സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാൻ സര്‍ക്കാർ രൂപീകരിച്ച ടാസ്ക്ഫോഴ്സ് സംബന്ധിച്ച് ആരോപണങ്ങളും എതിർപ്പുകളും ഉയർന്നുകഴിഞ്ഞു. അഴിമതി ആരോപണ വിധേയനായ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതിലെ ദുരൂഹത ആരോപണവും ടാസ്ക് ഫോഴ്സിലെ ആരോഗ്യ കോർപറേറ്റ് പ്രമുഖരുടെ അസാധാരണമായ സാന്നിധ്യവും ആണ് വിമർശിക്കപ്പെടുന്നത്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകള്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന സമയത്ത് ടാസ്ക് ഫോഴ്സില്‍ പൊതുജനാരോഗ്യ വിദഗ്ധര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നൽകിയില്ല എന്നതാണ് ഉയരുന്ന പ്രധാന ആരോപണം.
കേരളത്തിലെ ആരോഗ്യ ഡാറ്റ കോർപറേറ്റുകൾക്ക് ലഭിക്കാനുള്ള അവസരം തുറന്നുകൊടുക്കുകയാണോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ആധുനിക മെഡിക്കൽ സമൂഹം ശക്തമായി എതിർക്കുന്ന വിവിധ ആരോഗ്യസമ്പ്രദായങ്ങളുടെ ഒന്നിച്ചുള്ള ചികിത്സ സമ്പ്രദായമായ മിക്സോപ്പതി ഒളിച്ചുകടത്താനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
കോർപറേറ്റുകൾ തീരുമാനിക്കുമോ കേരളത്തിൻ്റെ ആരോഗ്യം?
സമഗ്രമായ ആരോഗ്യ മാതൃക വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ വകുപ്പ് മന്ത്രി വൈസ് ചെയർമാനും ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ദ്ധർ അംഗങ്ങളുമായി കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താനും തടയാനുമായി, ഇത്തരമൊരു വിപുലമായ പദ്ധതി, സംസ്ഥാനം ആവിഷ്കരിക്കുന്നത് രാജ്യത്ത് ആദ്യമായി ആണെന്നാണ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം ചേർന്ന ശേഷം മുഖ്യമന്ത്രി വിഡി സതീശൻ അവകാശപ്പെട്ടത്.
രണ്ട് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ടാസ്ക് ഫോഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകരിക്കപ്പെട്ട എല്ലാ ചികിത്സാരീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾക്ക് രൂപം നല്‍കുന്നതിനൊടൊപ്പം ഡിജിറ്റൽ ആരോഗ്യവിവര ശൃംഖല വിപുലീകരണം, ആരോഗ്യ-വെൽനസ് മേഖലയിൽ സ്വകാര്യ നിക്ഷേപം, മെഡിക്കൽ ടൂറിസം സാധ്യതകൾ എന്നിവയാണ് സമിതി ഊന്നൽ നൽകേണ്ട പ്രധാന വിഷയങ്ങൾ.... ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ എന്നീ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തുനിന്ന് സമിതിയിലുള്ളത്.
ആരോഗ്യ മാതൃക നിശ്ചയിക്കുന്നത് ആര് ?
ഹെൽത്ത് ടാസ്ക് ഫോഴ്സിന്റെ മറവിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലേക്ക് കോർപ്പറേറ്റുകൾക്ക് കടന്ന് വരാന്‍ വഴിയൊരുക്കുകയാണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. അഴിമതിക്കേസിൽ ആരോപണവിധേയനായ ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാൾ അടക്കമുള്ളവരാണ് പതിനാറംഗ സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ടാസ്ക് ഫോഴ്സിന്റെ ഘടന പരിശോധിച്ചാൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വത്തിനൊപ്പം സ്വകാര്യ കോർപ്പറേറ്റ് മേഖലയ്ക്കാണ് വ്യക്തമായ മുൻതൂക്കം നൽകിയിട്ടുള്ളത് എന്ന് കാണാം. സമിതിയിൽ അലോപ്പതി, ആയുർവേദം, ഗവേഷണം, ഭരണരംഗം എന്നിവയിൽ നിന്നായി ആകെ എട്ട് ഡോക്ടർമാരാണുള്ളതെങ്കിലും, സംസ്ഥാനത്തെ ഔദ്യോഗിക ആരോഗ്യസംവിധാനങ്ങളെ നയിക്കുന്ന ഒരു പൊതുജനാരോഗ്യ വിദഗ്ദ്ധൻ മാത്രമാണ് നാമമാത്രമായി ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
പകരം സ്വകാര്യ രോഗ നിർണയ ശൃഖല , മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, വാണിജ്യ ആയുർവേദ ശൃംഖല എന്നിവ നടത്തുന്ന മൂന്ന് ഡോക്ടർമാരായ സംരംഭകർ ഉൾപ്പെടെ അഞ്ചോളം വൻകിട വ്യവസായികളെയും കോർപ്പറേറ്റ് തലവന്മാരെയുമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഡിഎച്ച്എസ്, ഡിഎംഇ തുടങ്ങിയ സർക്കാർ ആരോഗ്യ മേധാവികളെയോ പബ്ലിക് ഹെൽത്ത് വിദഗ്ദ്ധരെയോ പൂർണ്ണമായി തഴഞ്ഞ് സ്വകാര്യ താല്പര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള ഘടനയാണ് ഇതിനെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വിവാദങ്ങൾ തുടങ്ങുന്നത് ഇവിടെയാണ്
പൊതുജനാരോഗ്യ വിദഗ്ധർക്ക് എന്തുകൊണ്ട് മതിയായ പ്രാതിനിധ്യം നൽകിയില്ല. ? ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസും ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും സ്ഥിരം അംഗങ്ങളാകാതിരുന്നത് എന്ത് കൊണ്ട് ? ലോകം അംഗീകരിച്ച വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ മാതൃക സൃഷ്ടിച്ച കേരളത്തിന് ഈ സമിതിയെ ആശങ്കയോടെ അല്ലാതെ കാണാനാവില്ല.
ആരോഗ്യ ഡാറ്റ ചോർച്ചയിൽ ആശങ്ക
ടാസ്ക് ഫോഴ്സിൽ വൻകിട സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ഗുരുതരമായ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. സ്ക്രീനിംഗ് പരിപാടികളും ഡയഗ്നോസ്റ്റിക് സംവിധാനങ്ങളും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ജനങ്ങളുടെ വ്യക്തിഗത ആരോഗ്യ ഡാറ്റ ഈ കോർപറേറ്റുകളുടെ കൈകളിലെത്താനുള്ള സാധ്യത തുറന്നുകൊടുക്കുമെന്നാണ് വിമർശകരുടെ ആശങ്ക.
നിലവിലുള്ള പൊതുജനാരോഗ്യ പദ്ധതികളെ വിപുലീകരിക്കുന്നതിന് പകരം സ്വകാര്യ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള സമീപനം ഉണ്ടാകുമോ എന്ന ആശങ്കയും വിദഗ്ധർ പങ്കുവെക്കുന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ വിഷയങ്ങളെല്ലാം നടക്കുന്നത്. ടാസ്ക് ഫോഴ്സിനെ തീരുമാനിക്കുന്ന കാര്യം താനും മുഖ്യമന്ത്രിയും കൂടി ആലോചിച്ചെടുത്തതാണെന്ന് പറയുന്നുണ്ടെങ്കിലും വിവാദങ്ങളോട് പ്രതികരിക്കാതെ, മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ആരോഗ്യമന്ത്രി.
മിക്സോപതി വിവാദം
ശാസ്ത്രീയ ആധുനിക വൈദ്യശാസ്ത്രത്തെയും പരമ്പരാഗത ആയുഷ് ചികിത്സാ രീതികളെയും കൂട്ടിക്കലർത്തുന്ന ‘മിക്സോപ്പതി’ പിൻവാതിലിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രധാന ആക്ഷേപം. ആരോഗ്യ വകുപ്പിലെ പ്രധാന പങ്കാളികളെയും ഉന്നത നേതൃത്വത്തെയും പൂർണ്ണമായി ഇരുട്ടിൽ നിർത്തിക്കൊണ്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്നും, മികച്ച രീതിയിൽ ആയുഷ് ശൃംഖലകൾ നിലനിൽക്കുന്ന കേരളത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഇത് സംയോജിപ്പിക്കുന്നത് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു.
ആധുനിക അലോപ്പതി വൈദ്യശാസ്ത്രവും പരമ്പരാഗത ആയുഷ് രീതികളും തികച്ചും വ്യത്യസ്തമായ തത്ത്വങ്ങളിലും രോഗനിർണ്ണയ രീതികളിലുമാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, ശാസ്ത്രീയമായ ക്ലിനിക്കൽ പരീക്ഷണങ്ങളോ തെളിവുകളോ ഇല്ലാതെ ഇവ കൂട്ടിക്കലർത്തുന്നത് രോഗികളുടെ ജീവന് തന്നെ അപകടമുണ്ടാക്കാം എന്നതാണ് മിക്സോപ്പതി എതിർക്കപ്പെടാനുള്ള പ്രധാന കാരണം. ഓരോ ചികിത്സാ ശാഖയ്ക്കും അതിന്റേതായ തനിമയും ഗുണങ്ങളുമുള്ളപ്പോൾ, അവയെ അശാസ്ത്രീയമായി സമന്വയിപ്പിക്കുന്നത് ഇരു ശാഖകളുടെയും ശുദ്ധതയെ തകർക്കുമെന്നും അടിസ്ഥാന ചികിത്സാ നിലവാരവും രോഗി സുരക്ഷയും ഗുരുതരമായി ഹനിക്കുമെന്നും ആധുനിക മെഡിക്കൽ സമൂഹം ശക്തമായി വാദിക്കുന്നു.
ആരോഗ്യമേഖലയിലെ കോർപ്പറേറ്റ് വൽക്കരണം
കേരളത്തിലെ സ്വകാര്യ ആശുപത്രി മേഖലയിൽ വൻ കോർപ്പറേറ്റ്വൽക്കരണം നടന്നുവരുന്നതിനിടെയാണ് ടാസ്ക്ഫോഴ്സിലൂടെ കേരളത്തിലെ പുതിയ ആരോഗ്യ നയ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തുന്നത്. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ, മണിപ്പാൽ ഹോസ്പിറ്റൽസ്, അപ്പോളോ, കിംസ് ഹെൽത്ത് തുടങ്ങിയ വൻകിട ഗ്രൂപ്പുകളും ആഗോള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളും സംസ്ഥാനത്തെ പ്രമുഖ പ്രാദേശിക മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയോ ഏറ്റെടുക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആരോഗ്യ പരിപാലന വിപണിയിലെ ബെഡ് ശേഷിയുടെ വലിയൊരു ശതമാനവും നിയന്ത്രിക്കുന്നത് ഇത്തരം ശൃംഖലകളാണ്.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ കർശന നിബന്ധനകൾ, ഉയർന്ന പ്രവർത്തനച്ചെലവ്, ഡോക്ടർമാരുടെ കുറവ് എന്നിവ താങ്ങാനാവാതെ ചെറുകിട നഴ്സിംഗ് ഹോമുകൾ വൻതോതിൽ പൂട്ടുന്നു. ഇത് ഗ്രാമീണ തലത്തിൽ കുറഞ്ഞ ചെലവിൽ ലഭിച്ചിരുന്ന പ്രാഥമിക ചികിത്സാ സൗകര്യങ്ങളെ തകിടം മറിക്കുന്നു. ഇതിനിടെയാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ആവർത്തിക്കുന്ന ചികിത്സാ പിഴവുകളും അനാസ്ഥകളും പൊതുജനാരോഗ്യ മേഖലയിലുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നത്..
ആരോഗ്യ നയരൂപീകരണങ്ങളിൽ സുതാര്യത വേണം
ലോകത്തിന് തന്നെ മാതൃകയായ വികേന്ദ്രീകൃത പൊതുജനാരോഗ്യ സംവിധാനമുള്ള കേരളത്തിൽ, ആരോഗ്യ രംഗത്തെ പുതിയ നയരൂപീകരണങ്ങൾ അതീവ ജാഗ്രതയോടെയും സുതാര്യതയോടെയും കൂടിയാണ് നടപ്പാക്കേണ്ടത്. ആധുനിക സാങ്കേതികവിദ്യകളുടെ വികസനവും സമഗ്ര ആരോഗ്യ സമീപനങ്ങളും അനിവാര്യമാണെങ്കിലും, അത് സാധാരണക്കാരുടെ ചെലവ് വർധിപ്പിക്കുന്ന സ്വകാര്യ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വഴിയൊരുക്കുന്നതാകരുത്. പൊതുജനാരോഗ്യ വിദഗ്ധരെയും ആരോഗ്യവകുപ്പിലെ പ്രധാന മേധാവികളെയും മാറ്റിനിർത്തിക്കൊണ്ടുള്ള തീരുമാനങ്ങൾ വ്യവസ്ഥിതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. ജനങ്ങളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ശാസ്ത്രീയ അടിത്തറയില്ലാത്ത സമന്വയ ചികിത്സാ പരീക്ഷണങ്ങൾ രോഗിസുരക്ഷയെ അപകടപ്പെടുത്തുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്.