CRICKET

പാകിസ്ഥാനെതിരെ ചോർന്ന് ഇന്ത്യൻ കൈകൾ; നിർണായക മത്സരത്തിൽ ക്യാച്ചുകൾ തുലച്ച് നീലപ്പട

ആദ്യ ഓവറിൽ ഫഖർ സമാൻ്റെ അനായാസമായ ക്യാച്ച് ആദ്യം കൈവിട്ടത് അഭിഷേക് ശർമയാണ്

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ ഫോർ മാച്ചിൽ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യൻ ഫീൽഡർമാർ. ഉറച്ച മൂന്ന് ക്യാച്ചുകൾ നഷ്ടപ്പെടുത്തി മത്സരത്തിൽ പിടിമുറുക്കാൻ പാകിസ്ഥാന് ഇന്ത്യൻ ഫീൽഡർമാർ അവസരമൊരുക്കുന്ന നിരാശാജനകമായ കാഴ്ചയാണ് ഇന്ത്യൻ ആരാധകർ കണ്ടത്.

തുടക്കത്തിലേ രണ്ട് നിർണായക ക്യാച്ച് അവസരങ്ങൾ ഇന്ത്യൻ ഫീൽഡർമാർ തുലയ്ക്കുന്ന കാഴ്ചയാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ ഓവറിൽ ഫഖർ സമാൻ്റെ അനായാസമായ ക്യാച്ച് ആദ്യം കൈവിട്ടത് അഭിഷേക് ശർമയാണ്. മുന്നോട്ട് ഡൈവ് ചെയ്തു പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും പന്ത് വരുതിയിലാക്കാൻ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർക്കായില്ല.

പിന്നീട് വരുൺ ചക്രവർത്തി എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ പാക് ഓപ്പണർ സയീം അയൂബിൻ്റെ സ്വീപ് ഷോട്ടിനിടെ കുൽദീപ് യാദവാണ് അനായാസമായ ക്യാച്ച് നിലത്തിട്ടത്. അനായാസമായ ക്യാച്ചാണ് കുൽദീപ് നിലത്തിട്ടത്.

പിന്നീട് വരുൺ ചക്രവർത്തി എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തിലും കുൽദീപ് ബൗണ്ടറി ലൈനിൽ വച്ച് ദുഷ്ക്കരമായൊരു ക്യാച്ച് കൈവിട്ടു. അഭിഷേകിൻ്റെ കൈയ്യിൽ തട്ടിത്തെറിച്ചാണ് പന്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് വീണത്. ഇതോടെ ഇന്ത്യക്ക് സിക്സറും വഴങ്ങേണ്ടി വന്നു.

എന്നാൽ ശിവം ദുബെ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തിൽ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ ഇന്ത്യക്ക് മത്സരത്തിലേക്ക് തിരിച്ചെത്താൻ അവസരമൊരുക്കാനും അഭിഷേകിനായി. രണ്ട് ക്യാച്ചുകൾ നേരത്തെ കൈവിട്ടതിൻ്റെ ഫ്രസ്ട്രേഷൻ താരത്തിൻ്റെ മുഖത്ത് കാണാനായിരുന്നു. 21 റൺസെടുത്ത സയീം അയൂബാണ് പുറത്തായത്.

പിന്നീട് ഹുസൈൻ തലാടിനെ വരുൺ ചക്രവർത്തിയുടെ കൈകളിലെത്തിച്ച് കുൽദീപ് ഇന്ത്യക്ക് നാലാം വിക്കറ്റ് സമ്മാനിച്ചു.

SCROLL FOR NEXT