മസ്‌കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജൂലൈ ഒന്ന് മുതൽ രാജ്യവ്യാപകമായി പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിൻ്റെ അഞ്ചാംഘട്ടം നടപ്പിലാക്കുമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
ഒമാനിലെ ടൈംസ് റിപ്പോർട്ട് പ്രകാരം, നമ്പർ 8/2024 പ്രകാരമുള്ള അഞ്ചാം ഘട്ടത്തിൽ ഫർണിച്ചർ സ്റ്റോറുകൾ, ആയുധശാലകൾ സ്വർണം-വെള്ളി ഷോറൂമുകൾ, കാർ കെയർ സെൻ്ററുകൾ, വാഹന ഡീലർഷിപ്പുകൾ എന്നിവയിലേക്ക് നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒമാൻ വിഷൻ 2040 പ്രകാരം, സർക്കുലർ ഇക്കണോമി തത്ത്വങ്ങൾ എന്നിവയ്ക്ക് അനുസൃതമായി നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുക, പുനരുപയോഗിക്കാവുന്ന ബദൽ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക, മൊത്തത്തിലുള്ള പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദനം കുറയ്ക്കുക എന്നിവയാണ് അഞ്ചാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മുൻ ഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭവും നടപ്പിലാക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും പാലിക്കൽ മെച്ചപ്പെടുത്തുന്നതിനും മുൻ ഘട്ടങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.