വ്ലോഗഡമാർ പങ്കുവെച്ച വീഡിയോയിലെ ദൃശ്യങ്ങൾ Source: Instagram/ @podroznikdowynajecia
SOCIAL

താജ്‌ മഹലിന് സമീപം മാലിന്യകൂമ്പാരം; വീഡിയോ പങ്കുവെച്ച് പോളിഷ് ട്രാവൽ വ്ലോഗർ; സോഷ്യൽ മീഡിയയിൽ ചർച്ച

ഇന്ത്യയുടെ അഭിമാനമായ താജ്‌ മഹലിന് സമീപത്തുള്ള മാലിന്യക്കൂമ്പാരം ഇന്ത്യക്കാർക്ക് അപമാനമാകുകയാണ്

Author : ന്യൂസ് ഡെസ്ക്

മനോഹാരിത കൊണ്ടും നിർമിതി കൊണ്ടും ലോകത്തെമ്പാടുമുള്ള ആളുകളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ആഗ്രയിലെ താജ്‌ മഹൽ. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌ മഹൽ കാണാൻ വർഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് ആഗ്രയിലെത്തുന്നത്. എന്നാൽ ഇന്ത്യയുടെ അഭിമാനമായ താജ്‌മഹലിന് സമീപത്തുള്ള മാലിന്യക്കൂമ്പാരം ഇന്ത്യക്കാർക്ക് അപമാനമാകുകയാണ്.

പോളിഷ് ട്രാവൽ വ്ലോഗറാണ് താജ്‌ മഹലിന് പിന്നിലുള്ള യമുന നദിക്കരയിലെ മാലിന്യക്കൂമ്പാരങ്ങളും മലിനജലവുമുള്ള വീഡിയോ പങ്കുവെച്ചത്. പിന്നാലെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. ഇന്ത്യയുടെ ശുചിത്വത്തെയും ടൂറിസത്തെയും കുറിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചർച്ച.

@podroznikdowynajecia എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ചില ഉപയോക്താക്കൾ പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി. മറ്റുള്ളവർ വീഡിയോ ഇന്ത്യയെക്കുറിച്ചുള്ള നെഗറ്റീവ് സ്റ്റീരിയോടൈപ്പുകൾ ശക്തിപ്പെടുത്തുന്നുവെന്ന് വിമർശിച്ചു.

വീഡിയോയിൽ താജ്‌ മഹലിൻ്റെ പിൻഭാഗത്തുള്ള, മാലിന്യക്കൂമ്പാരങ്ങൾക്കരികിൽ ഒരു കൂട്ടം വിനോദസഞ്ചാരികൾ നിൽക്കുന്നതായി കാണാം. ഒരു സ്ത്രീ സ്കാർഫ് കൊണ്ട് മൂക്ക് മൂടുന്നുണ്ട്. "താജ്‌ മഹൽ എവിടെയാണ്? ഇവിടെ ഭയങ്കരമായി ദുർഗന്ധം വമിക്കുന്നു. ചെന്നൈയേക്കാൾ മോശം," വീഡിയോയിലെ വിനോദസഞ്ചാരികൾ പറയുന്നു.

വീഡിയോ ഇന്ത്യയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ചിലരുടെ വാദമെങ്കിലും, രാജ്യത്തെ അപകീർത്തിപ്പെടുത്തുക എന്നതല്ല തങ്ങളുടെ ഉദ്ദേശ്യമെന്ന് വ്ലോഗർമാർ അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. "ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. ലോകത്തിന്റെ ഈ മഹത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇന്ത്യയിൽ വൃത്തിയുള്ളതും മനോഹരവുമായ നിരവധി സ്ഥലങ്ങളുണ്ട്. ഇന്ത്യയുടെ മികച്ച വശത്തിന്റെ വീഡിയോകൾ പങ്കിടാൻ ഞങ്ങൾ ഉടൻ തന്നെ തിരിച്ചെത്തും," അവർ കുറിച്ചു.

വീഡിയോ പുറത്തുവന്നതോടെ മെച്ചപ്പെട്ട മാലിന്യ സംസ്കരണവും പൗരബോധവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ രംഗത്തെത്തി. ചിലർ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ വൃത്തിയാക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്നും അഭിപ്രായപ്പെട്ടു.

എന്നാൽ മാലിന്യം അന്വേഷിച്ച് പോകുന്നതെന്തിനാണെന്ന ചോദ്യവും ഉപയോക്താക്കൾ ഉയർത്തി. "ചില സ്ഥലങ്ങൾ വൃത്തിഹീനമാണെന്ന് എനിക്ക് മനസ്സിലായി. പക്ഷേ എന്തിനാണ് വൃത്തികേടുകൾ അന്വേഷിക്കുന്നത്? റോഡുകളില്ലാത്തിടത്തേക്ക് പോകുന്നത് എന്തിനാണ്? ദുർഗന്ധത്തിന്റെ പിന്നാലെ പോകുന്നത് എന്തിനാണ്? വൃത്തികെട്ട സ്ഥലത്ത് പോയി അവിടെ ഇരുന്ന് ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെടുന്നത് പോലെയാണിത്. മാലിന്യക്കൂമ്പാരങ്ങൾ സന്ദർശിക്കാതെ, നല്ല സ്ഥലങ്ങൾ സന്ദർശിക്കുക."ഒരു ഉപോക്താവ് കമൻ്റ് ബോക്സിൽ കുറിച്ചു.

SCROLL FOR NEXT