ദുബായ്: ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോറിലെ മത്സരത്തിനിടെ ഗ്രൗണ്ടിൽ തുറന്ന വാക്പോരുമായി ഇന്ത്യ-പാക് താരങ്ങൾ. പാകിസ്ഥാൻ്റെ 171 റൺസിന് മറുപടിയായി ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയിരുന്നു.
ഇതിന് പിന്നാലെ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയുമായി വാഗ്വാദത്തിലേർപ്പെട്ടു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പിന്നാലെ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫും അഭിഷേക് ശർമ്മയും തമ്മിലും രൂക്ഷമായ വാഗ്വാദമുണ്ടായി. അഞ്ചാം ഓവറിലുടനീളം റൗഫും അഭിഷേകും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ അംപയർ ഗാസി സോഹലിന് തർക്കത്തിൽ ഇടപെടേണ്ടി വന്നു.
അഞ്ചാം ഓവറിൻ്റെ അവസാന പന്തിൽ ബൗണ്ടറി നേടിയ ശേഷം ശുഭ്മാൻ ഗിൽ പോലും റൗഫിനോട് കയർത്തു സംസാരിക്കുന്നത് കാണാമായിരുന്നു. നേരത്തെ, പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയുമായി ഗിൽ മൈതാനത്ത് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.