അമരാവതി: വിവാഹത്തിനിടെ വരനെ വേദിയിൽ വച്ച് കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഡ്രോൺ വീഡിയോ വഴി രണ്ട് കിലോമീറ്റർ ദൂരം പിന്തുടർന്ന വീഡിയോ ഗ്രാഫറുടെ പ്രവൃത്തി കയ്യടി നേടുന്നു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്.
രാഘോ ജിതേന്ദ്ര ബക്ഷി എന്ന ആളാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വധശ്രമം നടത്തുന്നതും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കറുത്ത ഷർട്ട് ധരിച്ച പ്രതി വരനെ ആക്രമിച്ച ശേഷം ഓടുന്നതും ഒരാൾ പിടിക്കാൻ ഓടുന്നതും വീഡിയോയിൽ കാണാം.
പ്രതിയെ സഹായിക്കാനായി ചുവന്ന ഹുഡിയുള്ള ഓവർകോട്ടിട്ട മറ്റൊരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതും കാണാം. പിന്നാലെ ഓടിയെത്തിയ ആൾ പ്രതിയെ ബൈക്കിൽ നിന്നും വലിച്ച് താഴെയിടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടുപോവുകയായിരുന്നു.
എന്തായാലും ഈ ഡ്രോൺ വീഡിയോ ദൃശ്യങ്ങൾ പൊലീസ് അന്വേഷണത്തിന് ഏറെ സഹായകമായെന്നാണ് വിലയിരുത്തൽ. പ്രതി കുറ്റകൃത്യം നടത്തിയ രീതിയും രക്ഷപ്പെടാൻ സാധ്യതയുള്ള വഴിയും കണ്ടെത്താൻ വീഡിയോ സഹായിക്കുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.
പ്രതിയായ രാഘോ ജിതേന്ദ്ര ബക്ഷി വിവാഹ ദിവസം നടന്ന ഡി.ജെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇവിടെ വച്ച് വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിൻ്റെ പകയെ തുടർന്നാണ് ഇയാൾ വരനെ ആക്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിർണായക വീഡിയോ എടുത്ത വീഡിയോഗ്രാഫറുടെ മനസ്സാന്നിധ്യത്തെ സോഷ്യൽ മീഡിയ മുക്തകണ്ഠം പ്രശംസിക്കുകയാണ്. അതേസമയം, മൂന്ന് തവണ കുത്തേറ്റ വരൻ സജൽ റാം സമുദ്രയുടെ (22) ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.