നിപ എന്ന മഹാമാരിയുടെ ഭീതിയിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ ആതുരാലയങ്ങളുടെ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലടിച്ച മനുഷ്യർക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നോ? അതും അഞ്ചോ പത്തോ ദിവസമല്ല, മാസങ്ങളും വർഷങ്ങളും കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയെന്ന സംശയം ഉന്നയിച്ചത് നിയമസഭയിൽ ആരോഗ്യമന്ത്രി കെ. മുരളീധരനാണ്. മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം ആരോഗ്യമന്ത്രി കെ. മുരളീധരന് തിരുത്തുമായി കേരളത്തിൽ ആദ്യം നിപ രോഗം തിരിച്ചറിഞ്ഞ ഡോ. എ.എസ് അനൂപ് കുമാർ രംഗത്തെത്തി. ഏതായാലും നിപ രോഗികൾക്ക് നൽകിയ മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ സഭയിൽ നൽകിയ മറുപടി ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചുകഴിഞ്ഞു. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും അപ്പുറം, പൊതുജനാരോഗ്യ രംഗത്തെ സുരക്ഷയും രോഗികളുടെ അവകാശങ്ങളും മുൻനിർത്തി സ്പോട്ട്ലൈറ്റ് ചർച്ച ചെയ്യുന്നു. നിപ മരണങ്ങൾക്ക് കാരണം കാലാഹരണപ്പെട്ട മരുന്നോ?
2023 മുതൽ കേരളത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയുടെ നാലാം തരംഗം മരണങ്ങളുടെ നിഴലിൽ ഭീതിയുടെ നാളുകളാണ് സമ്മാനിച്ചത്. 2023ൽ ആറ് കേസുകളിൽ രണ്ട് പേർ മരിച്ചതോടെ തുടങ്ങിയ ഈ ദുരന്തം 2024ൽ രണ്ട് കേസുകളിലും രണ്ട് മരണങ്ങളിലേക്കും, 2025ൽ മൂന്ന് കേസുകളിൽ രണ്ട് മരണങ്ങളിലേക്കും നീണ്ടു. ആകെ ആറ് ജീവനുകൾ നഷ്ടപ്പെട്ട ഈ കാലയളവിൽ, വൈറസിന്റെ ഉയർന്ന മരണനിരക്കും അനിശ്ചിതത്വവും സംസ്ഥാനത്തെ ആരോഗ്യസാഹചര്യത്തെയും ജനങ്ങളെയും ഒരുപോലെ ഭയപ്പെടുത്തി. ഓരോ തവണയും സമ്പർക്ക പട്ടികകൾ, ക്വാറന്റൈൻ നടപടികൾ, ആശുപത്രി ജാഗ്രത എന്നിവയോടൊപ്പം ജനങ്ങൾക്കിടയിൽ മരണഭീതിയും അനിശ്ചിതത്വവും നിലനിന്നു. 2026ൽ ഒരു കേസ് റിപ്പോർട്ട് ചെയ്തെങ്കിലും രോഗി സുഖം പ്രാപിച്ചത് പൊതുവിൽ ആശ്വാസമായി മാറി.
എങ്കിലും 2023 മുതൽ 2025 വരെയുള്ള കാലം നിപയുടെ നിഴലിൽ കേരളം കടന്നുപോയ ഭീതിയുടെയും നഷ്ടങ്ങളുടെയും ഒരു ഇരുണ്ട അധ്യായമായി നിലനിൽക്കുന്നു. നിപ ബാധയുടെ ആ കാലത്ത് രോഗികൾക്ക് നൽകിയിരുന്ന ചികിത്സ പ്രധാനമായും പിന്തുണാ ചികിത്സയും ആന്റിവൈറൽ മരുന്നുകളുടെ ഉപയോഗവുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ റെംഡെസിവിർ എന്ന ആന്റിവൈറൽ മരുന്ന് ഉപയോഗിച്ചിരുന്നു. കൂടാതെ മോണോക്ലോണൽ ആന്റിബോഡികളും Ribavirin പോലുള്ള മറ്റ് മരുന്നുകളും ചിലർക്ക് നൽകി. ഈ ചികിത്സാ രീതികൾ വൈറസിന്റെ ഉയർന്ന മരണനിരക്കിനെതിരെ പോരാടാനുള്ള ശ്രമമായിരുന്നെങ്കിലും, പല രോഗികളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയതിനാൽ ഫലപ്രദമായ ഇടപെടൽ സാധ്യമായില്ല.
മാത്യു കുഴൽനാടൻ്റെ നിയസഭയിലെ സബ്മിഷനുള്ള മറുപടിയിലായിരുന്നു മന്ത്രി നിപ മരുന്ന് നൽകിയതിനെക്കുറിച്ച് സംശയം ഉന്നയിച്ചത്. മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനാണ് അന്വേഷണ ചുമതല.
നിപ, കോവിഡ് തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നാണ് റെംഡെസിവിർ. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കാരുണ്യ പദ്ധതി വഴി അവസാനമായി ഈ മരുന്ന് വാങ്ങിയത് 2021 ജൂൺ 3നാണ്. വിതരണം ചെയ്ത സ്റ്റോക്കിന്റെ കാലാവധി 2023 മെയ് 30ന് അവസാനിച്ചു. എന്നാൽ ഇതിന് ശേഷവും 2023, 2024, 2025 വർഷങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഈ മരുന്ന് ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിന് പുറമേ, അമേരിക്കൻ കമ്പനിയായ ഗിലീഡ് നിർമ്മിച്ച ഇൻവെസ്റ്റിഗേഷണൽ, ക്ലിനിക്കൽ ട്രയൽ ഉപയോഗത്തിനുള്ള മറ്റൊരു സ്റ്റോക്ക് റെംഡെസിവിർ കൂടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു. 2022 ജനുവരി 1നാണ് ഗിലീഡ് നിർമ്മിച്ച 690 കുപ്പി മരുന്ന് എത്തിയത്. 2023 സെപ്റ്റംബർ 13ന് ആദ്യമായി 10 ഡോസ് നിപ രോഗികളിൽ ഉപയോഗിച്ചു. കെ.എം.എസ്.സി.എൽ രേഖകൾ പ്രകാരം ആകെ 256 കുപ്പി ഉപയോഗിച്ചിട്ടുണ്ട്. 453 കുപ്പി മരുന്ന് ഇപ്പോഴും ശേഷിക്കുന്നുണ്ട്. ഈ മരുന്നിന്റെ പാക്കറ്റിൽ നിർമ്മാണ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നും ‘ക്ലിനിക്കൽ ട്രയൽ യൂസ് ഒൺലി’ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്.
എക്സ്പയറി തീയതിയാകട്ടെ, 2025 സെപ്റ്റംബറിലും. 2026 ജൂൺ 12ന് ബഹ്റൈനിൽ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നൽകിയത്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് നൽകിയ ‘റെംഡെസിവർ’ മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിച്ചവർക്ക് നൽകിയ മരുന്നുകളുടെ പാക്കറ്റിൽ മാനുഫാക്ചറിങ് ഡേറ്റ് ഇല്ലെന്ന കാര്യം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. സാധാരണ നിലയിൽ നിർമ്മാണ തീയതിയും കാലാവധി തീയതിയും ഒരുപോലെ രേഖപ്പെടുത്തേണ്ടിടത്ത് ഒന്നുമാത്രമാണ് ഉള്ളത് എന്ന വിവരവും, 'ക്ലിനിക്കൽ ട്രയൽ യൂസ് ഒൺലി' എന്ന രേഖപ്പെടുത്തലുകൾ സംബന്ധിച്ച കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും കെ. മുരളീധരൻ പറഞ്ഞു.
നിപാ ബാധിതർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയെന്നും മരണകാരണം അതുകൊണ്ടാണോ എന്ന് സംശയമുണ്ടെന്നുമുള്ള ആരോഗ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന തള്ളി കേരളത്തിൽ ആദ്യം നിപ രോഗം തിരിച്ചറിഞ്ഞ ഡോ. അനൂപ് കുമാറും നിപ നോഡൽ ഓഫീസറായിരുന്ന ഡോ. ചാന്ദിനിയും രംഗത്തെത്തിക്കഴിഞ്ഞു. 2023–2025 കാലയളവിൽ നിപ ബാധിച്ച് മരിച്ച ആരും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് റെംഡെസിവിർ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും മരണകാരണവും മരുന്നിന്റെ ഉപയോഗവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. മരണശേഷം സ്രവങ്ങൾ പരിശോധിച്ചപ്പോഴാണ് രോഗികൾക്ക് നിപ സ്ഥിരീകരിച്ചത്. ഈ മരുന്നുകൾക്ക് 2025 സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നുവെന്നും, ഇൻവെസ്റ്റിഗേഷനൽ മരുന്നുകൾക്ക് മാനുഫാക്ചറിങ് ഡേറ്റ് രേഖപ്പെടുത്തുന്നതിൽ ചില ഇളവുകൾ ഉണ്ടാകാറുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
നിലവിൽ ഗവൺമെന്റ് പ്രഖ്യാപിച്ച മെഡിക്കൽ ബോർഡിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ ഈ വിഷയത്തിൽ കൃത്യമായ വ്യക്തത ലഭിക്കുകയുള്ളൂ. അതേസമയം , നിയമസഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയിൽ ദുരൂഹതയുണ്ടെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോപിച്ചു. ഓഗസ്റ്റ് 8ന് മരുന്ന് നൽകിയ 5 നിപ ബാധിതർ ഇപ്പോഴും ജീവനോടെ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ റെംഡിസീവർ മരുന്ന് ഉപയോഗിച്ചവരുടെ മരണ നിരക്ക് പൂജ്യമാണ്. നിപാ രോഗികളുടെ ചികിത്സയും മരുന്നുകളുടെ സ്റ്റോക്കും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കെ.എം.എസ്.സി.എൽ സോഫ്റ്റ്വെയർ പരിശോധിച്ചാൽ 2025 സെപ്റ്റംബർ വരെ കാലാവധിയുള്ള മരുന്നുകളുടെ വിവരങ്ങൾ വ്യക്തമാകുമെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി.
നിപ പോലെയുള്ള അതിമാരകമായ ഒരു മഹാമാരിയെ ശാസ്ത്രീയ പ്രതിരോധത്തിലൂടെയും കൃത്യമായ ക്ലിനിക്കൽ പ്രോട്ടോക്കോളുകളിലൂടെയും കേരളം ചെറുത്തുതോൽപ്പിച്ച മാതൃക ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, നിപ ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് നൽകിയത് കാലഹരണപ്പെട്ട മരുന്നുകളാണെന്ന തരത്തിൽ നിയമസഭയിൽ ഉയർന്ന സംശയങ്ങൾ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. മരുന്നിന് കുഴപ്പമില്ലെന്നും, മരുന്നിന്റെ ഉത്പാദന തീയതി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞത് ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോഗ്യമന്ത്രി പിന്നീട് വിശദീകരിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഇത്തരം ജീവൻരക്ഷാ മരുന്നുകളുടെ സൂക്ഷിപ്പിലും വിതരണത്തിലും ഭരണപരമായ വീഴ്ചകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നത് വസ്തുനിഷ്ഠമായി കണ്ടെത്തേണ്ടതുണ്ട്. വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണങ്ങൾക്കും അപ്പുറം, സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ സമഗ്രമായ റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഈ വിഷയത്തിലെ നിജസ്ഥിതി വ്യക്തമാകൂ.