ഈ ഓണത്തിന് യാത്രക്കാർക്കായി ഓണസദ്യ ആകാശത്ത് വിളമ്പാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ എക്സ്‌പ്രസ്. കേരളത്തിലെ നാല് വിമാനങ്ങൾക്ക് പുറമെ മംഗലാപുരത്ത് നിന്നും വിദേശത്തേക്ക് തിരിച്ചും യാത്ര ചെയ്യുന്നവർക്കായാണ് എയർ ഇന്ത്യ ഓണസമ്മാനം ഒരുക്കുന്നത്.
ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ആറ് വരെയാണ് യാത്രക്കാർക്കായി ഈ അവസരം എയർ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് 18 മണിക്കൂർ മുൻപ് എയർ ഇന്ത്യ എക്സ്‌പ്രസിൻ്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.
കേരളത്തിൻ്റെ തനത് രീതിയിൽ സദ്യയിലെ എല്ലാ വിഭവങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരിക്കും ഓണസദ്യ. വാഴയിലയിലാണ് ചോറ്, നെയ്പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം എന്നിവ അടങ്ങിയ സദ്യ വിളമ്പുക. ഇതിനായി കസവ് കരയുള്ള പാക്കറ്റുകളും എയർ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.
എയർ ഇന്ത്യ വെബ് സൈറ്റായ airindiaexpress.comലൂടെ ആണ് 500 രൂപ നൽകി ഓണ സദ്യ ബുക്ക് ചെയ്യേണ്ടത്. ഓണസദ്യക്കൊപ്പം യാത്രക്കാർക്കായി മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന നിരവധി ഭക്ഷണങ്ങളും എയർ ഇന്ത്യയുടെ ഗൊർമർ മെനുവിൽ ലഭ്യമാണ്.