്രമല്ല, അമേരിക്കന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ റഷ്യയും ചൈനയും ഇറാന് പിന്തുണ നല്‍കിയാല്‍ അത് ആഗോളതലത്തില്‍ പുതിയ സൈനിക-സാമ്പത്തിക സഖ്യങ്ങള്‍ക്ക് വഴിതെളിച്ചേക്കാം.
മധ്യസ്ഥ ശ്രമങ്ങളാണ് വേണ്ടത്
യുദ്ധങ്ങള്‍ തുടങ്ങാന്‍ എളുപ്പമാണ്. പക്ഷേ കരകയറുന്നതാണ് ദുഷ്‌കരം. യുദ്ധങ്ങളുടെ ഇരയായ രാജ്യങ്ങളിലെ നഗരങ്ങളെ നോക്കുക. അസ്ഥികൂടങ്ങളായി മാറിയ കെട്ടിടങ്ങളെ സാക്ഷിയാക്കി, കണ്ണീരും വിശപ്പും ബാക്കിയാക്കിയ ഭൂഭാഗങ്ങളുടെ ചിത്രം നമ്മടെ മനസ്സില്‍ തീരാവേദനയായി കിടപ്പുണ്ട്. യുദ്ധം തീര്‍ന്നാലും നഗരങ്ങളുടെ പുനര്‍ നിര്‍മാണം എന്നത് യുദ്ധത്തിന് ഇരകളാകുന്ന രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാകും. ഗള്‍ഫ് മേഖലയിലെ യു.എസ് കാമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം കൊണ്ട് ഇറാന്‍ പശ്ചിമേഷ്യയെ അസ്വസ്ഥാക്കുന്നണ്ടെങ്കിലും ജി.സി.സി രാജ്യങ്ങള്‍ക്ക് മധ്യസ്ഥ ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാകും. പക്ഷേ ഓരോ രാജ്യങ്ങളുടെയും താല്‍പര്യം വ്യത്യസ്തമായതിനാല്‍ ആര് മുന്‍കൈ എടുക്കും എന്നതാണ് കണ്ടറിയാനുള്ളത്. ഒമാൻ്റെ മുന്‍കൈയിലും റഷ്യയുടെ നേതൃത്വത്തിലും മധ്യസ്ഥശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. യു.എന്‍. സുരക്ഷ കൗണ്‍സിലിൻ്റെ ഉള്‍പ്പെടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ട്.