

ഡൽഹി: രൺവീർ സിങ്ങിൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു 'ധുരന്ധർ'. ആയിരം കോടിയിലേറെ കളക്ഷൻ നേടിയ ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയായാണ് 'ധുരന്ധർ: ദി റിവഞ്ച്' വ്യാഴാഴ്ച തീയേറ്ററുകളിലെത്തിയത്. എന്നാൽ സിനിമയുടെ ആദ്യത്തെ ചില സ്ക്രീനിങ്ങുകൾക്ക് പിന്നാലെ സിനിമയ്‌ക്കെതിരെ വ്യാപക വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ആദ്യത്തെ ഭാഗമൊരുക്കിയത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണെങ്കിൽ രണ്ടാമത്തെ ഭാഗത്തിൽ അനാവശ്യമായ രാഷ്ട്രീയം കുത്തിനിറച്ചതാണ് കാഴ്ചക്കാരുടെ നെറ്റി ചുളിപ്പിക്കുന്നത്. ഇത്തരമൊരു പ്രൊപ്പഗാണ്ട ചിത്രമൊരുക്കിയ സംവിധായകൻ ആദിത്യ ധർ ആദ്യം ബിജെപിയിൽ അംഗത്വമെടുക്കുകയാണ് വേണ്ടതെന്നാണ് സിനിമാ നിരൂപകൻ അഭിസർ ശർമയുടെ വിമർശനം.
രാജ്യത്ത് മോദി സർക്കാരിനെ ഏറെ വിമർശനം കേൾപ്പിച്ച നോട്ട് നിരോധനത്തെ പച്ചയ്ക്ക് വെളിപ്പിച്ചെടുക്കുക എന്ന പണി ഈ സിനിമയും പിന്നണി പ്രവർത്തകരും ഏറ്റെടുത്തിട്ടുണ്ടെന്നും അഭിസർ ശർമ ചൂണ്ടിക്കാട്ടുന്നു. ധുരന്ധറിൻ്റെ ആദ്യത്തെ ഭാഗം ക്ലാസ് ആയിരുന്നുവെങ്കിൽ, രണ്ടാം ഭാഗം പ്രൊപ്പഗാണ്ട കുത്തിനിറച്ച് അതിൻ്റെ ആത്മാവ് നശിപ്പിച്ചെന്നാണ് നിരൂപകൻ ചൂണ്ടിക്കാട്ടുന്നത്.
സിനിമയിൽ പല കഥാപാത്രങ്ങളുടെയും പേരുകൾ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുമായി സാമ്യം ഉള്ളതാണെങ്കിലും മറ്റു പേരുകളിലാണ് സിനിമയിൽ കാണിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷ്വലുകൾ പലതവണ സ്ക്രീനിൽ വന്നു പോകുന്നുണ്ടെന്നതും അതേ പേരിൽ തന്നെയാണ് കാണിക്കുന്നതെന്നതും അരോചകമായെന്നും അഭിസർ ശർമ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ധുരന്ധർ രണ്ടാം ഭാഗത്തിൽ നായകൻ നരേന്ദ്ര മോദി ആണെന്നും പരിഹാസം നിറഞ്ഞ ട്രോളുകൾ ഉയരുന്നുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയേയും പോപ്പുലർ ഫ്രണ്ടിനേയും ചേർത്തുവച്ച് സിനിമയിൽ കേരളത്തെക്കുറിച്ചും ഒരു പരാമർശം ഉയരുന്നുണ്ട്. "കേരളം മുഴുവൻ തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണാണെന്ന" തരത്തിലുള്ള കേരള സ്റ്റോറി 1, 2 സിനിമകളുടെ ചുവടുപിടിച്ചുള്ള തെറ്റായ ഒരു പ്രൊപ്പഗാണ്ടയും 'ധുരന്ധർ 2' മുന്നോട്ടുവയ്ക്കുന്നുണ്ട്.
'ധുരന്ധർ 2'ലെ നോട്ട് നിരോധനത്തെ പരിഹസിച്ച് കൊണ്ട് നിരവധി ട്രോൾ വീഡിയോകളും മീമുകളും സോഷ്യൽ മീഡിയയിൽ പറപറക്കുന്നുണ്ട്. നോട്ടിലെ ജിപിഎസ് ലൊക്കേഷൻ കാണിക്കുന്ന ചിപ്പിനെ കുറിച്ചുള്ള പരാമർശം കൂടി സിനിമയിൽ ഉൾപ്പെടുത്താൻ സംവിധായകൻ മറന്നു പോയെന്നും പരിഹാസം തുടരുന്നുണ്ട്.
നോട്ട് നിരോധനത്തിന് എതിരെ സമൂഹം കാർക്കിച്ചു തുപ്പുമ്പോൾ ഇത്തരം പ്രൊപ്പഗാണ്ട സിനിമകൾ പടച്ചുവിടുന്നത് മാത്രമാണ് മോദി ആരാധകരുടെ ഇനിയുള്ള ഏക പോംവഴിയെന്നും വിമർശനം ഉയരുന്നുണ്ട്.