32 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ ഒരു ഒളിംപിക് വേദിയിൽ മെഡൽ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. നദീം അർഷദിന്റെ സ്വർണ നേട്ടത്തോടെ പാരിസിൽ പിറന്നത് പുതു ചരിത്രം. ഒളിംപിക് ചരിത്രത്തിൽ പാകിസ്താൻ നേടുന്ന ആദ്യ സ്വർണ മെഡൽ കൂടിയാണിത്. 2020 ടോക്യോ ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവും ഇന്ത്യയുടെ ചാംപ്യൻ താരവുമായ നീരജ് ചോപ്രയെ മറികടന്നാണ് നദീം ചരിത്രം കുറിച്ചത്.
ഫൈനലില്‍ രണ്ട് തവണയാണ് നദീം 90 മീറ്ററിന് മുകളില്‍ എറിഞ്ഞത്. 92.97 എന്ന ഒളിംപിക് റെക്കോര്‍ഡും കരിയര്‍ ബെസ്റ്റും സ്വന്തമാക്കിയാണ് ഈ നേട്ടമെന്നത് വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ജാവലിന്‍ ചരിത്രത്തിലെ ആറാമത്തെ മികച്ച ദൂരമാണിത്. തന്റെ രണ്ടാം ശ്രമത്തില്‍ നദീം ഉയര്‍ത്തിയ റെക്കോര്‍ഡ് നേട്ടം മറികടക്കുക എന്നത് നീരജിന് ഉള്‍പ്പെടെ എല്ലാ മത്സരാര്‍ഥികള്‍ക്കും കനത്ത വെല്ലുവിളിയായി. നീരജ് എറിഞ്ഞതിൽ ഒരു ത്രോ ഒഴിച്ചു നിർത്തിയാൽ മറ്റെല്ലാം ഫൗളായിരുന്നു. അതാകട്ടെ, 89.45 ദൂരം പിന്നിട്ട് വെള്ളി മെഡല്‍ നേട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. യോഗ്യതാ റൗണ്ടില്‍ നീരജിന്റെ ത്രോ 89.34 മീറ്റര്‍ പിന്നിട്ട് ഒന്നാമതെത്തിയിരുന്നു. ശേഷമായിരുന്നു നീരജിന്റെ ഫൈനൽ പ്രവേശനം.
88, 72, 79.40, 84.87, 91.79 മീറ്റേഴ്‌സ് എന്നിങ്ങനെയാണ് നദീം മറ്റ് ശ്രമങ്ങളില്‍ കണ്ടെത്തിയ ദൂരം. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രെനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് വെങ്കലം. നദീമും നീരജും മുന്‍പ് പത്തുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും നീരജായിരുന്നു മുന്നില്‍. ടോക്യോയിലും നദീം മത്സരിച്ചിരുന്നെങ്കിലും മെഡല്‍ നേടാനായിരുന്നില്ല. നാലാം സ്ഥാനത്തായിരുന്നു. ടോക്യോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയിരുന്നത്.