പ്രതീകാത്മക ചിത്രം Image: Freepik
PRAVASAM

പ്രവാസികള്‍ സൂക്ഷിക്കുക, ദുബായിലും സൈബര്‍ അറസ്റ്റ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

കേരളത്തില്‍ വ്യാപകമായി നടക്കുന്ന സൈബര്‍ അറസ്റ്റ് തട്ടിപ്പിന്റെ രീതിയില്‍ തന്നെയാണ് ദുബായിലും

Author : ന്യൂസ് ഡെസ്ക്

ദുബായ്: പൊലീസ് ചമഞ്ഞ് വീഡിയോ കോള്‍ ചെയ്ത് ഉപയോക്താക്കളുടെ പണം തട്ടിയെടുക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ദുബായിലും വ്യാപകമാകുന്നു. ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദേശങ്ങളും ദുബായ് പൊലീസ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ വ്യാപകമായി നടക്കുന്ന സൈബര്‍ അറസ്റ്റ് തട്ടിപ്പിന്റെ രീതിയില്‍ തന്നെയാണ് ദുബായിലും നടക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗൂഗിള്‍ മീറ്റ് ലിങ്കുകളിലൂടെയുമാണ് തട്ടിപ്പ് നടക്കുന്നത്.

വീഡിയോ കോള്‍ ഇന്‍വൈറ്റ് അറ്റന്റ് ചെയ്താല്‍ ദുബായ് പൊലീസിന്റെ വേഷത്തിലുള്ളയായിരിക്കും മറുതലയ്ക്കല്‍ ഉണ്ടാകുക. ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും സൈബര്‍ അറസ്റ്റിന് വിധേയമായതായും ഉപയോക്താവിനെ തെറ്റിദ്ധരിപ്പിക്കും. തുടര്‍ന്ന് ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടിയെടുക്കും.

ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള വീഡിയോ കോളുകളോടും ടെക്സ്റ്റ്, ഇ-മെയില്‍ സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ കോണ്‍ടാക്റ്റുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ പ്രാദേശിക പോലീസ് സ്റ്റേഷനുകളിലോ റിപ്പോര്‍ട്ട് ചെയ്യണം. ബാങ്കോ സര്‍ക്കാര്‍ സ്ഥാപനമോ ഒരിക്കലും ഫോണ്‍, ടെക്സ്റ്റ് അല്ലെങ്കില്‍ ഇമെയില്‍ വഴി വിവരങ്ങള്‍ തേടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

എന്താണ് സൈബര്‍ അറസ്റ്റ് തട്ടിപ്പ്

പെട്ടെന്ന് നിങ്ങളുടെ ഫോണിലേക്കൊരു കോള്‍ വരുന്നു. അപ്പുറത്തുള്ള ആള്‍ പൊലീസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നൊക്കെ പറഞ്ഞായിരിക്കും പരിചയപ്പെടുത്തുക. പിന്നാലെ നടന്നിട്ടുപോലുമില്ലാത്ത വലിയ സാമ്പത്തിക തട്ടിപ്പിന്റെ കഥയിറക്കുന്നു. അല്ലെങ്കില്‍ നിങ്ങളുടെ പേരില്‍ കള്ളക്കടത്ത് വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ എത്തിയിട്ടുണ്ടെന്ന് ആരോപിക്കുന്നു. പേടിക്കേണ്ട, ഇത് കേസാകുന്നതിന് മുന്‍പ് തന്നെ ഒത്തുതീര്‍പ്പാക്കാമെന്നും പറയുന്നു.

ഇക്കാര്യം സംസാരിക്കാന്‍ സ്‌കൈപ്, മ്യൂള്‍ പോലുള്ള ഏതെങ്കിലും വീഡിയോ ചാറ്റ് സംവിധാനമായിരിക്കും ഉപയോഗിക്കുക. മറുപുറത്തുള്ളയാള്ളുടെ ആധികാരികത തെളിയിക്കാന്‍ ഐഡികാര്‍ഡും ഫുള്‍ യൂണിഫോമും ഓഫീസും വരെ തയ്യാറായിരിക്കും. ഇതിനായി എഐ സാങ്കേതിക വിദ്യയെ വരെ ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇവരെ വിശ്വസിച്ച് നിങ്ങള്‍ ഭയപ്പെടുന്നതോടെ തട്ടിപ്പുകാര്‍ വിജയിച്ചുകഴിഞ്ഞു. പണം നല്‍കുന്നത് വരെ ആ ചാറ്റ് വിട്ടുപോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. ഇതാണ് വിര്‍ച്വല്‍ അറസ്റ്റ്.

ഈ സമയം മറ്റൊരാളുമായും നിങ്ങള്‍ ബന്ധപ്പെടുന്നില്ല എന്ന കാര്യം ഇവര്‍ ഉറപ്പിക്കും. ചാറ്റ് വിട്ടുപോകാന്‍ ശ്രമിച്ചാല്‍ എല്ലാവിവരങ്ങളും പുറത്താകും, കേസില്‍പ്പെടുത്തും എന്നൊക്കെയായിരിക്കും ഭീഷണി. ഇതിനിടെ നിങ്ങള്‍ അറസ്റ്റിലായെന്നും അപകടത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ തന്നെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ച് മോചനത്തിന് പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടും.

ശ്രദ്ധിക്കുക: അജ്ഞാത നമ്പറുകളില്‍ നിന്നോ നിയമപാലകരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ആണെന്ന് അവകാശപ്പെടുന്നവരില്‍ നിന്നോ ഉള്ള ഫോണ്‍ കോളുകളും സന്ദേശങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ആധികാരികമെന്ന് സ്ഥിരീകരിക്കാതെ ആരുമായും വ്യക്തിവിവരങ്ങളും സാമ്പത്തിക രേഖകളും പങ്കിടരുത്. അറസ്റ്റടക്കം നിയമനടപടികള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാലും പരിഭ്രാന്തരാകാതെ കൈകാര്യം ചെയ്യണം. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ അധികാരികളെ ഉടന്‍ അധികൃതരെ അറിയിക്കുകയും വേണം.

SCROLL FOR NEXT