കള്ളിമുണ്ടും ഷർട്ടുമൊക്കെ ധരിച്ച് ചെന്നൈയിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന തനി നാട്ടുമ്പുറത്തുകാരനായ സൂര്യയോട് കുശലം പറയുന്നവരെ കണ്ടോ... തമിഴകത്തിൻ്റെ സൂപ്പർ താരങ്ങളായ ചിയാൻ വിക്രമും ധനുഷും സിലമ്പരസനും ഒക്കെയാണ് കൂടെയുള്ളത്. സ്ട്രീറ്റ് ലൈറ്റുകൾക്ക് താഴെ അരണ്ട വെളിച്ചത്തിൽ നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ കണ്ടാൽ പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നാണെന്ന് തോന്നിപ്പോകും... ഇനി അങ്ങനെ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി!
ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച 'നാനോ ബനാന'യുടെ പുതിയ അപ്ഡേറ്റഡ് വേർഷനാണ് ഇപ്പോൾ അവിശ്വസനീയമായ ചിത്രങ്ങളുമായി ലോകത്തെ ഞെട്ടിക്കുന്നത്. ഇൻസ്റ്റഗ്രാം പേജായ 'ഹൂ ഹൂ ക്രിയേഷൻസ് 80' (hoohoocreations80) ആണ് കഴിഞ്ഞ ദിവസം തമിഴകത്തെ സൂപ്പർ താരങ്ങളുടെ ഏഴോളം രാത്രി സഞ്ചാര ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഈ പോസ്റ്റിന് 6.29 ലക്ഷത്തിലേറെ പേരുടെ ലൈക്കുകളും 3400ന് മുകളിൽ ഷെയറുകളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, അജിത് കുമാർ, വിജയ്, വിക്രം, സൂര്യ, വിജയ് സേതുപതി, ധനുഷ്, ശിവകാർത്തികേയൻ എന്നിവരെല്ലാം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാവരും കൂടി നിൽക്കുന്ന എ.ഐ ഗ്രൂപ്പ് ചിത്രങ്ങൾ ഒറിജിനലിനെ വെല്ലുന്നതാണ്.
അമ്പരപ്പിക്കുന്ന തരത്തിലുള്ള നാച്വറൽ ലൈറ്റിങ്ങും കൃത്യതയും, കാഴ്ചയ്ക്ക് മിഴിവുമുള്ള ചിത്രങ്ങളാണ് 'നാനോ ബനാന പ്രോ'യുടെ സവിശേഷത. താരങ്ങളുടെ ഭാവങ്ങളിൽ പോലും ഈ കൃത്യത കാണാനാകും. ചിത്രങ്ങൾ കണ്ട് ഒറിജിനലാണെന്ന് കരുതുന്നവരും ഏറെയാണ്. ലോകേഷ് കനകരാജിൻ്റെ എൽസിയും യൂണിവേഴ്സ് വല്ലതുമാണോ ഇതെന്നാണ് ചിലരുടെ സംശയം.