പവര്‍ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ എമിറേറ്റ്‌സ് നടപടിക്കു പിന്നാലെ സമാന ഉത്തരവുമായി ഫ്‌ളൈ ദുബായിയും. ഒക്ടോബര്‍ 1 മുതലാണ് യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഫ്ലൈദുബായ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പവര്‍ ബാങ്ക് കൊണ്ടു പോകുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ചെക്ക്ഡ് ബാഗില്‍ ഒരു കാരണവശാലും പവര്‍ ബാങ്കുകള്‍ സൂക്ഷിക്കരുത്. കൈവശമുള്ള ബാഗില്‍ മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ.
ഒരു യാത്രക്കാരന് ഒരു പവര്‍ ബാങ്ക് മാത്രമേ അനുവദിക്കുകയുള്ളൂ. പവര്‍ ബാങ്കിന്റെ റേറ്റിങ് 100 Whന് താഴെ ആയിരിക്കണം. മാത്രമല്ല, ഉപകരണത്തില്‍ ഈ റേറ്റിങ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ടാകണം. 100 Wh-ന് മുകളിലുള്ള പവര്‍ ബാങ്കുകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
യാത്രയ്ക്കിടിയില്‍ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, വിമാനത്തിലെ പവര്‍ സോക്കറ്റുകളില്‍ പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും പാടില്ല. ഓഫ് ചെയ്തിട്ടു വേണം വിമാനത്തിനുള്ളിലേക്ക് കയറാന്‍. ഒറിജനല്‍ പാക്കേജിലോ സുരക്ഷിതമായ പൗച്ചിലോ വേണം ഉപകരണം സൂക്ഷിക്കാന്‍.
കൈവശമുള്ള ബാഗിലോ സീറ്റ് പോക്കറ്റിലോ ആയിരിക്കണം പവര്‍ ബാങ്ക് സൂക്ഷിക്കാന്‍. ഓവര്‍ഹെഡ് ലോക്കറുകളഇല്‍ ഒരു കാരണവശാലും വെക്കരുത്.
ബാറ്ററികള്‍ അമിതമായി ചൂടായുള്ള തീപിടുത്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍.