പ്രതീകാത്മകചിത്രം Source: pexels
SOCIAL

"യുഎസിൽ ബിരുദം, കടം- 50 ലക്ഷം രൂപ, ജോബ് ഓഫറുകൾ- പൂജ്യം"; 'അമേരിക്കൻ സ്വപ്ന'ത്തിൻ്റെ യഥാർഥ്യം പുറത്തുവിട്ട് യുവതി

വിദ്യാർഥിയുടെ വിരമിച്ച പിതാവ്, തൻ്റെ പെൻഷൻ പണം ഉപയോഗിച്ചാണ് പ്രതിമാസം 900 ഡോളർ അതായത് 75,000 രൂപയ്ക്ക് മുകളിൽ ഇഎംഐ അടയ്ക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നല്ലൊരു ജോലി വാങ്ങി യുഎസിൽ സെറ്റിൽ ചെയ്യുക. പല ഇന്ത്യക്കാരുടെയും 'അമേരിക്കൻ സ്വപ്നം' ആയിരിക്കും ഇത്. അത്രയധികം കഥകളാണ് യുഎസ് തൊഴിൽ വിപണിയെക്കുറിച്ചും, തൊഴിൽ സാധ്യതകളെക്കുറിച്ചും പ്രചരിക്കുന്നത്. എന്നാൽ സത്യാവസ്ഥ അങ്ങനയല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചൂടുപിടിച്ച ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ വംശജനായ ഒരു ടെക്കിയുടെ കഥ.

മുംബൈ സ്വദേശിയായ യുവാവിൻ്റെ സുഹൃത്താണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 50 ലക്ഷം രൂപ വായ്പയെടുത്താണ് യുവാവ് ബിരുദം പൂർത്തിയാക്കിയതെന്നും ഇതുവരെ ഒരു ജോലി പോലും ലഭിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്. "സർവകലാശാലകളെക്കുറിച്ച് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു കഥയാണിത്. എന്റെ സുഹൃത്തിന്റെ സഹോദരനെക്കുറിച്ചുള്ള കഥ. യുഎസിൽ നിന്നും ബിരുദം പൂർത്തിയാക്കി. മുംബൈയിലേക്ക് തിരികെ വിമാനത്തിൽ കയറി. 60,000 ഡോളർ വിലമതിക്കുന്ന ബിരുദം, 50 ലക്ഷം രൂപ കടം, ജോലി ഓഫറുകളുടെ എണ്ണം-പൂജ്യം ,"അവർ എഴുതി.

വിദ്യാർഥിയുടെ വിരമിച്ച പിതാവ്, തൻ്റെ പെൻഷൻ പണം ഉപയോഗിച്ചാണ് പ്രതിമാസം 900 ഡോളർ അതായത് 75,000 രൂപയ്ക്ക് മുകളിൽ ഇഎംഐ അടയ്ക്കുന്നത്. ഇതിനുപുറമെ ആ മനുഷ്യൻ 20,000 രൂപ ശമ്പളത്തിന് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്നുമുണ്ട്.

തുടർന്നുള്ള കുറിപ്പിൽ യുഎസിൽ പഠിക്കാനുദ്ദേശിക്കുന്നവർ ബോധപൂർവം തീരുമാനമെടുക്കാൻ അഭ്യർഥിക്കുകയാണ് യുവതി. " ലോകോത്തര ഗവേഷണം, മെറിറ്റ് നയിക്കുന്ന ടീമുകൾ, സാധ്യതകൾ കൊത്തിയെടുക്കുന്ന മാനേജർമാർ തുടങ്ങി യുഎസിന് ഇപ്പോഴും അവിശ്വസനീയമായ നേട്ടങ്ങളുണ്ട്. എന്നാൽ ഒരിക്കൽ എല്ലാ എസ്‌ടിഇഎം ബിരുദധാരികളെയും ഒപ്പിയെടുത്തിരുന്ന തൊഴിൽ വിപണി ഇപ്പോൾ വേഗത്തിൽ വരണ്ടുപോകുകയാണ്," അവർ കൂട്ടിച്ചേർത്തു.

അമേരിക്കൻ സ്വപ്നത്തെക്കുറിച്ചുള്ള സത്യാവസ്ഥ വ്യക്തമാക്കുന്ന പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ലിങ്ക്ഡ് ഇൻ വിജയകഥകൾ മാത്രം പോര, ഇത്തരം സത്യസന്ധമായ കഥകളും നമുക്കാവശ്യമാണെന്നാണ് ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തത്. "ഇന്ത്യയിൽ വിദ്യാഭ്യാസം നല്ലതാണ്, പക്ഷേ അവർ അവിടെ അവരുടെ തലച്ചോർ ഉപയോഗിക്കാറില്ല. ചിലർ വളരെക്കാലം മുമ്പ് യുഎസിലേക്ക് പോകാൻ തുടങ്ങി, ശമ്പളം, പണം, ജീവിതരീതി എന്നിവയെക്കുറിച്ച് സംസാരിച്ചു, പക്ഷേ അത് വ്യത്യസ്തമായ ഒരു സമയമായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ: ഓരോ വിദ്യാർഥിയും യുഎസിലേക്ക് വന്നാൽ, അവർക്ക് എങ്ങനെ ജോലി ലഭിക്കും??? വിപണി അനിശ്ചിതത്വത്തിലാണ്, പക്ഷേ ആളുകൾക്ക് മനസ്സിലാകുന്നില്ല. 80% മാതാപിതാക്കളും ആഗ്രഹിക്കുന്നത് അവിടെ താമസിക്കാനും അവരുടെ കുട്ടികൾ യുഎസിലാണെന്ന് സമൂഹത്തോട് പറയാനുമാണ്," മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥയെന്നാണ് മറ്റൊരു കമൻ്റ്. കടയുടമ, ക്ലീനർ, പൊടി തൂത്തുവാരൽ, പാറ്റി ബർഗറുകൾ ഉണ്ടാക്കൽ, ഇതെല്ലാമാണ് അവിടെ നിന്നും ലഭിക്കുന്ന ജോലി. 50-60 ലക്ഷം പാഴാക്കി, അവിടെ ചെറിയ ജോലികൾ ചെയ്യാൻ ആളുകൾ നിർബന്ധിതരാകുന്നെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

SCROLL FOR NEXT