ഭക്ഷണത്തിലൂടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. പലപ്പോഴും പഴകിയ ഭക്ഷണം മുതൽ അതിലെ ചേരുവകൾ വരെ ആളുകളെ പല തരത്തിലാണ് ബാധിക്കുക. അലർജി മുതൽ ഗുരുതര രോഗങ്ങൾ വരെ പിടിപെടാൻ സാധ്യതയുണ്ട്. ഇനി ചില ഭക്ഷണശീലങ്ങളാകട്ടെ മനുഷ്യരെ നിത്യരോഗികളാക്കി മാറ്റുകയും ചെയ്യും.
ഇതൊന്നുമല്ലാതെ ഭക്ഷണം കഴിക്കാൻ തുറന്ന വായ അടയ്ക്കാൻ പറ്റാതെ പെട്ടുപോയ ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഒരു ഗോൽഗപ്പ കഴിക്കാൻ വായ തുറന്നതാണ് പിന്നെ വായടയ്ക്കാൻ കഴിഞ്ഞില്ല. ഒരു വിധം പണിപ്പെട്ട് ശരിയാക്കിയെങ്കിലും അതേ പ്രശ്നം വീണ്ടും വീണ്ടും അലട്ടുകയായിരുന്നു എന്ന് പാകിസ്ഥാനിൽ നിന്നുള്ള യുവതി വിശദീകരിക്കുന്നു.
പിന്നീടങ്ങോട്ട് വായ അടയ്ക്കാനും തുറക്കാനും ചില ബുദ്ധിമുട്ടുകളെല്ലാം അനുഭവിക്കേണ്ടി വന്നു. മാത്രമല്ല വായ അടയ്ക്കുമ്പോഴും തുറക്കുമ്പോഴും പ്രത്യേകം ശബ്ദങ്ങളും കേൾക്കാൻ തുടങ്ങി. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്.
ഒടുവിൽ ഒരു ശസ്ത്രക്രിയയാണ് ഡോക്ടർ നിർദേശിച്ചത്. 2019ൽ ഗോൽഗപ്പ കഴിച്ചപ്പോഴുണ്ടായ പ്രശ്നം പരിഹരിക്കാൻ ആറ് വർഷങ്ങൾക്ക് ശേഷം അവർക്ക് ശസ്ത്രക്രിയ വേണ്ടി വരികയായിരുന്നു. അഭിഹ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. ചെറിയ ആരോഗ്യ പ്രശ്നങ്ങളാണ് എന്ന് കരുതി ഒന്നും നിസാരമായി അവഗണിക്കരുത് എന്നാണ് അഭിഹ പറയുന്നത്.
അഭിഹയുടെ പോസ്റ്റിനോട് നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. ടെമ്പോറോമാണ്ടിബുലാർ ജോയിന്റ് ഡിസോർഡർ (TMJ Disorder, താടിയെല്ല് ലോക്കാവുകയും മറ്റും ചെയ്യുന്ന അവസ്ഥ) എന്ന അവസ്ഥ ആയിരുന്നിരിക്കാം എന്ന് ചിലർ പറഞ്ഞു. വായ തുറക്കുകയും അടക്കുകയും ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും, ഒരു ആരോഗ്യ പ്രശ്നത്തേയും അവഗണിക്കരുതെന്നും ചിലർ കമന്റ് ചെയ്തു.