ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനത്തിലേക്ക് തിരിച്ചെത്തി ഇന്ത്യൻ താരം സ്മൃതി മന്ദാന. സംഗീതസംവിധായകൻ പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് താരം പരിശീലനത്തിലേക്ക് ഇറങ്ങുന്നത്. കല്യാണ ദിവസം പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്മൃതി മന്ദാന- പലാഷ് മുച്ചൽ വിവാഹവും മാറ്റി വെച്ചിരുന്നു. ഇതിന് പിന്നാലെ അഭ്യൂഹങ്ങൾ വ്യാപകമായപ്പോഴാണ് കഴിഞ്ഞ ദിവസം സ്മൃതി തന്നെ വിവാഹം ഒഴിവാക്കിയതായി പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്നീട്, പലാഷ് മുച്ചലും ഇത് സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സ്മൃതിയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു മൊബൈൽ ഫോൺ കമ്പനിയുടെ പരസ്യം പോസ്റ്റ് ചെയ്തതിന് സ്മൃതി നൽകിയ ക്യാപ്ഷനാണ് ശ്രദ്ധ നേടുന്നത്. 'ശാന്തത നിശബ്ദതയല്ല, നിയന്ത്രണമാണ്' എന്നായിരുന്നു പോസ്റ്റിന് നൽകിയ ക്യാപ്ഷൻ. വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റിന് 9 ലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്.
"വിവാഹം റദ്ദാക്കിയതായി എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളും അങ്ങനെ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു,കഴിഞ്ഞ കുറച്ച് ആഴ്ചകളായി എൻ്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, ഈ സമയത്ത് ഞാൻ സംസാരിക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു" എന്നായിരുന്നു വിവാഹം റദ്ദാക്കിയതായി വ്യക്തമാക്കി കൊണ്ടുള്ള സ്മൃതിയുടെ ഇൻസ്റ്റ ഗ്രാം പോസ്റ്റ്.
ആരാധകരോടും പൊതുജനങ്ങളോടും "രണ്ട് കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്നും സ്മൃതി പോസ്റ്റിലൂടെ അഭ്യർഥിച്ചിരുന്നു. നിലവിൽ തൻ്റെ ശ്രദ്ധ വരാനിരിക്കുന്ന അന്താരാഷ്ട്ര സീസണിലേക്കാണെന്നും സ്മൃതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിവാഹം റദ്ദാക്കിയതായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പലാഷ് മുച്ചലും സ്ഥിരീകരിച്ചിരുന്നു.
അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ തൻ്റെ ടീം നിയമനടപടി സ്വീകരിക്കുമെന്നും മുച്ചൽ വ്യക്തമാക്കി. സോഷ്യൽ മീഡിയ ചർച്ചകളുടെയും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രസ്താവന.