ബെംഗളൂരു: മെട്രോ നഗരമായ ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ ലംബോർഗിനിയുമായി അഭ്യാസ പ്രകടനം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത് പൊലീസ്. ശനിയാഴ്ച പുലർച്ചെയാണ് എം.ജി റോഡിലെ അനിൽ കുംബ്ലെ ജംങ്ഷനിൽ വച്ച് ആഡംബര കാറുമായി ഡ്രിഫ്റ്റിങ് ഉൾപ്പെടെ നടത്തിയത്.
നടുറോഡിലൂടെ മറ്റു വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നതിന് ഇടയിലാണ് ഇത്തരമൊരു നിയമലംഘനം അരങ്ങേറിയത്. സംഭവം പൊലീസിൻ്റെ സർവൈലൻസ് ക്യാമറയിലാണ് പതിഞ്ഞത്. നിരവധി വഴിയാത്രക്കാരും ഞെട്ടലോടെയാണ് ഈ കാഴ്ചകൾ കണ്ടുനിന്നത്.
വാഹനത്തിൻ്റെ രജിസ്ട്രേഷൻ നമ്പർ പ്രകാരം ബെംഗളൂരുവിലെ കബോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവുമുള്ള നിരവധി വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. വാഹനം ഓടിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.